സ്വപ്നയാത്ര തായ്‍ലൻഡ്, കാരണം പറഞ്ഞ് നടി മൃദുല
Mail This Article
ഭാര്യ സീരിയലിലെ രോഹിണിയെ അറിയാത്ത മലയാളി കുടുംബപ്രേക്ഷകരുണ്ടാവില്ല. ചുരുങ്ങിയ നാളുകൾ കൊണ്ട് സീരിയൽ പ്രേക്ഷകരുടെ മനസ്സു കീഴടക്കിയ താരമാണ് മൃദുല വിജയ്. മികച്ച അഭിനയമാണ് മൃദുലയുടേത്. അഭിനയത്തെ ജീവനുതുല്യം സ്നേഹിക്കുന്ന കലാകാരിയാണ് ഇൗ സുന്ദരി. സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും സീരിയലുകളിലൂടെയാണ് മൃദുല പ്രേക്ഷകർക്കു പ്രിയപ്പെട്ടവളായത്. ഭാര്യക്കുശേഷം അടുത്ത സീരിയലിന്റെ ഷൂട്ടിങ് തിരക്കിലാണിപ്പോൾ. തിരക്കുകളിൽ നിന്നു തിരക്കുകളിലേക്കു പോകുമ്പോൾ കുടുംബവുമായി ചെലവഴിക്കാൻ സമയം കിട്ടുന്നില്ലെന്നാണ് താരത്തിന്റെ പരാതി. വീണുകിട്ടുന്ന ഇടവേളകളിലെ ചെറുയാത്രകളാണ് ആകെയുള്ള ആശ്വാസമെന്നും മൃദുല പറയുന്നു. യാത്രകൾ പോകുവാനും കാഴ്ചകൾ ആസ്വദിക്കാനും നടിക്കിഷ്ടമാണ്. തന്റെ യാത്രകളെക്കുറിച്ച് മൃദുല മനോരമ ഒാൺലൈനുമായി സംസാരിക്കുന്നു.
‘അഭിനയം എന്റെ പാഷനാണ്, ചില നേരങ്ങളിൽ തിരക്കുകൊണ്ട് മനസ്സ് വല്ലാതെ അസ്വസ്ഥമാകും. അന്നേരം ആശ്വാസം പകരുന്നത് അമ്മയും അച്ഛനും അനിയത്തിയും ഒത്തുള്ള യാത്രകളാണ്. പ്രിയപ്പെട്ടവരോടൊപ്പം യാത്രപോകുന്ന ഒരു സന്തോഷം ഒന്നുവേറെയാണ്. ആ യാത്രകളൊക്കെ ഞാൻ ശരിക്കും ആസ്വദിക്കാറുണ്ട്. സത്യത്തിൽ ഞങ്ങളെല്ലാവരും വളരെ യാദൃച്ഛികമായാണ് ഒരുമിച്ചു വരുന്നത്, ഷൂട്ടിങ്ങുമായി ഞാൻ മിക്കപ്പോഴും തിരക്കിലാവും.
കൂടാതെ അച്ഛന്റെ ജോലി. എല്ലാംകൂടി ഒത്തുവരുമ്പോഴാണ് ഞങ്ങൾ യാത്രകൾ പ്ലാൻ ചെയ്യുന്നത്. അമ്മയ്ക്ക് ഏറ്റവും ഇഷ്ടം ക്ഷേത്രങ്ങളിലേക്കുള്ള യാത്രയാണ്. ഇക്കഴിഞ്ഞ രണ്ടു വർഷമായി മുടങ്ങാതെ മൂകാംബിക ക്ഷേത്രത്തിൽ പോയിരുന്നു. എല്ലാവരും ഒരുമിച്ചുള്ള ആ യാത്ര എനിക്ക് ഒരുപാട് ഇഷ്ടമാണ്. ക്ഷേത്ര ദർശനത്തിനു ശേഷം കുടജാദ്രിയിൽ പോകണമെന്ന് പലപ്പോഴും വിചാരിച്ചിട്ടുണ്ട്. പക്ഷേ ഇതുവരെ നടന്നിട്ടില്ല. അടുത്ത തവണയെങ്കിലും പോകണമെന്നുണ്ട്. എനിക്ക് വല്ലാത്ത ആഗ്രഹമാണ് അവിടം സന്ദർശിക്കാൻ. കുടജാദ്രിയിലേക്കൊരു യാത്ര ഒരിക്കലെങ്കിലും ആഗ്രഹിക്കാത്തവർ കാണില്ല.
ഉൗട്ടിയും കോടൈക്കനാലും
അവധി ആയാൽ മലയാളികളിൽ മിക്കവരും തെരഞ്ഞെടുക്കുന്ന സ്ഥലമാണ് ഉൗട്ടിയും കൊടൈക്കനാലും. ഞങ്ങളും ഉൗട്ടിയിലും കൊടൈക്കനാലിലും പല തവണ പോയിട്ടുണ്ട്. അവിടുത്തെ മഞ്ഞും കുളിരും നിറഞ്ഞ പ്രഭാതവും താമസവുമൊക്കെ സൂപ്പറാണ്. എത്രകണ്ടാലും മതിവരില്ല. ഹെയർപിൻ വളവുകളും പച്ചപ്പു നിറഞ്ഞ കുന്നുകളും കൊക്കയുമൊക്കെ ഹരം പകരുന്ന കാഴ്ചകളാണ്. സത്യത്തിൽ തണുപ്പ് ശരിക്കും ആസ്വദിക്കണമെങ്കിൽ ഉൗട്ടിയിലേക്ക് വണ്ടികയറണം.
