ADVERTISEMENT

തങ്കച്ചൻ വിതുര ഇന്ന് അറിയപ്പെടുന്നത് ഒരു സൂപ്പർ ഹിറ്റ് കോമഡി പാട്ടിലൂടെയാണ്.

"മറിയേടമ്മേടെ ആട്ടിന്‍കുട്ടി

മണിയന്റമ്മേടെ സോപ്പു പെട്ടി

പാട്ടുപെട്ടി വട്ടപ്പെട്ടി

വെറുതെ നിന്നാല്‍ കുട്ടംപെട്ടി"

ഈ വരികള്‍ ഏറ്റുപാടാത്ത മലയാളികള്‍ ഇന്നുണ്ടാകില്ല. ഈ ഗാനം പ്രശസ്തമാക്കിയ തങ്കച്ചൻ വിതുര എന്ന ഹാസ്യനടൻ യാത്രാപ്രേമിയാണ്. കാഴ്ചകൾ‌ ആസ്വദിച്ച് കെഎസ്ആർടിസി ബസിന്റെ സൈഡ് സീറ്റിൽ ഇരുന്ന് യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളാണ്. 

സ്വന്തമായി ഇന്ന് വാഹനം ഉണ്ടെങ്കിലും ആ പഴയകാല ഓർമകളിൽ തന്നെ തങ്ങി നിൽക്കുകയാണ് തന്റെ യാത്ര അനുഭവങ്ങൾ എല്ലാമെന്ന് തങ്കച്ചൻ. ഇന്നും അവസരം കിട്ടിയാൽ കെഎസ്ആർടിസി ബസ്സിൽ ചാടിക്കയറി ഏറ്റവും മുമ്പിലെ സീറ്റിലിരുന്ന് യാത്ര ചെയ്യാനാണ് തനിക്ക് ഇഷ്ടമെന്നും തങ്കച്ചൻ പറയുന്നു. പ്രോഗ്രാമിന്റെ ഭാഗമായും അല്ലാതെയും ഒരുപാട് യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും കാഴ്ചകള്‍ ആസ്വദിക്കുവാനായി അധിക സമയം കിട്ടാറില്ല. എന്നാലും കിട്ടുന്ന അവസരങ്ങളിലൊക്കെയും യാത്ര ആസ്വദിക്കാറുണ്ട്.

thankachan-vithura-trave

തമ്പാനൂർ നാഗർകോവിൽ നൈറ്റ് റൈഡർ

തങ്കച്ചനെ നമുക്ക് നൈറ്റ് റൈഡർ എന്ന് തന്നെ വിളിക്കാം. ആ കഥ ഇങ്ങനെ, കെഎസ്ആർടിസി ബസിനോടുള്ള ഇഷ്ടം കൂടിയത് ഇങ്ങനെ ഒരു യാത്ര നടത്തിയപ്പോൾ ആയിരുന്നു. അത് വലിയൊരു കഥയാണ് പണ്ട് ബസും കാറും ബൈക്കും അധികം ഇല്ലാതിരുന്ന കാലത്തെയാണ്. സ്വന്തമായി വണ്ടി ഒന്നുമില്ല. അന്ന് പരിപാടികൾ കഴിഞ്ഞ് തമ്പാനൂർ ബസ് സ്റ്റാൻഡിൽ എത്തുമ്പോൾ രാത്രി ആകും. പിന്നെ വീട്ടിലേക്കുള്ള ബസ് വെളുപ്പിനെ ഉള്ളൂ. പ്രാരാബ്ധങ്ങൾക്കിടയിൽ ജീവിക്കുന്ന ഒരാൾക്ക് റൂമെടുത്തു താമസിക്കാനുള്ള വരുമാനം ഒന്നുമുണ്ടായിരുന്നില്ല. ഇന്നത്തെ പോലെയല്ല, ആ കാലത്ത് ബസ് സ്റ്റാൻഡുകളിൽ ഒക്കെ ഇരിക്കുന്നവരെ പോലീസ് ഓടിച്ചു വിടും, പ്രത്യേകിച്ച് രാത്രികാലങ്ങളിൽ. ഞാൻ രാത്രിയിൽ ആയിരിക്കും മിക്കവാറും പരിപാടി കഴിഞ്ഞ് എത്താറ്. കുറച്ചുനേരം ഒക്കെ കഴിയുമ്പോൾ പോലീസുകാർ വന്ന് ലാത്തിവീശി ഓടിക്കാൻ തുടങ്ങും. പിന്നെ അവിടെ ഇരിക്കാൻ പറ്റില്ല.

