മൂക്കില്‍ തോടയിട്ട അതിസുന്ദരിമാരുടെ നാട്; അരുണാചലിലെ ഗ്രാമത്തില്‍ രഞ്ജിനി ഹരിദാസ്!
Mail This Article
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഔട്ട്‌ഡോർ മ്യൂസിക് ഫെസ്റ്റിവലാണ് അരുണാചൽ പ്രദേശിലെ മനോഹരമായ സീറോ താഴ്‌വരയിൽ നടക്കുന്ന സീറോ ഫെസ്റ്റിവൽ ഓഫ് മ്യൂസിക്. മൂടൽമഞ്ഞ് നിറഞ്ഞ മലനിരകളുടെയും പരന്നുകിടക്കുന്ന നെൽവയലുകളുടെയും ശാന്തമായ മുളങ്കാടുകളുടെയും എന്നിവയുടെ പശ്ചാത്തലത്തിൽ സംഗീതത്തിന്‍റെ അനന്തധാരയൊഴുക്കുന്ന ഈ നാലുദിന ഉത്സവം, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഈ അതുല്യമായ ആഘോഷത്തിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞ സന്തോഷം, സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയാണ് അവതാരക രഞ്ജിനി ഹരിദാസ്.
കൂട്ടുകാര്‍ക്കൊപ്പമുള്ളതും നാട്ടുകാര്‍ക്കൊപ്പം എടുത്തതുമായ ഒട്ടേറെ ചിത്രങ്ങള്‍ രഞ്ജിനി പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള സ്വതന്ത്ര സംഗീതജ്ഞർക്ക് വേദിയൊരുക്കാന്‍, അരുണാചൽ പ്രദേശ് സ്വദേശി ബോബി ഹാനോയും ഡൽഹി ആസ്ഥാനമായുള്ള മെൻഹോപോസ് ബാൻഡിലെ അംഗമായ അനുപ് കുട്ടിയും ചേർന്ന് 2012 ൽ ആരംഭിച്ചതാണ് സീറോ ഫെസ്റ്റിവൽ. പിന്നീട് സംഗീത പ്രേമികളെ മാത്രമല്ല പ്രകൃതി സ്‌നേഹികളെയും സാഹസികരെയും ആകർഷിക്കുന്ന രാജ്യാന്തര പ്രശസ്തമായ പരിപാടിയായി സിറോ വളർന്നു. ഇൻഡി, ഫോക്ക്, റോക്ക്, ഇലക്‌ട്രോണിക് തുടങ്ങി സംഗീതലോകത്തെ വൈവിധ്യമാര്‍ന്ന പ്രകടനങ്ങള്‍ ഇവിടെ മാറ്റുരയ്ക്കുന്നു.
സംഗീതത്തിന്‍റെ ഉത്സവം എന്നതിലുപരിയായി, ഒരു സാംസ്കാരിക ആഘോഷമാണ് സീറോ. താഴ്വരയിലെ തദ്ദേശീയ സമൂഹമായ അപതാനി ജനതയുടെ ഊഷ്മളമായ ആതിഥ്യമര്യാദ ഈ അനുഭവത്തിന്‍റെ ചാരുത പതിന്മടങ്ങ് കൂട്ടും.
സുസ്ഥിരതയാണ് സീറോ ഫെസ്റ്റിവലിന്റെ അടിസ്ഥാന തത്വങ്ങളില്‍ ഒന്ന് എന്നതും എടുത്തു പറയേണ്ടതാണ്. പരിപാടി മൂലം പ്രകൃതിക്കു യാതൊരു വിധ കോട്ടവും തട്ടാന്‍ പാടില്ല എന്ന് ആഗ്രഹിക്കുന്നവരാണ് സംഘാടകര്‍. അതിനാല്‍ പരമാവധി പരിസ്ഥിതി സൗഹൃദപരമായാണ് വേദികള്‍ ഒരുക്കിയിട്ടുള്ളത്. മുളകൊണ്ടുള്ള സ്റ്റേജുകൾ, ബയോഡീഗ്രേഡബിൾ പാത്രങ്ങൾ എന്നിവയ്ക്കൊപ്പം, മാലിന്യങ്ങൾ വേർതിരിച്ച് സൂക്ഷിക്കുകയും ചെയ്യുന്നു.
