ADVERTISEMENT

താമരശ്ശേരി ചുരം കയറുമ്പോൾ മഞ്ഞിന്റെ പൊടിപോലുമില്ല. ഇത്തവണ വയനാട് നിരാശപ്പെടുത്തുമോ എന്നൊരു ചോദ്യം കാറിൽ ഉയർന്നു. മുകളിലെത്തുമ്പോഴും സ്ഥിതി അതുപോലെത്തന്നെ. എന്നാൽ നമുക്കൊരു വേറിട്ടവഴി പിടിക്കാമെടാ എന്ന് ഏറെക്കാലം വയനാട്ടിൽ ജോലിയുണ്ടായിരുന്ന സുഹൃത്ത് സമാധാനിപ്പിച്ചു. മഞ്ഞേറ്റു യാത്ര ചെയ്തില്ലെങ്കിൽ പിന്നെന്തു വയനാട്.

വൈത്തിരിയിൽനിന്ന് ഇടത്തോട്ടു തിരിയണം. ആ വഴി അത്ര പെട്ടെന്നു കാണില്ല. അതുകൊണ്ടു പടിഞ്ഞാറേത്തറയിലേക്കുള്ള വഴി ചോദിക്കണം. ചെറുപട്ടണം കഴിഞ്ഞ് തിരക്കു കുറയും. ആദ്യമൊരു പാലം. പിന്നെ ഇടതുവശത്ത് തേയിലത്തോട്ടങ്ങൾ. വഴിയിൽ ഇടയ്ക്കു മാത്രമേ കുഴികളുള്ളൂ.  തേയിലക്കുന്നുകൾക്കിടയിൽ പൂവിരിഞ്ഞതുപോലെ പലനിറമുള്ള വസ്ത്രങ്ങളണിഞ്ഞ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ഇതെല്ലാം പകർത്തി ഉത്തരേന്ത്യൻ സഞ്ചാരികളുടെ അപൂർവം കാറുകൾ മുന്നിൽ പോകുന്നുണ്ട്. കാർ നിർത്തി പടമെടുക്കാൻ തുടങ്ങിയപ്പോൾ നൂൽമഴ തുടങ്ങി. രസകരമാണ് ഈ ചെറുമഴ കൊള്ളൽ. നനയ്ക്കാൻ വേണ്ടിയല്ലാതെ പെയ്യുന്നതുപോലെ, ചുറ്റിനും തണുപ്പിച്ച് നമ്മിലേക്കെത്തുന്ന നൂൽമഴ… ഈ മഴയ്ക്കൊരു പ്രണയഭാവമുണ്ടെന്ന് സ്കൂട്ടറിൽ മഴനനഞ്ഞുപോകുന്ന സഞ്ചാരികൾ പറയാതെ പറയുന്നുണ്ട്. 

Wayanad

25 കിലോമീറ്റർ ദൂരമുണ്ട് പടിഞ്ഞാറേത്തറയിലേക്ക്. ആഹാരം കഴിക്കാൻ ഒന്നാന്തരം ഹോട്ടലുകൾ ലഭ്യം. അതിൽ എല്ലാ വിഭവങ്ങളും ലഭിക്കുന്നവ മുതൽ കഞ്ഞിക്കട വരെയുണ്ട്. പരീക്ഷിക്കേണ്ട ഭക്ഷണശാല പന്ത്രണ്ടാംമൈലിലെ അസ്സൽ കോഫീ ഗ്രോവ് ആണ്. നല്ല തണുപ്പിൽ, ചൂടു പൊറോട്ടയും പൊടിയുടെ മേമ്പോടിയോടെ എത്തുന്ന കിടിലൻ ബീഫ് ഡ്രൈ ഫ്രൈയും കഴിക്കണം… നല്ല വൃത്തിയുള്ള ഈ റസ്റ്ററിന്റിലും സഞ്ചാരികൾ തമ്പടിച്ചിട്ടുണ്ട്.  നല്ല ടോയ്ലറ്റ് സൗകര്യമുള്ളത് വനിതായാത്രികർക്ക് സഹായകരമാണ്. തനതു കാപ്പിപ്പൊടിയും തേനും മറ്റു വിഭവങ്ങളും വാങ്ങുകയും ചെയ്യാം. 

