ADVERTISEMENT

പ്രകൃതിദത്തമായ ചന്ദനക്കാടുകള്‍ കാണപ്പെടുന്ന കേരളത്തിലെ ഒരേയൊരു സ്ഥലമാണ് മറയൂര്‍. ഏറെ പ്രസിദ്ധമായ മറയൂര്‍ ശര്‍ക്കരയും ഇവിടെയുള്ള കരിമ്പിന്‍ തോട്ടങ്ങളില്‍ നിന്നാണ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന മറയൂരിലേക്ക് മൂന്നാറില്‍ നിന്നും വെറും 40 കിലോമീറ്റര്‍ ദൂരമേയുള്ളൂ. അതിനാല്‍ മൂന്നാര്‍ കാണാന്‍ ഇറങ്ങുമ്പോള്‍ തീർച്ചയായും ഇവിടം കണ്ടിരിക്കണം.

തമിഴ്നാട്ടിലും കര്‍ണ്ണാടകയിലുമെല്ലാം കേരളത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ചന്ദനക്കാടുകള്‍ കൂടുതലാണ്. ഒരുപാടു ടൂറിസ്റ്റുകള്‍ എത്തുന്ന സ്ഥലമാണ് മറയൂര്‍. ട്രെക്കിങ്ങിനും കാടു കയറാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കും ഏറെ പ്രിയപ്പെട്ട ഇടം കൂടിയാണ് ഇവിടം. സമൃദ്ധിയോടെ തഴച്ചു നില്‍ക്കുന്ന തേയിലത്തോട്ടങ്ങളും ഹരിതവനങ്ങളും ചേര്‍ന്ന് മറയൂരിനെ സമാധാനം നിറഞ്ഞ ഒരു പറുദീസയാക്കി മാറ്റുന്നു.

വനംവകുപ്പ് നടത്തുന്ന സാന്‍ഡല്‍ വുഡ് ഫാക്ടറി ഉണ്ട് ഇവിടെ. സന്ദര്‍ശകര്‍ക്ക് വേണമെങ്കില്‍ ഇവിടെ കയറാവുന്നതാണ്.  സന്ദര്‍ശിക്കാന്‍ 2000 വര്‍ഷത്തോളം പഴക്കമുള്ള മുനിയറയുണ്ട്. മെഗാലിത്തിക് യുഗത്തിന്‍റെ ഓര്‍മകള്‍ പേറുന്ന ഈ ശ്മശാന അറകള്‍ കൗതുകമുണര്‍ത്തുന്നവയാണ്. ഗുഹാചിത്രങ്ങൾ നിറഞ്ഞ എഴുത്തുപുര ഇവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണമാണ്. രാമനും സീതയും വനവാസകാലത്ത് അലഞ്ഞു നടന്നതും പാണ്ഡവർരുടെ കഥയുമെല്ലാം പ്രകൃതിദത്ത ചായങ്ങള്‍ ഉപയോഗിച്ച് ഇവിടെ ചിത്രീകരിച്ചിരിക്കുന്നു. 

Marayoor-Sandalwood-Forest1

ഏകദേശം 65,000ത്തോളം ചന്ദന മരങ്ങളാണ് ഇവിടെയുള്ളത്. ഈ വനത്തിൽ ചന്ദനമരത്തിന്‍റെസംസ്കരണം കാണാനും കാട്ടിൽ ചുറ്റിക്കറങ്ങാനും ആഗ്രഹമുണ്ടെങ്കില്‍ വനംവകുപ്പിന്റെ അനുമതി വാങ്ങണം. മറയൂര്‍ ശര്‍ക്കരയാണ് ലോകത്തെ മുഴുവന്‍ ഇവിടേക്ക് ശ്രദ്ധ തിരിക്കാന്‍ പ്രേരിപ്പിക്കുന്ന മറ്റൊരു പ്രധാന ആകര്‍ഷണം.  1,500 ഏക്കറോളം പരന്നു കിടക്കുന്ന കരിമ്പു തോട്ടങ്ങള്‍ ഇവിടെ കാണാം. മഴനിഴല്‍  പ്രദേശമായതിനാല്‍ കരിമ്പ്‌ ഇവിടെ നന്നായി വളരും. 97 ശതമാനം പഞ്ചസാര അടങ്ങിയ ഈ ശര്‍ക്കര ഇന്ന് ലഭിക്കാവുന്നതില്‍ വച്ച് ഏറ്റവും മികച്ച ശര്‍ക്കരയാണ്. 

ആനമുടി മലനിരകളില്‍ നിന്നൊഴുകി വന്ന് മറയൂർ, കാന്തല്ലൂർ ഗ്രാമങ്ങൾക്കിടയിലൂടെ ഒഴുകുന്ന പാമ്പാറിന്‍റെ വന്യസൗന്ദര്യമാണ് എടുത്തു പറയേണ്ട മറ്റൊരു പ്രധാന ആകര്‍ഷണം. കളകളാരവം പൊഴിച്ച് അലസമായി ഒഴുകുന്ന നദി മറയൂര്‍ വനത്തിന്‍റെ ഭംഗി പതിന്മടങ്ങാക്കുന്നു.

English Summery: Marayoor Sandalwood Forest

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com