കാഴ്ചയുടെ വസന്തം; ഇത് സഞ്ചാരികളെ കാത്തിരിക്കുന്ന അസ്സൽ ട്രക്കിങ് അനുഭവം
Mail This Article
കേരളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടിയുടെ ഭാഗമായ ചൊക്രാൻമുടിയിലേക്കാണ് യാത്ര. മൂന്നാറിൽനിന്ന് ആനയിറങ്കൽ ഡാമിലേക്കും ചിന്നക്കനാലിലേക്കുമുള്ള വഴിയിൽ ഗ്യാപ് റോഡ് എത്തുന്നതിനു മുൻപ് വലത്തു കാണപ്പെടുന്ന അതിഗംഭീരനായ കൊടുമുടിയാണു ചൊക്രമുടി. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ആനമുടി ദേശീയോദ്യാനത്തിൽ ആയതുകൊണ്ടും മീശപ്പുലിമലയിലേക്കു പോകാൻ കാശു കൂടുതൽ ചെലവാകുമെന്നതുകൊണ്ടും ചൊക്രമുടി സാധാരണ സഞ്ചാരിയെ കാത്തിരിക്കുന്ന അസ്സൽ ട്രക്കിങ് അനുഭവമാണ്.
രണ്ടു വർഷമായി ഇവിടേക്കുള്ള പ്രവേശനം കർശനമായി നിരോധിച്ചിരിക്കുകയായിരുന്നു. കുറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ ആ ദിവസം വന്നെത്തി, ചൊക്രാൻമുടി കയറാനുള്ള അവസരം. ഈ വര്‍ഷം നവംബർ 26 മുതൽ കേരള വനം വകുപ്പിന്റെയും ചൊക്രമുടി വനം സംരക്ഷണ സമിതിയുടെയും ആഭിമുഖ്യത്തിൽ ബൈസൺ ട്രയൽ എന്ന പേരിൽ ട്രെക്കിങ് നടത്തിയിരുന്നു. സ്വദേശികൾക്കു 400 രൂപയും വിദേശികൾക്ക് 600 രൂപയും എന്ന നിരക്കിലായിരുന്നു ട്രെക്കിങ്. തുടക്കം മുതൽ അവസാനിക്കുന്നത് വരെ ഒരു ഗൈഡും ഉണ്ടാവും.
ഞങ്ങളുടെ യാത്ര ആരംഭിച്ചു. ആനവണ്ടിയിലായിരുന്നു യാത്ര. മൂന്നാർ ഇറങ്ങി, അവിടെനിന്ന് ഒരു ഓട്ടോ ചേട്ടനെ കൂട്ടി നേരെ ഗ്യാപ് റോഡിലേക്ക്. അവിടെ നിന്നാണ് ട്രെക്കിങ്ങിനുള്ള പാസ് എടുക്കേണ്ടത്. ട്രെക്കിങ് തുടങ്ങുന്നതിനു മുൻപ് ഞങ്ങൾ ദേവികുളത്തുനിന്നു പ്രഭാത ഭക്ഷണവും കഴിച്ചു കുറച്ചു പാഴ്സലും വാങ്ങി നേരെ ഗ്യാപ്പ്റോഡിലുള്ള ഓഫിസിലേക്കു നീങ്ങി. കഴിഞ്ഞ പ്രളയത്തിന് ഉണ്ടായ മണ്ണിടിച്ചിലിൽ ഗ്യാപ് റോഡ് മുഴുവനായി തകർന്നുപോയിരുന്നു. ആ വഴിയുള്ള ഗതാഗതം ആകെ തടസ്സപ്പെട്ടിരിക്കുകയാണ്.