ഭക്ഷണം കഴിച്ചിറങ്ങുമ്പോൾ മഞ്ഞുവരാൻ തുടങ്ങി. എങ്കിലും നൂൽമഴയ്ക്കുതന്നെ മേൽക്കോയ്മ. മുന്നോട്ടുപോകുമ്പോൾ ഇടത്തുവശത്തായി നീലജലാശയം. ബാണാസുര സാഗർ ഡാമിന്റെ വൃഷ്ടിപ്രദേശമാണിത്. കുറേദൂരംറോഡിനു സമാന്തരമായി കിടക്കുന്ന ജലാശയത്തിന്റെ ദൃശ്യം കാണാം. ഇതാണ് ബാണാസുരന്റെ അറിയാമുഖം.

Wayanad4

സഞ്ചാരികൾ ബാണാസുരസാഗർ ഡാമിന്റെ ഡാമും മറ്റും കണ്ടു പോകുകയാണു പതിവ്. എന്നാൽ ജലാശയത്തിന്റെ വേറിട്ട ദൃശ്യം കാണണമെന്നും കുറച്ചുനേരം ചെറിയ ഓളങ്ങൾക്കു കാതോർത്ത് ആളില്ലാതീരത്തുസമയം ചെലവിടണം എന്നും കരുതുന്നവർക്ക് പ്രിയമാകുന്ന ഒരിടമുണ്ട്. പടിഞ്ഞാറെത്തറയിലേത്തുംമുൻപ് ഇടത്തോട്ട് ഒരു വിജനവഴി. അതു ചെല്ലുന്നത് ജലാശയത്തിലേക്ക്. അതിസുന്ദരമായ സ്ഥലം. ജലവിഭവവകുപ്പിന്റെ പമ്പ്ഹൗസ് അവിടെയുണ്ട്. അതിനോളം തന്നെ നീലനിറത്തിലാണ് ജലം കിടക്കുന്നത്. ക്യാച്മെന്റ്ഏരിയയിൽ ജലം കയറിക്കിടക്കുന്നുണ്ട്. അതുകൊണ്ട് ഏറെദൂരം പോകാനാകില്ല. വണ്ടി നിർത്തി നടക്കാനിറഞ്ഞാം. മരങ്ങളുടെ പകുതിയൊക്കെ വെള്ളത്തിലാണ്. വയനാട്ടിൽ എന്നും മഴയാണെന്ന് നാട്ടുകാരൻ പറഞ്ഞു. സഞ്ചാരികളുടെ സ്പീഡ് ബോട്ട് പാഞ്ഞുപോകുമ്പോൾ ഓളം വെട്ടുന്ന ബാണാസുര ജലാശയം അതെയെന്നുതലയാട്ടി. 

Wayanad2

അകലെ ബാണാസുര മല തലയുയർത്തി നിൽപ്പുണ്ട്.  ഈ ബാണാസുരന്റെ മുകളിലേക്കു നടന്നു കയറാൻ വനംവകുപ്പ് സൗകര്യമൊരുക്കുന്നുണ്ട്. പച്ചപ്പുൽത്തകിടിയിലൂടെയും ചോലക്കാട്ടിനുള്ളിലൂടെയും നടന്നു കയറുന്നത് സാഹസികർക്ക് ഇഷ്ടമാകും.  ജലാശയത്തിൽ പലയിടത്തും ചെറുദ്വീപുകൾ. അവയ്ക്കിടയിലൂടെ ബോട്ടിങ് ചെയ്യാം. ബാണാസുര സാഗർ കെട്ടിനുമുകളിലൂടെ വർത്തമാനം പറഞ്ഞു നടക്കാം… 

ഇങ്ങനെ കാഴ്ചകളും അനുഭവങ്ങളും വേറെയാണ് ഈ വേറിട്ട വയനാടൻ വഴിയിലൂടെ സഞ്ചരിച്ചാൽ…

English Summary: Exciting Route for Wayanad Road Trip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com