ADVERTISEMENT

വയറു നിറയെ രുചിയൂറും മലബാര്‍ ബിരിയാണിയും മേമ്പൊടിക്ക് അല്‍പ്പം ആവി പറക്കുന്ന സുലൈമാനിയുമൊക്കെ തട്ടി സൊറ പറഞ്ഞങ്ങനെ ഇരിക്കാമെങ്കിലും കോഴിക്കോട്ടുകാര്‍ക്ക് ഒന്ന് റിലാക്സ് ചെയ്യണം എന്നുണ്ടെങ്കില്‍ പോയിരിക്കാന്‍ ബീച്ചും മാനാഞ്ചിറ സ്ക്വയറുമല്ലാതെ അധികം സ്ഥലങ്ങളില്ല. അല്‍പ്പം പ്രകൃതിരമണീയത വേണം എന്നുണ്ടെങ്കില്‍ ടൗണിനടുത്ത് സരോവരം പാര്‍ക്കുമുണ്ട്. അല്‍പ്പം കൂടി പച്ചപ്പ്‌ വേണം എന്നുള്ളവര്‍ക്ക് കുറച്ചൊന്ന് പോയാല്‍ എത്താവുന്ന ഇടമാണ് കക്കയം ഡാം. നുരയിട്ടൊഴുകി വരുന്ന ഉരക്കുഴി വെള്ളച്ചാട്ടത്തിന്‍റെ ശബ്ദവും കാടിന്‍റെ തണുത്ത പച്ചപ്പും അനുഭവിച്ച് കുറച്ചു നേരം അങ്ങനെ യാത്ര ചെയ്‌താല്‍ ഉള്ളിലുള്ള സമ്മര്‍ദ്ദങ്ങളെല്ലാം താനേ ഇല്ലാതാകും.

കോഴിക്കോട് നിന്ന് 45 കിലോമീറ്റര്‍ അകലെയാണ് കക്കയം. ബാലുശ്ശേരി- എസ്റ്റേറ്റ് മുക്ക്- കൂരാച്ചുണ്ട് വഴി വന്നാല്‍ ഇവിടെയെത്താം. അവിടെ നിന്നും 15 കിലോമീറ്റര്‍ ഡാം മേഖലയാണ്. ഇവിടെ നിന്നും നാലു ചക്ര വാഹനങ്ങള്‍ക്ക് മാത്രമേ മുന്‍പ് മുകളിലേക്ക് പോകാന്‍ പറ്റുമായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ ഈ വഴി ടാര്‍ ചെയ്തതിനാല്‍ മറ്റു വാഹനങ്ങള്‍ക്കും സുഗമമായി പോകാം. മുകളിലോട്ടു കയറും തോറും കാടിന് ഘനം വയ്ക്കുന്നത് അനുഭവിച്ചറിയാം.

kakkayam-travel

കയറിപ്പോകും വഴിയില്‍ത്തന്നെ മനോഹരമായ നിരവധി വ്യൂ പോയിന്‍റുകള്‍ ഉണ്ട്. ആദ്യമെത്തുന്നത് കക്കയം വാലി വ്യൂ പോയിന്‍റ് ആണ്. ഇതിനടുത്തായി പനോരമ വ്യൂ പോയിന്‍റുമുണ്ട്. കയറി വന്ന വഴിയുടെ സൗന്ദര്യം ഇവിടെ നിന്നാല്‍ ആസ്വദിക്കാം. അങ്ങ് ദൂരെയായി വെള്ളി നിറത്തില്‍ പെരുവണ്ണാമൂഴി ഡാം കാണാം. 

