ADVERTISEMENT

രാജസ്ഥാനിലൂടെ യാത്ര ചെയ്യുമ്പോൾ, അല്ലെങ്കിൽ ജയ്പുരിലേയും ഉദയ്പുരിലേയുമൊക്കെ കൊട്ടാരങ്ങൾ കാണുമ്പോൾ ഇവിടെയൊക്കെ ഒരു രാത്രി എങ്കിലും ചെലവഴിക്കാൻ സാധിച്ചിരുന്നുവെങ്കിൽ എന്ന് ആശിക്കാത്തവരുണ്ടാകില്ല. ഒരു കാലത്ത് പ്രൗഡ ഗാംഭീര്യത്തോടെ രാജാവും കുടുംബവുമെല്ലാം വസിച്ചിരുന്ന ഒരു കൊട്ടാരം നിങ്ങൾക്കു താമസിക്കാൻ കിട്ടിയാൽ എങ്ങനെ ഉണ്ടാകും. ഇനി അത്തരമൊരു കൊട്ടാരത്തിന്റെ പശ്ചാത്തലത്തിൽ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നായ വിവാഹം നടത്താൻ അവസരം ലഭിച്ചാലോ. ബോളിവുഡ് പ്രണയ ജോഡികളായ സിദ്ധാർത്ഥ്-കിയാര വിവാഹം കണ്ടിട്ടുള്ളവരിൽ ചിലരെങ്കിലും അത്തരമൊരു വർണാഭമായ, രാജകീയ വിവാഹവേദി സ്വപ്നം കണ്ടിട്ടുണ്ടാകും. എങ്കിൽ അത്തരമൊരു വിവാഹവേദിയോ അല്ലെങ്കിൽ ഒരു പാലസിൽ രാവുറങ്ങണമെന്ന ആഗ്രഹമോ ഉള്ളവരാണ് നിങ്ങളെങ്കിൽ ഇനി പറയുന്ന കൊട്ടാരങ്ങളിലൊന്ന് തിരഞ്ഞെടുക്കാം. നിങ്ങളുടെ സ്വപ്നത്തെ യാഥാർഥ്യമാക്കാൻ കഴിയുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച ഹോട്ടലുകളായി മാറിയ 5 പ്രസിദ്ധ കൊട്ടാരങ്ങൾ ഇതാ...

Umaid Bhawan Palace

ഉമൈദ് ഭവൻ പാലസ്, ജോധ്പൂർ

ജോധ്പൂരെന്ന നീല നഗരത്തിനു നടുവിൽ സ്ഥിതി ചെയ്യുന്ന ഉമൈദ് ഭവൻ കൊട്ടാരം ഇൻഡോ-ആർട്ട് ഡെക്കോ വാസ്തുവിദ്യയുടെ ഒരു മാസ്റ്റർപീസ് ആണ്. കൊട്ടാരത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന പൂന്തോട്ടങ്ങളും രാജകീയ മുറ്റങ്ങളും ആകർഷണീയമായ ഇന്റീരിയറുകളും ഒരു രാജകീയ വിവാഹത്തിനുള്ള ഒരു പ്രധാന സ്ഥലമാക്കി ഇതിനെ മാറ്റുന്നു. ഈ കൊട്ടാരം ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതികളിൽ ഒന്നാണ്. കൊട്ടാരത്തിന്റെ ഒരു ഭാഗം താജ് ഹോട്ടൽസാണ് കൈകാര്യം ചെയ്യുന്നത്. ഇപ്പോഴത്തെ ഉടമസ്ഥനായ ഗജ് സിങ്ങിന്റെ മുത്തച്ഛനായ മഹാരാജ ഉമൈദ് സിങ്ങിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. 347 മുറികളുള്ള ഈ കൊട്ടാരം മുൻ ജോധ്പൂർ രാജകുടുംബത്തിന്റെ പ്രധാന വസതിയായിരുന്നു. കൊട്ടാരത്തിന്റെ ഒരു ഭാഗം ഒരു മ്യൂസിയമാണ്. ഇന്ന് നിരവധി ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകളും സ്വകാര്യ പാർട്ടികളും ഇവിടെ നടത്തപ്പെടുന്നുണ്ട്. 

താജ് ലേക്ക് പാലസ്, ഉദയ്പൂർ

പിച്ചോള തടാകത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന താജ് ലേക്ക് പാലസ്, ഒരുകാലത്ത് അത്യാഡംബരത്തിന്റെ പ്രതീകമായിരുന്നു. ഇന്നും ആഡംബരത്തിന് ഒട്ടും കോട്ടം തട്ടിയിട്ടില്ല. എന്നാൽ രാജകൊട്ടാരം എന്നതിനപ്പുറം സാധാരക്കാർക്കും അവിടെ സന്ദർശിക്കാനും താമസിക്കാനും സാധിക്കുമെന്നതാണ് വ്യത്യാസം. ശാന്തമായ തടാകവും ആരവല്ലി മലനിരകളും ക്ഷേത്ര കാഴ്ചകളും ഹോട്ടലിന്റെ മട്ടുപ്പാവിൽ നിന്ന് ആസ്വദിക്കുന്നത് ഒന്നു സങ്കൽപ്പിച്ചുനോക്കു. മാർബിളിൽ കൊത്തിയെടുത്ത ഒരു വാസ്തുവിദ്യാ അദ്ഭുതമാണ് താജ് ലേക്ക് പാലസ്. 