അതുകൊണ്ട് എന്ത് ചെയ്യുമെന്ന് ആലോചിച്ചിരുന്ന ഒരു ഘട്ടത്തിലാണ് എനിക്ക് ഒരു ചെറിയ ഐഡിയ തോന്നിയത്. അന്ന് നാഗർകോവിൽ ബസ് സ്റ്റാൻഡിലേക്ക് ബസ് എപ്പോഴുമുണ്ടാകും. തമ്പാനൂരിൽ നിന്നും നാഗർകോവിലിലേക്ക് രണ്ടുമണിക്കൂർ യാത്ര, ഒന്നും ആലോചിക്കാതെ ബസ്സിൽ കയറി ഇരിക്കും. 40 രൂപ കൊടുത്താൽ നാഗർകോവിൽ എത്താം. ആ സമയമത്രയും കിടന്നുറങ്ങും. നാഗർകോവിൽ എത്തി ചെറിയ ഒരു ചായ കുടിച്ച് അടുത്ത ബസിനു തിരികെ തമ്പാനൂരിലേക്ക് പോകും. ബസ് സ്റ്റാൻഡിൽ എത്തുമ്പോൾ വീട്ടിലേക്കുള്ള വണ്ടിയും എത്തിയിട്ടുണ്ടാകും. അങ്ങനെ കുറേക്കാലം തമ്പാനൂരിൽ നിന്നും നാഗർകോവിലിലേക്ക് യാത്ര ചെയ്ത ഒരു അനുഭവം ഉണ്ട് എനിക്ക്. കേൾക്കുമ്പോൾ വട്ടാണെന്ന് തോന്നുമെങ്കിലും അത്തരം രസകരമായ ചില കാര്യങ്ങളും തന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടെന്ന് തങ്കു. ഇതുപോലെ വേറെ ആരൊക്കെയോ ചെയ്തിട്ടുണ്ടെന്ന് താൻ കേട്ടിട്ടുണ്ടെന്നും തങ്കച്ചൻ പറയുന്നു. കാര്യമിതൊക്കെയാണെങ്കിലും അന്നത്തെ കഷ്ടപ്പാടുകളിൽ ഉള്ള ചെറിയ സന്തോഷങ്ങൾ ആയിരുന്നു അതൊക്കെ എന്നും തങ്കച്ചൻ പറയുന്നു.

thankachan-vithura-trave1

"വിദേശരാജ്യങ്ങൾ നിരവധി കണ്ടിട്ടുണ്ടെങ്കിലും എവിടെ പോയാലും നാലാം ദിവസം താൻ തിരിച്ച് വീട്ടിലേക്ക് പോകാൻ കൊതിക്കുന്ന ഒരാളാണ്. മറ്റേതൊരു നാടിനെകാളും എനിക്ക് ഇഷ്ടം സ്വന്തം നാട് തന്നെയാണ്. നമ്മുടെ നാട്ടിലുള്ള അത്ര സൗന്ദര്യവും സമാധാനവും ഒന്നും വേറെ എവിടെ പോയാലും കിട്ടില്ല" തങ്കച്ചൻ പറയുന്നു.

