ADVERTISEMENT

അതിരപ്പിള്ളി∙ മൺസൂൺ ആരംഭിച്ചതോടെ വിനോദസഞ്ചാരകേന്ദ്രങ്ങൾ കൂടുതൽ ആകർഷണീയമായി. 2 ദിവസമായി തുടരുന്ന മഴയിൽ അതിരപ്പിള്ളി, ചാർപ്പ, വാഴച്ചാൽ വെള്ളച്ചാട്ടങ്ങളുടെ വശ്യസൗന്ദര്യം ദൃശ്യമായി. ചാലക്കുടിപ്പുഴയിലെ ഈ ജലപാതങ്ങൾ മഴ തുടങ്ങുന്നതോടെ വിദേശ സഞ്ചാരികളടക്കമുള്ളവരെ ഇവിടേക്ക് ആകർഷിക്കുന്നു. ആർത്തലച്ചു വരുന്ന വെള്ളച്ചാട്ടവും പച്ചപ്പിന്റെ ഭംഗി നുകര്‍ന്നു കൊണ്ടുള്ള യാത്രയും എതൊരു സഞ്ചാരിയുടെയും മനം കവരും.

മഴക്കാല യാത്രകളിൽ കാടും കാട്ടാറും നൽകുന്ന അനുഭൂതിയൊന്നു വേറെ തന്നെയാണ്. മഴക്കാലത്ത് അതിരപ്പിള്ളി എന്ന സുന്ദരിയെ കാണാൻ നിരവധിപേരാണ് എത്തുന്നത്. നിറഞ്ഞു കവിഞ്ഞ ചാലക്കുടിപ്പുഴ രൗദ്രഭാവത്തിൽ കരിമ്പാറകൂട്ടങ്ങളെ തഴുകി താഴേക്ക് പതിക്കുമ്പോൾ അതിരപ്പിള്ളി വെള്ളച്ചാട്ടം അതിന്റെ പൂർണ സൗന്ദര്യത്തിൽ നിറഞ്ഞു നിൽക്കുന്നു. പ്രകൃതിയുടെ ലഹരി ആവോളം ആസ്വദിച്ച് മനം കുളിർപ്പിക്കാൻ പറ്റിയയിടം, കുളിരുന്ന കാഴ്ചയും ഓര്‍മയുമാണ് അതിരപ്പിള്ളി.

പുഴയുടെ ഇരുവശങ്ങളിലും തിങ്ങിനിറഞ്ഞ വനഭംഗി വെള്ളച്ചാട്ടത്തിന്റെ അഴക് കൂട്ടുന്ന മുഖ്യ ഘടകമാണ്. ആകർഷണീയമായ മൺസൂൺ പാക്കേജുകളും സന്ദർശകർക്ക് വേണ്ടി റിസോട്ടുകൾ ഒരുക്കിയിട്ടുണ്ട്. മഴ ആസ്വാദകർക്കായി ടൂറിസം വകുപ്പ് മഴ യാത്രകളും സംഘടിപ്പിച്ചിട്ടുണ്ട്. തുമ്പൂർമുഴി ഡെസ്റ്റിനേഷൻ കൗൺസിലാണ് അതിരപ്പിള്ളിയിൽ മഴ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

സഞ്ചാരികൾക്ക് അടുത്ത് കണ്ട് ആസ്വദിക്കാവുന്ന ചാർപ്പ വെള്ളച്ചാട്ടവും,ചരിഞ്ഞ പാറയിലൂടെ ഇഴുകി ഒഴുകുന്ന വാഴച്ചാലും മഴയുടെ നിറവിൽ അണിഞ്ഞൊരുങ്ങി.നോക്കി നിൽക്കെ മഴക്കൊപ്പം വളരുന്ന ചാർപ്പ വെള്ളച്ചാട്ടം ഇറങ്ങി കാണുന്നതിന് ഇപ്പോൾ അനുവാദമില്ല. പ്രളയത്തിൽ പാതയുടെ വശങ്ങൾ തകർന്നതോടെയാണ് വനം വകുപ്പ് സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയത്. വെള്ളച്ചാട്ടങ്ങളിൽ നിന്നുയർന്ന് കുളിരു കോരുന്ന നീർത്തുള്ളികളും ചാറ്റൽ മഴയ്ക്കൊപ്പം പരക്കുന്ന കോടമഞ്ഞും യാത്രയിൽ കൂട്ടായുണ്ടാകും.

സുരക്ഷയ്ക്ക് പ്രധാന്യം നൽകണം

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. കനത്ത മഴയെ തുടർന്ന് ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ രാത്രി സമയത്ത് മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണം. കൂടാതെ ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകുന്നത് ഒഴിവാക്കുക. അധികൃതരുടെ മാനദണ്ഡങ്ങൾ പാലിച്ചാകണം മൺസൂൺ ട്രിപ്പുകൾ പ്ലാൻ ചെയ്യാൻ. പറ്റുന്നതും ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും ഇറങ്ങാതിരിക്കുന്നതാണ് നല്ലത്. സുരക്ഷിതമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com