നീമ്രാണ ഫോർട്ട് പാലസ്, രാജസ്ഥാൻ

പതിനഞ്ചാം നൂറ്റാണ്ടിലെ ഒരു പൈതൃക കോട്ടയാണ് സത്യത്തിൽ നീമ്രാണ ഫോർട്ട് പാലസ് അതിശയകരമായ വാസ്തുവിദ്യയും ആകർഷകമായ കാഴ്ചകളും കൊണ്ടു മനം മയക്കുന്ന ഇവിടെ ഒരു പെർഫെക്ട് ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിനു പറ്റിയ സ്ഥലമാണ്. ഡൽഹി – ജയ്പൂർ ഹൈവേക്കു സമീപമുള്ള ഈ വിസ്മയിപ്പിക്കുന്ന ഹെറിറ്റേജ് ഹോട്ടൽ ജയ്പൂരിലെ നിങ്ങളുടെ രാജകീയ അവധിക്കാലത്തിന് അനുയോജ്യമായ ഹോട്ടൽ കൂടിയാണ്. 14 നിലകളിലായാണ് ഇവിടെ ഹോട്ടൽ ഒരുക്കിയിരിക്കുന്നത്.

രാംബാഗ് കൊട്ടാരം, ജയ്പൂർ

ഒരു കാലത്തു ജയ്പൂർ മഹാരാജാവിന്റെ വസതിയായിരുന്ന രാംബാഗ് കൊട്ടാരം ചാരുതയുടെയും മഹത്വത്തിന്റെയും പ്രതീകമാണ്. 

മനോഹരമായ പൂന്തോട്ടങ്ങളും മുറ്റങ്ങളും രാജകീയ ബോൾറൂമുകളും ഒക്കെയുള്ള ഇവിടം ഒരു ആഡംബര വിവാഹത്തിനു വൈവിധ്യമാർന്ന ക്രമീകരണങ്ങൾ നൽകുന്നുണ്ട്. ട്രിപ് അഡ്വൈസർ പുറത്തിറക്കിയ പുതിയ പട്ടിക പ്രകാരം ജയ്പൂരിലെ രാംബാഗ് പാലസ് ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടലാണ്. 'ജ്യൂവൽ ഓഫ് ജയ്‌പൂർ' എന്ന് വിളിപ്പേരുള്ള രാംബാഗ് കൊട്ടാരം പ്രധാനപ്പെട്ടഎല്ലാ  യാത്രാ സൈറ്റുകളിലും മികച്ച റേറ്റിങ്ങുകൾ നേടിയിട്ടുള്ളതാണ്. ഒരു രാജകീയ താമസമാണ് മനസ്സിലെങ്കിൽ ഒന്നും നോക്കണ്ട, നേരേ രാംബാഗ് പാലസിലേക്കു പോകാം. 

ഫലക്‌നുമ പാലസ്, ഹൈദരാബാദ്  

ഇതുവരെ രാജസ്ഥാനിലെ കൊട്ടാരങ്ങളെകുറിച്ചാണ് പറഞ്ഞത്. എന്നാൽ നമ്മുടെ തൊടട്ടുത്ത സംസ്ഥാനത്തും ഒരുകാലത്ത് കൊട്ടാരമായിരുന്നയിടം ഹോട്ടലാക്കി മാറ്റിയിട്ടുണ്ട്. അതാണ് ഫലക്നുമ പാലസ്.  ഒരു കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ഫലക്‌നുമ കൊട്ടാരം ഇറ്റാലിയൻ, ട്യൂഡർ വാസ്തുവിദ്യയുടെ അതിശയകരമായ മിശ്രിതമാണ്. ഹൈദരാബാദ് നിസാമിന്റെ മുൻ വസതിയായിരുന്ന ഇത് ഇപ്പോൾ താജിന്റെ കീഴിലുള്ള ഹോട്ടലാണ്. പ്രശസ്തമായ 101 സീറ്റുകളുള്ള ഡൈനിങ് ടേബിളും അതിശയകരമായ ഗോൾ ബംഗ്ലാവ് ടെറസും ഒരു ആഡംബര ഡെസ്റ്റിനേഷാണ് ഈ പാലസ് എന്നതിൽ സംശയമില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com