അബദ്ധങ്ങൾ പലവിധം

പല രീതിയിലുള്ള അബദ്ധങ്ങൾ മനുഷ്യർക്ക് പറ്റും. എന്നാൽ തനിക്ക് പറ്റിയ പോലുള്ള അബദ്ധങ്ങൾ ആർക്കും ഉണ്ടായിട്ടുണ്ടാവില്ല എന്നാണ് ഇദ്ദേഹം പറയുന്നത്. "വിദേശരാജ്യങ്ങളിൽ പരിപാടികൾക്ക് പോകുമ്പോൾ പലരും സമയവും സ്ഥലവും ഒക്കെ മറന്നു പോകും അല്ലെങ്കിൽ മാറിപ്പോകും. എന്നാൽ എന്നെ സംബന്ധിച്ച് ഇതൊന്നും അല്ല കേട്ടോ മാറിപ്പോയിട്ടുള്ളത്. ദിവസങ്ങൾ വരെ മാറിപ്പോയ ആളാണ് ഈ ഞാൻ. അതായത് ഒൻപതാം തീയതി പത്തുമണിക്ക് പ്രോഗ്രാം എന്നുള്ളത് പത്താം തിയതി  ഒമ്പതുമണിക്ക് എന്ന്  കണക്കാക്കി പോകും. അതും അന്യ നാട്ടിലേക്ക് ആണെന്ന് ഓർക്കണം. അങ്ങനെ പല പ്രാവശ്യം അമളി പറ്റിയിട്ടുണ്ട്. ഇത് ചിലപ്പോൾ ചരിത്രത്തിൽ എനിക്ക് മാത്രം ഉണ്ടായിട്ടുള്ള കാര്യം ആയിരിക്കും എന്നാണ് എന്റെ അറിവ്."

ഒരിക്കൽ ഷൂട്ടിംഗ് സംബന്ധമായി തൊടുപുഴയിൽ നിൽക്കുന്ന കാലം. തൊടുപുഴ ടൗണിലാണ് താമസം. ഈ ബസ് യാത്രയോടുള്ള ഇഷ്ടം കാരണം ലൊക്കേഷനിൽ നിന്ന് റൂമിലേയ്ക്ക് പോകുന്നത് ബസിലാണ്. ഏതെങ്കിലുമൊരു ബസിൽ കയറി സ്റ്റാൻഡിൽ ചെന്നിറങ്ങും. എന്നിട്ട് റൂമിൽ ചെന്ന് ഫ്രഷായി തിരികെ സ്റ്റാൻഡിലെത്തും. ഏതെങ്കിലും ഒരു ബസ്സിലെ കണ്ടക്ടറോട് ചോദിക്കും ചേട്ടാ ഈ ബസ് എപ്പോൾ തിരിച്ചു സ്റ്റാൻഡിൽ എത്തുമെന്ന്. രാത്രി തന്നെ എത്തുന്ന ബസ് ആണെങ്കിൽ ഞാൻ അപ്പോൾ തന്നെ അതിൽ കയറി ഇരിക്കും. അത് പോകുന്ന വഴികളിൽ ഒക്കെ പോയി തിരിച്ചു അവിടെത്തന്നെ വന്നിറങ്ങും. ഭയങ്കര രസമാണ് ആ യാത്രകളൊക്കെ. ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നത് അത്തരം യാത്രകൾ തന്നെയാണ്. അത് വല്ലാത്തൊരു രസമുള്ള കാര്യമായിരുന്നു. ഇന്നും സമയം കിട്ടിയാൽ ഞാൻ ഓടി ബസിൽ കയറും.

thankachan-vithura-trave2

അമളികൾ ട്രെയിൻ പിടിച്ചും വരും

തീയതികളും ദിവസവും ഒക്കെ മാറി പോകുന്നതുപോലെ സ്ഥലം മാറിപ്പോയ ഒരു അനുഭവം എനിക്കുണ്ട്. പണ്ട് എറണാകുളത്തുനിന്നും മനോരമയുടെ ഒരു പ്രോഗ്രാം ഷൂട്ട് കഴിഞ്ഞ്  തിരികെ നാട്ടിലേക്ക് ട്രെയിൻ കയറി. കുറച്ചുകഴിഞ്ഞ് ഞാൻ ഉറങ്ങിപ്പോയി. ഇടയ്ക്കെപ്പോഴോ കണ്ണുതുറന്നപ്പോൾ ആലപ്പുഴയൊക്കെ കഴിഞ്ഞതായി ഓർമയുണ്ട്. പിന്നെ ഒന്നും ഓർമയില്ല. ഉറക്കം ഒക്കെ കഴിഞ്ഞു കണ്ണു തുറക്കുമ്പോൾ ഞാൻ കാണുന്നത്, ഞാൻ ഇരിക്കുന്ന കമ്പാർട്ട്മെൻറ് നിറയെ കുറേ പനയോലകളുടെ വട്ടികളും നൊങ്കും പല വർണ്ണങ്ങളിലെ പ്ലാസ്റ്റിക് കുടങ്ങൾ ഒക്കെയാണ്. ഇത് എന്താണ് സംഭവം എന്ന് ചിന്തിച്ചുകൊണ്ട് പുറത്തേക്ക് നോക്കിയ ഞാൻ പിന്നെയും ഞെട്ടി. 

