ഗോവയിലേക്കൊരു ഫാമിലി ട്രിപ്പ്, യാത്രാ ചിത്രങ്ങളുമായി സമീറ റെഡ്‌ഡി
Mail This Article
മനസ്സിനും ശരീരത്തിനും സന്തോഷവും ഉണർവും നൽകും മഴയെ കൂടെകൂട്ടിയുള്ള യാത്രകൾ. അത്തരമൊരു യാത്രയിലൂടെ മോഹിപ്പിക്കുകയാണ് വാരണം ആയിരം എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയുടെ മനസ്സിൽ ഇടം പിടിച്ച സമീറ റെഡ്‌ഡി. മക്കളെയും മാതാവിനെയും കൂട്ടിയുള്ള ആ ''ഫാമിലി ട്രിപ്പ്'' കാഴ്ചക്കാരിലും ആഹ്‌ളാദം നിറയ്ക്കും. ഗോവയിലെ ഹാർവലേം എന്ന വെള്ളച്ചാട്ടവും മഴവില്ലും ചൂട് ചായയും വഴിയോരക്കടയിലെ ചോളവും നൂഡിൽസുമൊക്കെ ആ യാത്രക്കു രസം പകരുന്നുണ്ട്.
നിരവധി വെള്ളച്ചാട്ടങ്ങൾ ഗോവയുടെ സൗന്ദര്യത്തിനു മാറ്റുകൂട്ടുണ്ടെങ്കിലും അതിലേറെ മനോഹരമായ ഒന്നാണ് ഹാർവലേം.അമ്പതു മീറ്റർ ഉയരത്തിൽ നിന്നാണ് ഇത് താഴേക്ക് പതിക്കുന്നത്. ഏഴു മീറ്ററാണ് വെള്ളച്ചാട്ടത്തിന്റെ വീതി. മഴക്കാലത്ത് കൂലംകുത്തിയൊഴുകുമ്പോൾ വെള്ളച്ചാട്ടത്തിന്റെ ഭാവം രൗദ്രമെങ്കിലും താഴേയ്ക്ക് പതഞ്ഞൊഴുകുന്നതു കാണുമ്പോൾ കാഴ്ച അദ്ഭുതത്തിലേക്കു വഴിമാറും. ഗോവയിലെ വളരെ പ്രസിദ്ധമായ ദൂത്‌സാഗർ വെള്ളച്ചാട്ടത്തിന്റെ അത്രയും മനോഹാരിത അവകാശപ്പെടാൻ കഴിയുകയില്ലെങ്കിലും വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന, അപകടസാധ്യത തീരെയില്ലാത്ത, സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമെല്ലാമൊപ്പം ആസ്വദിക്കാൻ കഴിയുന്ന ഒന്നാണ് ഹാർവലേം വെള്ളച്ചാട്ടം.
വടക്കൻ ഗോവയിലെ മാപുസയിലാണ് അർവാലേം അല്ലെങ്കിൽ ഹാർവലേം എന്ന പേരിൽ അറിയപ്പെടുന്ന വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇതിനു സമീപത്തായി സ്ഥിതി ചെയ്യുന്നത് ബിച്ചോലിം എന്ന ഗ്രാമമാണ്. ഗോവയുടെ തലസ്ഥാനമായ പനാജിയിൽ നിന്നും മാപുസയിൽ എത്തിച്ചേരാനായി പൊതുഗതാഗത സൗകര്യമുണ്ട്. മഴക്കാലത്താണ് ഈ വെള്ളച്ചാട്ടത്തിന്റെ യഥാർത്ഥ സൗന്ദര്യം ആസ്വദിക്കാൻ കഴിയുക. വേനൽക്കാലത്തും ശീതക്കാലത്തും വെള്ളിനൂലുപോലെ മാത്രമായിരിക്കും വെള്ളം താഴേക്ക് ഒഴുകുക. എന്നാൽ നീന്താനും മറ്റുമായി എത്തുന്നവർക്ക് തടാകത്തിൽ അപകടകരമല്ലാതെ, വിനോദങ്ങളിൽ ഏർപ്പെടാൻ കഴിയും.
