ADVERTISEMENT

ദേഹത്ത് ഒരു ഇലാസ്റ്റിക് ചരട് ഘടിപ്പിച്ച ശേഷം, ഉയരമുള്ള ഏതെങ്കിലും സ്ഥലത്ത് നിന്നു താഴേക്ക് ചാടുന്ന സാഹസിക വിനോദമാണ്‌ ബൻജി ജംപിങ്. കേരളത്തില്‍ ആലപ്പുഴ, വയനാട്, മൂന്നാര്‍ തുടങ്ങിയ പലയിടങ്ങളിലും ബൻജി ജംപിങ് ഉണ്ട്. എത്ര സാഹസികനായ ആളാണെങ്കിലും ബൻജി ജംപിങ് ചെയ്യാന്‍ കുറച്ചു ധൈര്യം കൈമുതലായി വേണം. കാരണം, വളരെ അപകടസാധ്യതയുള്ള ഒരു കായിക വിനോദമാണ്‌ ഇത് എന്നതു തന്നെ. ചാട്ടം പിഴയ്ക്കുകയോ, ചരടിന്‍റെ നീളത്തിൽ ശരിയായ ധാരണയില്ലെങ്കിലോ ഉപകരണങ്ങള്‍ക്കോ പ്ലാറ്റ്ഫോമിനോ തകരാറുകള്‍ പറ്റുകയോ മറ്റോ ചെയ്താല്‍ അപകടം സംഭവിക്കാം. അതുകൊണ്ടുതന്നെ, പലരും ആഗ്രഹമുണ്ടെങ്കിലും ഒരുപടി പുറകോട്ടു നില്‍ക്കാറുണ്ട്.

Image Credit : Shutterstock/Salienko Evgenii
Image Credit : Shutterstock/Salienko Evgenii

ഇങ്ങനെയുള്ളവര്‍ക്കു വേണ്ടി ചൈനാക്കാര്‍ കണ്ടുപിടിച്ച, ബൻജി ജംപിങ്ങിന്റെ ഒരു പതിപ്പാണ്‌ 'കവേഡ്‌ലി ബൻജി ജംപിങ്'. അധികം വേഗതയോ ഉയരമോ ഇല്ലാതെ ചാടുന്ന ഈ രീതി, പേടിയുള്ളവര്‍ക്കു ടെന്‍ഷന്‍ ഇല്ലാതെ ആസ്വദിക്കാം.

VisualCommunications | iStock
VisualCommunications | iStock

കിഴക്കൻ ചൈനയിൽ, ഷെജിയാങ്ങിലെ ആൻജി കൗണ്ടിയിലാണ് ഈ വിനോദം ഉള്ളത്. അവതരിപ്പിച്ച് അല്‍പ്പനാളുകള്‍ക്കുള്ളില്‍ തന്നെ ഈ സ്ലോ മോഷൻ പതിപ്പ് ഓണ്‍ലൈനില്‍ പെട്ടെന്ന് വൈറലായി. അതോടെ ഇവിടേക്ക് ആളുകളുടെ പ്രവാഹവും ആരംഭിച്ചു. 

ഇന്ത്യയില്‍ ബൻജി ജംപിങ് ഇടങ്ങള്‍

1. ഋഷികേശ്

സാഹസിക പ്രവർത്തനങ്ങളുടെ ബാഹുല്യം കാരണം ഋഷികേശിനെ "ഇന്ത്യയുടെ സാഹസിക തലസ്ഥാനം" എന്നാണ് വിളിക്കുന്നത്. ഇവിടുത്തെ ആവേശകരമായ സാഹസിക കായിക വിനോദങ്ങളിലൊന്നാണ് ബൻജി ജംപിങ്. നഗരത്തിൽ നിന്ന് 52 ​​കിലോമീറ്റർ അകലെയുള്ള  മോഹൻചെട്ടിയില്‍, 'ജമ്പിൻ ഹൈറ്റ്സ്' എന്ന പേരിൽ അറിയപ്പെടുന്ന ഒരു സംഘടനയാണ് ഇത് നടത്തുന്നത്, മുൻ ആർമി ഓഫീസർമാരാണ് ഇതിന്‍റെ നടത്തിപ്പുകാര്‍. 

83 മീറ്റർ ഉയരത്തിൽ നിന്നും ചാടുന്ന, ഇന്ത്യയിലെ ഏറ്റവും ഉയർന്ന ബൻജി ജംപിങ് ജമ്പിൻ ഹൈറ്റ്സ് വാഗ്ദാനം ചെയ്യുന്നു. ഒരാള്‍ക്ക് 3,500 രൂപ മുതലാണ്‌ ഇതിനുള്ള നിരക്ക്.