അച്ഛനും അമ്മയും അനിയത്തിയും ചേർന്നതാണ് എന്റെ ലോകം. അവരൊടൊത്തുള്ള സന്തോഷത്തോളം വരില്ല മറ്റൊന്നും. സ്കൂൾ കാലഘട്ടത്തിലെ വിനോദയാത്രകൾക്കൊന്നും എനിക്കു പോകുവാനുള്ള അനുവാദം നൽകിയിരുന്നില്ല. അന്നേരം സങ്കടം തോന്നിയിരുന്നു. എങ്കിലും അച്ഛനും അമ്മയും കൊണ്ടുപോകുന്ന അടുത്ത യാത്രയിൽ ആ സങ്കടങ്ങളൊക്കെ ഉരുകിപ്പോകും. പ്രിയപ്പെട്ടവർക്കൊപ്പമുള്ള യാത്രയാണ് ശരിക്കും ആസ്വദിക്കാൻ പറ്റുന്നത്. അതിപ്പോൾ ചെറിയൊരു പാർക്കാണെങ്കിലും അമ്മയും അച്ഛനും അനിയത്തിയും ഒപ്പമുണ്ടെങ്കിൽ ഞാൻ ഫുൾ ഹാപ്പിയാണ്.
എനിക്ക് ഒരുപാട് സ്ഥലങ്ങൾ സന്ദർശിക്കണമെന്നുണ്ട്. തിരക്കും സമയവുമാണ് വില്ലൻ. പ്ലാനിങ്ങൊന്നുമില്ലാതെ പെട്ടെന്നുള്ള യാത്രയാണ് എനിക്കേറെ ഇഷ്ടം. സാധാരണ അങ്ങനെയുള്ള യാത്രകളാണേറെ. കേരളത്തിൽ ഒട്ടുമിക്ക സ്ഥലങ്ങളിലും പോയിട്ടുണ്ട്. ഇന്ത്യ മുഴുവൻ കറങ്ങി സംസ്കാരവും ഭക്ഷണവുമൊക്കെ അറിഞ്ഞുള്ള യാത്ര ഒരാഗ്രഹമാണ്. എവിടെപ്പോയാലും അവിടുത്തെ വെറൈറ്റി ഫൂഡ് രുചിക്കാൻ എനിക്കിഷ്ടമാണ്.
ചുരുങ്ങിയ ചെലവിൽ പോകാം
ഫൂഡ് എന്നുപറയുമ്പോൾ എനിക്ക് ഏറെ ഇഷ്ടം തായ്‍ലൻഡ്. അവിടെ നല്ല ഫൂഡ് കിട്ടുമെന്ന് കേട്ടിട്ടുണ്ട്. എന്റെ ഡ്രീം ഡെസ്റ്റിനേഷനുകളിലൊന്നാണ് തായ്‍ലൻഡ്. കുടുംബവുമായി ചുരുങ്ങിയ ചെലവിൽ പോയിവരാവുന്ന രാജ്യമാണെന്നും പറഞ്ഞു കേട്ടിട്ടുണ്ട്. കുറഞ്ഞ ചെലവിൽ പോകാവുന്ന വിനോദയാത്രാ പാക്കേജുകളും ഉണ്ട്. തായ്‍ലൻഡ് എന്നു കേൾക്കുമ്പോൾ പലരും നെറ്റിചുളിക്കുമെങ്കിലും അവിടുത്തെ കാഴ്ചകൾ സുന്ദരമാണ്. വിഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയും കണ്ടിട്ടുള്ള ആ നാടിന്റെ സൗന്ദര്യം നേരിട്ട് ആസ്വദിക്കണമെന്നത് എന്റെ സ്വപനമാണ്. മനോഹരമായ തീരങ്ങളും ക്ഷേത്രങ്ങളും ഭക്ഷണശാലകളും കാടിന്റെ വന്യതയും രാത്രിക്കാഴ്ചയുമൊക്കെ നേരിട്ട് അനുഭവിക്കണം. ഇന്ത്യയിൽനിന്ന് ഏറ്റവും കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് ലഭിക്കുന്ന രാജ്യവും ചെലവു കുറഞ്ഞ നഗരവുമാണ് എന്നതാണ് തായ്‍ലൻഡിന്റെ മറ്റൊരു പ്രത്യേകത.
മൂന്നാറും ഇടുക്കിയും വാഗമണ്ണുമൊക്കെ പോയിട്ടുണ്ട്. കുടുംബവുമായി പുറത്തുപോകുമ്പോൾ എന്നെ അറിയാവുന്ന ആളുകൾ മിക്കവരും ഒാടി അരികിലെത്തും. അവരുടെ ഇഷ്ടംകൊണ്ടാണ്. കുറച്ച് സമയം അവരോടൊപ്പം ചെലവഴിക്കുമെങ്കിലും തിരക്കധികമാകുമ്പോൾ മാറിപ്പോകും. അപ്പോൾ ആ സ്ഥലത്തിന്റെ സൗന്ദര്യം പൂർണമായും ആസ്വദിക്കാൻ കഴിഞ്ഞെന്നു വരില്ല. അതാണ് മിക്കപ്പോഴും സംഭവിക്കുന്നത്. ഷൂട്ടിന്റെ ഭാഗമായി ഒമാനിലും ദുബായിലുമൊക്കെ പോയിട്ടുണ്ട്. പക്ഷേ അവിടുത്തെ കാഴ്ചകൾ ആസ്വദിക്കാൻ സാധിച്ചിട്ടില്ല. തിരക്കുകൾ മാറ്റിവച്ച് അച്ഛനും അമ്മയും അനിയത്തിയുമൊക്കെയായി അടിച്ചുപൊളിച്ചൊരു യാത്ര പോകണമെന്നുണ്ട്.’ – മൃദുല പറഞ്ഞു നിർത്തി.