പുറത്ത് ആകാശത്തോളം പൊങ്ങി നിൽക്കുന്ന വലിയ ഫാനുകൾ കറങ്ങുന്നു. സത്യം പറയാലോ പണി പാളി എന്ന് എനിക്ക് അപ്പോൾ തന്നെ മനസ്സിലായി. തമ്പാനൂർ ഒക്കെ കഴിഞ്ഞു അങ്ങ് ദൂരെ തമിഴ്നാട്ടിലെ വള്ളിയൂർ എന്ന സ്ഥലത്താണ് ഞാൻ എത്തിയിരിക്കുന്നത്. അങ്ങനെ വഴിതെറ്റി അവിടെ ഇറങ്ങി കുറെ നേരം നിന്നു പിന്നെ തിരികെ വീട്ടിലേക്ക്. എന്റെ ഭാഗ്യത്തിന് ട്രെയിൻ കന്യാകുമാരി വരെ ഉള്ളതായത് രക്ഷയായി.

നടത്തമെന്ന ഹോബി 

ബസ് യാത്ര പോലെ തന്നെ എനിക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ് നടത്തം. എത്ര ദൂരം വേണമെങ്കിലും നടക്കാൻ എനിക്ക് ഒരു മടിയുമില്ല. പണ്ട് വണ്ടിയൊക്കെ കുറവുള്ള കാലത്ത് എന്റെ  നാടായ വിതുരയിൽ നിന്നും തിരുവനന്തപുരത്തേക്ക് നടന്നു ഞാൻ പോയിട്ടുണ്ട്. വിതുരയിൽ നിന്നും തിരുവനന്തപുരത്തേക്ക് 36 കിലോമീറ്റർ ഉണ്ട് എന്ന് ഓർക്കണം. പക്ഷേ ആ ദൂരം ഒന്നും എന്നെ സംബന്ധിച്ച് ഒരു ദൂരമേ അല്ല. തിരുവനന്തപുരത്തുനിന്ന് കൊല്ലം വരെ നടന്നിട്ടുള്ള ആളാണ് ഞാൻ. കയ്യിൽ പൈസ ഇല്ലാഞ്ഞിട്ട് ഒന്നുമല്ല കേട്ടോ, ബസ് കിട്ടാതെ വരുമ്പോൾ വെറുതെ നിൽക്കാൻ എനിക്ക് ഇഷ്ടമല്ല. അപ്പോൾ അങ്ങ് നടക്കും. ഇന്ന് പക്ഷേ ഈ നടത്തം എനിക്ക് സാധിക്കുന്നില്ല. അത് ഇപ്പോഴത്തെ ഏറ്റവും വലിയ പോരായ്മകളിൽ ഒന്നാണ്. നടക്കാത്തതിന്റെ പല ബുദ്ധിമുട്ടുകളും ഇന്നുണ്ട്. വലിയ ടൂർ ഒന്നും പോകാൻ താൽപര്യം ഇല്ലാത്ത ആളാണ് തങ്കച്ചൻ. ഏറ്റവും അടുത്ത സുഹൃത്തുക്കളെ മാത്രം കൂട്ടി യാത്രകൾ നടത്താനാണ് ഇഷ്ടം എന്നും പറഞ്ഞവസാനിപ്പിക്കുന്നു നമ്മുടെ സ്വന്തം തങ്കു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com