2. ലോണാവാല

ലോണാവാലയിലെ 'ഡെല്ല അഡ്വഞ്ചേഴ്സ്' എന്ന സാഹസിക പാർക്കിലാണ് ബൻജി ജംപിങ് ഒരുക്കുന്നത്. ഇവിടെ 150 അടി ഉയരത്തിൽ നിന്നുള്ള ചാട്ടം, ഏകദേശം 7-10 മിനിറ്റ് നീണ്ടുനിൽക്കും. 

10 വയസ്സിന് മുകളിലുള്ള, 35 കിലോയിൽ കൂടുതൽ ഭാരമുള്ളവർക്ക് ബൻജി ജംപിങ് ചെയ്യാം. 

3. ബെംഗളൂരു

ബാംഗ്ലൂരിലെ സെൻ്റ് മാർക്ക്സ് റോഡിലുള്ള ഓസോൺ അഡ്വഞ്ചേഴ്‌സ് ആണ് ഈ വിനോദം ഒരുക്കുന്നത്.  130 അടി ഉയരമുള്ള മൊബൈൽ ക്രെയിനിലാണ് ബൻജി ജംപിങ് ഉപകരണങ്ങള്‍ ഘടിപ്പിച്ചിരിക്കുന്നത്. 18 നും 80 നും ഇടയിൽ പ്രായമുള്ള ആളുകൾക്ക് മാത്രമേ ഇവിടെ ബൻജി ജംപിങ് ചെയ്യാനാവൂ. ഒരാൾക്ക് 400 രൂപയാണ് നിരക്ക്.

4. ന്യൂഡല്‍ഹി

സൗത്ത് ഡല്‍ഹിയില്‍ വാണ്ടർലസ്റ്റ് എന്ന കമ്പനിയാണ് ബൻജി ജംപിങ് ഒരുക്കുന്നത്. ഇവിടെയുള്ള എല്ലാ ഉപകരണങ്ങളും ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്തതാണ്, കൂടാതെ എല്ലാ ജീവനക്കാരും ജർമനിയിൽ നിന്ന് പരിശീലനം നേടിയവരാണ്. ഉപകരണങ്ങൾ 130 അടി ഉയരമുള്ള ക്രെയിനിൽ ഘടിപ്പിച്ചിരിക്കുന്നു. ഒരാള്‍ക്ക് 1500 രൂപയാണ് നിരക്ക്.

5. ഗോവ

ഗോവയിലെ ഏറ്റവും പ്രശസ്തമായ ബീച്ചുകളിൽ ഒന്നായ കലാൻഗുട്ടിനടുത്തുള്ള അഞ്ജുന ബീച്ചിന് സമീപം സ്ഥിതി ചെയ്യുന്ന ഗ്രാവിറ്റി സോണിൽ ബൻജി ജംപിങ്ങിനു പോകാം. യുഎസ് ആസ്ഥാനമായുള്ള സ്‌പോർട്‌സ് ടവർ ഇങ്ക് എന്ന കമ്പനി ആണ് ഇവിടെ ബൻജി ജംപിങ് ഒരുക്കുന്നത്. 

ഗ്രാവിറ്റി സോണിനു പുറമെ, അറ്റ്‌ലാന്റിസ് വാട്ടർ സ്‌പോർട്‌സ്, ബാഗയിൽ സ്ഥിതി ചെയ്യുന്ന സ്കൈ ഹൈ ബംഗി, പനാജിയിലെ ലാഗോവ അസുൽ ഗോവ ബീച്ച് ഹോട്ടൽ എന്നിവയുൾപ്പെടെയുള്ള ഇടങ്ങളും ഗോവയില്‍ ഈ വിനോദം ഒരുക്കുന്നുണ്ട്‌. 

6. ജഗദൽപൂർ

ഛത്തീസ്ഗഡിലാണ് ഈ ബൻജി ജംപിങ് സ്പോട്ട് സ്ഥിതി ചെയ്യുന്നത്. വെറും മുപ്പതു മീറ്റര്‍ ഉയരത്തില്‍ നിന്നുള്ള ചാട്ടമാണിത്. ഒരാള്‍ക്ക് ചെലവ് മുന്നൂറു രൂപയാണ്.

English Summary:

Discover the Rising Trend of 'Cowardly Bungee Jumping' for the Timid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com