എല്ലാവരും പാസ് എടുത്തു. ഒരു ഡിക്ലറേഷനും എഴുതിക്കൊടുത്തു. ഞങ്ങളുടെ ഗൈഡ് വിജയകുമാർ എന്നയാളായിരുന്നു, നിർദേശങ്ങൾ നൽകിയ ശേഷം യാത്ര ആരംഭിച്ചു. കുത്തനെയുള്ള കയറ്റമാണ്. ഏകദേശം മൂന്നു കിലോമീറ്റർ ദൂരമുണ്ട്. 5 മണിക്കൂറോളം സമയമെടുക്കും ചൊക്രാൻമുടിയുടെ മുകളിൽ എത്താൻ. 6 പേർക്ക് ഒരു ഗൈഡ് എന്ന രീതിയിലാണ് വനംവകുപ്പ് ക്രമീകരിച്ചിരിക്കുന്നത്. കുത്തനെയുള്ള കയറ്റം പതുക്കെ കയറിത്തുടങ്ങി. 15 മിനിറ്റ് യാത്ര കഴിഞ്ഞപ്പോൾത്തന്നെ കാഴ്ചകൾ കണ്ടു തുടങ്ങി. നീലക്കുറിഞ്ഞി പൂക്കുമ്പോൾ ഈ മലയാകെ കാഴ്ചയുടെ ഒരു വസന്തം തന്നെയാണ് നമുക്ക് നൽകുന്നതെന്ന് ഗൈഡ് പറഞ്ഞു.
മുന്നോട്ടുള്ള യാത്രയിലെ ഒാരോ ചുവടും സ്വർഗത്തിലേക്കുള്ള പടവുകൾ കയറുന്നപോലെ. നല്ല തണുത്ത കാറ്റും കോടമഞ്ഞും കൂടി ആകുമ്പോൾ ഒരു സുഖം. ചൊക്രമുടിയുടെ പകുതി ദൂരം കഴിയുമ്പോൾ ഒരു കുരിശ് കാണാം. ഇവിടെ എല്ലാവർഷവും ദുഃഖവെള്ളിയാഴ്ചയിൽ കുരിശുമലകയറ്റം ഉണ്ട്. ആ സമയത്തു മാത്രമായിരുന്നു ഇതിനു മുൻപ് ചൊക്രമുടി തുറന്നു കൊടുത്തിരുന്നത്. ഒരു ഷോല കടന്നു വേണം മുന്നോട്ടു നീങ്ങാൻ. ഇനിയാണ് ചൊക്രമുടിയുടെ മുകളിലേക്കുള്ള കയറ്റം ശരിക്കും തുടങ്ങുന്നത്. വെയിലുണ്ടെങ്കിലും ഷോലയുടെ ഉള്ളിൽ നല്ല തണുപ്പുണ്ടായിരുന്നു.
ഞങ്ങളുടെ ടീമിനു തൊട്ടു പുറകെ വിദേശികളുടെ ഒരു സംഘമുണ്ടായിരുന്നു. അവരും ഞങ്ങളോടൊപ്പം എത്തി. എവിടെ നോക്കിയാലും അടിപൊളി ദൃശ്യങ്ങൾ. ദേവികുളവും ബൈസൺ വാലിയും ഗ്യാപ് റോഡും ഒക്കെ ദൂരെ കാണാം. മുകളിലേക്കു പോകും തോറും തണുപ്പും കാറ്റും കൂടി വരുന്നുണ്ട്. താരതമ്യേന ദൂരം കുറവെങ്കിലും കുത്തനെയുള്ള കയറ്റം നമ്മെ അവശരാക്കും. 7200 അടി ഉയരത്തിലാണ് ചൊക്രാൻമുടി. ഇടതുവശത്ത് തലയുയർത്തി നിൽക്കുന്ന മീശപ്പുലിമലയും ആനമുടിയുമാണ്. ഒടുവിൽ ഞങ്ങൾ ചൊക്രാൻമുടിയുടെ ഏറ്റവും മുകളിൽ എത്തി. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ സ്ഥലത്തേക്കുള്ള ട്രെക്കിങ് കൂടി പൂർത്തീകരിച്ചതിന്റെയും ഒരുപാട് കാലത്തെ ആഗ്രഹം സഫലമായതിന്റെയും സന്തോഷമുണ്ടായിരുന്നു.
കുറച്ചു സമയം അവിടെ ഇരുന്ന് തണുത്ത കാറ്റും കോട മഞ്ഞുമൊക്കെ ആസ്വദിച്ചു. ചൊക്രമുടിയുടെ മറ്റൊരു പ്രത്യേകത 360° വ്യൂ ആണ്. ദേവികുളം, ബൈസൺ വാലിയും ആനമുടിയും മീശപ്പുലിമലയും ഒക്കെ ചുറ്റി തലയുർത്തിനിൽക്കുന്ന ചൊക്രമുടിയുടെ മുകളിൽ നിൽക്കാൻ സാധിച്ചത് മറക്കാനായില്ല.