കടലും പഞ്ചാരമണലിന്റെ പൊൻശോഭയിൽ തിളങ്ങുന്ന ബീച്ചുകളും മാത്രമല്ല, ഗോവയുടെ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്നത്. പച്ചപ്പിന്റെ നിഗൂഢ സൗന്ദര്യം ഒളിപ്പിച്ച വനങ്ങളും ആ കൊച്ചു സംസ്ഥാനത്തിലുണ്ട്. വലിയ മതിൽക്കെട്ടുകൾ പോലെ ഉയർന്നുനിൽക്കുന്ന കരിമ്പാറകളും വൻവൃക്ഷങ്ങളുമൊക്കെയാണ് ഹാർവലേം വെള്ളച്ചാട്ടത്തിന്റെ മനോഹാരിത വർധിപ്പിക്കുന്നത്. ഇതിനു സമീപത്തായി തന്നെ ഒരു പാർക്കും സ്ഥിതി ചെയ്യുന്നുണ്ട്. അധികൃതർ കൃത്യമായ രീതിയിൽ പരിപാലിക്കുന്നത് കൊണ്ട് തന്നെ സന്ദർശകർക്ക് യാതൊരു ബുദ്ധിമുട്ടുകളുമില്ലാതെ വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാൻ കഴിയും.
ഹാർവലേം വെള്ളച്ചാട്ടത്തിനു സമീപത്തായുള്ള പാറക്കെട്ടുകളിൽ പുരാണത്തിൽ പാണ്ഡവർ പന്ത്രണ്ടു വർഷത്തെ വനവാസക്കാലത്തു താമസിച്ചതെന്നു കരുതപ്പെടുന്ന ഒരു ഗുഹ കാണുവാൻ കഴിയും. ഈ കഥയ്‌ക്കൊപ്പം തന്നെ ബുദ്ധസന്യാസിമാരുടേതാണ് ഈ ഗുഹയെന്നും പറയപ്പെടുന്നുണ്ട്. ഇതിനു സമീപത്തായി തന്നെയാണ് രുദ്രേശ്വർ ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. വെള്ളച്ചാട്ടത്തിനു മറുവശത്തുള്ള കൽപ്പടവുകൾ കയറി ചെല്ലുന്നതു ക്ഷേത്രത്തിലേക്കാണ്. സമീപത്തു തന്നെ ഒരു പാലവും സ്ഥിതി ചെയ്യുന്നു.
ചരിത്രപരമായും ഏറെ പ്രാധാന്യമുള്ള ഒരിടം കൂടിയാണ് ഹാർവലേം. ഇവിടെ കാണുന്ന ഗുഹ ആറാം നൂറ്റാണ്ടിലേതാണെന്നാണ് കരുതപ്പെടുന്നത്. ബ്രിട്ടീഷ് കോളനി ഭരണകാലത്ത് രജപുത്ര സൈനികരെ പിടിച്ചുകൊണ്ടു കൊണ്ടുവന്നു പാർപ്പിച്ചയിടമായിരുന്നു എന്ന കുപ്രസിദ്ധിയും ഈ സ്ഥലത്തിനുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിലെ ഇന്ത്യയുടെ സ്വതന്ത്ര സമര സമയത്തു ഇവിടമൊരു പ്രധാന കേന്ദ്രമായിരുന്നു എന്നും പറയപ്പെടുന്നു. വിനോദത്തിനു മാത്രമല്ലാതെ ഇവിടെയെത്തുന്നവർ ധാരാളമുണ്ട്. ചരിത്രാന്വേഷികൾക്കും പുരാവസ്തു ഗവേഷകർക്കും ഇവിടമൊരു വിജ്ഞാന സ്രോതസുകൂടിയാണ്.