ഉത്തരവാദിത്ത ടൂറിസത്തിന്‍റെ പ്രാധാന്യം, ഫെസ്റ്റിവല്‍ എടുത്തു കാണിക്കുന്നു. പ്രാദേശിക പരിസ്ഥിതിയെ ബഹുമാനിക്കാനും കർശനമായ ലീവ്-നോ-ട്രേസ് നയം പാലിക്കാനും അപതാനി കമ്മ്യൂണിറ്റി നടത്തുന്ന ഹോംസ്റ്റേകളിൽ താമസിച്ചുകൊണ്ട് പ്രാദേശിക ബിസിനസ്സുകളെ പിന്തുണയ്ക്കാനും ഇത് സന്ദര്‍ശകരെ പ്രോത്സാഹിപ്പിക്കുന്നു. ദേശീയ ടൂറിസം മന്ത്രാലയവും അരുണാചൽ പ്രദേശ് സർക്കാരിന്റെ ടൂറിസം വകുപ്പും ചേര്‍ന്നാണ് പരിപാടി നടത്തുന്നത്.
മ്യൂസിക് ഫെസ്റ്റിവല്‍ കാണാനുള്ള യാത്രയും സഹസികമാണ്. പണ്ട് അസമിലെ 17 മണിക്കൂർ അകലെയുള്ള ഗുവാഹത്തി ആയിരുന്നു ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഗുവാഹത്തിയിൽ നിന്ന് അരുണാചൽ പ്രദേശിലെ നഹർലഗൂണിലേക്ക് രാത്രി ട്രെയിനുണ്ട്, അവിടെ നിന്ന് സീറോയിലേക്ക് 3 മണിക്കൂർ ക്യാബ് സവാരി നടത്താം. ഇപ്പോള്‍, അരുണാചൽ പ്രദേശിലെ ഹോളോങ്കിയില്‍ വിമാനമിറങ്ങാനാകും.
സുന്ദരിമാരുടെ നാട്
പൈന്‍ മരങ്ങളും നെല്‍ച്ചെടികളും നിറഞ്ഞു കിടക്കുന്ന സീറോ എന്ന മലയോര ഗ്രാമത്തില്‍ വസിക്കുന്ന ഗോത്ര ജനതയാണ് അപതാനികള്‍. അതേപോലെ മൂക്കില്‍ വലിയ തോട പോലെ മുക്കുത്തിയിട്ടു നടക്കുന്ന സ്ത്രീകള്‍ ആണ് ഇവിടെയുള്ളത്. അന്യപുരുഷന്മാര്‍ മോഹിക്കാതിരിക്കാന്‍ വേണ്ടി സൗന്ദര്യം കുറയ്ക്കാനാണത്രേ ഇങ്ങനെ ചെയ്യുന്നത്. മാത്രമല്ല മുഖത്ത് പച്ച കുത്തുകയും ചെയ്യും ഇവര്‍!
അരുണാചല്‍ പ്രദേശിലെ ഏറ്റവും സൗന്ദര്യം കൂടിയ സ്ത്രീകള്‍ ആണ് ഈ താഴ്വരയില്‍ ഉള്ളതെന്ന് പറയപ്പെടുന്നു. അതിനാല്‍ മറ്റു സ്ഥലങ്ങളിലെ പുരുഷന്മാര്‍ വന്ന് ഇവരെ തട്ടിക്കൊണ്ടു പോകുന്നത് പതിവായിരുന്നു. ഭംഗി കൂടിയതു കൊണ്ടുണ്ടാകുന്ന ആപത്ത് കുറയ്ക്കാന്‍ വേണ്ടിയാണത്രേ വിചിത്രമായ മുക്കുത്തി, മുഖത്തെ പച്ച കുത്തല്‍ തുടങ്ങിയ ആചാരങ്ങള്‍ ഇവര്‍ തുടങ്ങിയത്.