പിന്നെയും അല്‍പ്പദൂരം സഞ്ചരിച്ചാല്‍ കക്കയം ഡാമിലെത്താം. അധികം വലുപ്പമില്ലാത്ത ഒരു അണക്കെട്ടാണിത്. കക്കയം അങ്ങാടിയിലുള്ള രണ്ടു പവര്‍ ഹൗസുകളിലേക്കുള്ള വെള്ളം എത്തിക്കുന്നത് ഇവിടെ നിന്നുമാണ്. ഡാമിനടുത്ത് വാഹനം പാര്‍ക്ക് ചെയ്ത് ചുറ്റി നടന്നു കാണാം. ക്യാമറ ഉപയോഗിക്കുന്നതും ഫോട്ടോ എടുക്കുന്നതും ഇവിടെ നിഷിദ്ധമാണ്. 

kakkayam-trip4

കക്കയം ഡാം റിസര്‍വോയറില്‍ സഞ്ചാരികള്‍ക്കായി ഇപ്പോള്‍ കേരള ഹൈഡല്‍ ടൂറിസം സെന്‍ററിന്‍റെ വകയായി ബോട്ട് യാത്രയും ഒരുക്കിയിട്ടുണ്ട്. ബോട്ട് യാത്രക്കിറങ്ങുന്നവര്‍ക്ക് മനോഹരമായ അമ്പലപ്പാറ വെള്ളച്ചാട്ടവും കാണാം. അഞ്ചു യാത്രക്കാരും ഒരു ഡ്രൈവറുമായിരിക്കും ബോട്ടിലുണ്ടാവുക. രണ്ടു സ്പീഡ് ബോട്ടുകളിലായി ഒരു ദിവസം 22 ട്രിപ്പുകള്‍ ആണ് ഉള്ളത്. ഡാം കടന്ന് അല്‍പ്പദൂരം മരങ്ങള്‍ക്കിടയിലൂടെ നടന്നാല്‍ ഉരക്കുഴി വെള്ളച്ചാട്ടത്തിനടുത്തെത്താം. 2,450 അടി മുകളില്‍ നിന്നും ശക്തിയായി താഴേക്ക് പതിക്കുന്ന വെള്ളത്തിന്‍റെ പ്രഭാവം കാരണം ഇവിടുത്തെ പാറകള്‍ക്ക് ഉരലിന്‍റെ ആകൃതി കൈവന്നത് മൂലമാണ് ആ പേര് വന്നത്.

പിന്നെയും മുകളിലേക്കു പോയാല്‍ കക്കയം കാടായി. പശ്ചിമഘട്ടത്തിന്‍റെ ഭാഗമായ ഇവിടെ ഇവിടെ 680 തരം പുഷ്പിക്കുന്ന സസ്യങ്ങളും 39 തരം പുല്‍വര്‍ഗ്ഗങ്ങളും 22 തരം ഓര്‍ക്കിഡുകളും 180 ഇനത്തില്‍പ്പെട്ട പക്ഷികളും ഉണ്ടെന്നു കരുതപ്പെടുന്നു. കൂടാതെ കടുവ, പുലി, കാട്ടുപോത്ത്, ലങ്ഗൂര്‍, മാന്‍, കരടി തുടങ്ങി അനേകം വന്യമൃഗങ്ങളുടെയും വാസസ്ഥാനമാണിവിടം.

kakkayam-trip

വയനാടുമായി അതിര്‍ത്തി പങ്കിടുന്ന കക്കയത്തിന് 'മലബാറിന്‍റെ ഊട്ടി' എന്നും പേരുണ്ട്. മനോഹരമായ വനമേഖലയും മഞ്ഞിന്‍റെ പാടയിലൂടെ പതിയെ തെളിയുന്ന വഴികളും പശ്ചിമഘട്ടം വഴി അരിച്ചെത്തുന്ന തണുത്ത കാറ്റുമെല്ലാം കാരണമാണ് കക്കയത്തിനു ആ പേര് കിട്ടിയത്. അതിരാവിലെ വന്നാല്‍ നല്ല കിടുക്കന്‍ തണുപ്പും ആസ്വദിച്ച് പതിയെയങ്ങനെ കാടിന്‍റെ ഹൃദയത്തിനുള്ളിലേക്ക് കയറിപ്പോകാം!

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com