ADVERTISEMENT

അഷ്ടമുടിയുടെ തഴുകലേറ്റ്‌ വളര്‍ന്ന കൊല്ലത്തിന്‍റെ പെരുമ വാണിജ്യപരമായ പ്രധാന്യത്തില്‍ മാത്രമല്ല, നാവില്‍ കപ്പലോടിക്കുന്ന തനതായ നാടന്‍ രുചി വൈവിധ്യങ്ങളില്‍ക്കൂടിയാണ്. കൊല്ലം വഴി പോകുമ്പോള്‍ ഇവ ആസ്വദിക്കാതെ തിരിച്ചു വരുന്നത് വലിയ നഷ്ടമായിരിക്കും എന്ന് ഒരിക്കല്‍ ആ രുചികള്‍ അറിഞ്ഞവര്‍ ഒക്കെ പറയും. മികച്ച തനിനാടന്‍ കൊല്ലം രുചിപ്പെരുമ തേടിപ്പോകുന്നവര്‍ക്ക് അധികം ആലോചിക്കാതെ പെട്ടെന്ന് പോകാനായി ഏഴു സ്ഥലങ്ങള്‍.

1. മൂന്നു രൂപ കട

പേര് പോലെത്തന്നെയാണ് ഇവിടെയുള്ള വിഭവങ്ങളുടെ വിലയും. ഉഴുന്നുവട, ഉള്ളിവട, പരിപ്പുവട, സമൂസ, മുളകുബജി, കായബജി, ഗുണ്ട്, മോദകം, കേക്ക്, കബാബ് തുടങ്ങി രുചികരമായ വിഭവങ്ങള്‍ വെറും മൂന്നു രൂപക്ക് കിട്ടുന്ന കടയാണിത്. വിശ്വസിക്കാന്‍ അല്‍പ്പം പ്രയാസം തോന്നുമെങ്കിലും സംഗതി സത്യമാണ്! ഇതു കൂടാതെ വെറും അഞ്ചു രൂപയ്ക്ക് മുട്ടപഫ്സ്, ബീഫ് പഫ്സ്, ചിക്കന്‍ പഫ്സ്, ചിക്കന്‍ കട്ലറ്റ്, ബീഫ് കട്ലറ്റ് എന്നിവയും കിട്ടും! നല്ല ചിക്കന്‍ ബിരിയാണിയുടെ വില കൂടി കേട്ടാല്‍ ഞെട്ടല്‍ പൂര്‍ണ്ണമാകും! വെറും 55 രൂപക്കാണ് സകലതിനും വില റോക്കറ്റ് പോലെ കുതിച്ചുയരുന്ന ഇക്കാലത്തും ഇവിടെ ബിരിയാണി വില്‍ക്കുന്നത്!

കൊല്ലം-തിരുവനന്തപുരം ദേശീയപാതയില്‍ തട്ടാമലയിലാണ് പതിനൊന്നു വര്‍ഷത്തോളമായി ഈ കട തുറന്നു പ്രവര്‍ത്തിക്കുന്നത്.

2. എഴുത്താണിക്കട

കേരളപുരത്താണ് കൊല്ലംകാരുടെ അഭിമാനമായ എഴുത്താണിക്കട. കൊല്ലം-ചെങ്കോട്ട റോഡില്‍ കേരളപുരം ജംഗ്ഷനടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ചായയും കടികളും മാത്രമേയുള്ളൂ ഈ കടയില്‍. എന്നാലെന്താ... ആളൊഴിഞ്ഞ നേരമില്ല! കോയിന്‍ പോറോട്ട, മട്ടണ്‍കറി, പപ്പടം, വെട്ടുകേക്ക്, ചായ എന്നിവയുടെ കോമ്പിനേഷനാണ് ഇവിടത്തെ ഹൈലൈറ്റ്.

ezhuthani-kada

പറഞ്ഞും കേട്ടും നൂറുകണക്കിനാളുകളാണ് ദിനവും ഇവിടെയെത്തുന്നത്. പഴകിയ സാധനങ്ങള്‍ ഒട്ടും തന്നെ ഉപയോഗിക്കാതെ തികച്ചും പ്രകൃതിദത്തവും ഗുണമേന്മയുള്ളതുമായ സാധനങ്ങള്‍ ഉപയോഗിച്ചുണ്ടാക്കുന്ന ഈ വിഭവങ്ങള്‍ മാലോകരുടെ മനം കവരാന്‍ തുടങ്ങിയിട്ട് എഴുപതു വര്‍ഷത്തിലധികമായി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അവയുടെ രുചി ഊഹിക്കാമല്ലോ!

3. സലിം ഹോട്ടല്‍

കൊല്ലത്തിന്‍റെ രുചി പാരമ്പര്യത്തിൽ 60 വർഷങ്ങളായുള്ള സാന്നിധ്യമാണ് ബീച്ച് റോഡിലെ വളരെ പ്രശസ്തമായ സലിം ഹോട്ടല്‍. ഇവിടുത്തെ മട്ടൻ വിഭവങ്ങൾ ആണ് ഏറ്റവും സ്പെഷ്യല്‍. പ്രശസ്തമാണ്. രാവിലെ 5.30 മുതൽ രാത്രി ഒരു മണി വരെ തുറന്നിരിക്കുന്ന ഈ കടയില്‍ മട്ടൻ ബിരിയാണിയാണ് ഹൈലൈറ്റ്. സുലഭമാണ്. വൈകുന്നേരങ്ങളിൽ പൊറോട്ടയും മട്ടൻറോസ്റ്റും കഴിക്കാനായി ഇവിടെയെത്തുന്ന ആളുകള്‍ നിരവധിയാണ്. 

 കള്ളുകട

കൊല്ലം ആശ്രാമം മൈതാനിക്കടുത്തായി സ്ഥിതി ചെയ്യുന്ന ജി ആര്‍ സ്റ്റോര്‍സ് എന്ന കടയെയാണ് കൊല്ലംകാര്‍ സ്നേഹപൂര്‍വ്വം കള്ളുകട എന്ന് ഓമനപ്പേരിട്ട് വിളിക്കുന്നത്. നാരങ്ങയും രഹസ്യ രുചികൂട്ടില്‍ പ്രത്യേകം തയ്യാറാക്കിയ മധുര പാനീയവും മിക്സ് ചെയ്ത് ഉണ്ടാക്കുന്ന കിടിലന്‍ സോഡാനാരങ്ങ വെള്ളമാണ് ഇവിടത്തെ ഹൈലൈറ്റ്. കൂടാതെ കാഷ്യൂ സര്‍ബത്ത്, പൈനാപ്പിള്‍ കള്ളുസോഡ, മുന്തിരി കള്ളുസോഡ തുടങ്ങിയ വെറൈറ്റി രുചികളും ഇവിടെ കിട്ടും. പതിനെട്ടു കൊല്ലമായി, കൊല്ലംകാരുടെ ദാഹമകറ്റുന്ന കള്ളില്ലാത്ത ഈ കള്ളുകട ആരംഭിച്ചിട്ട്.

biriyani1

 ഹോട്ടല്‍ ഫയല്‍വാന്‍

എണ്‍പതു വര്‍ഷത്തോളമായി രുചികളുടെ ഈ ഗോദ കൊല്ലത്തെ ഭക്ഷണപ്രേമികളുടെ ഹൃദയം കീഴടക്കിയിട്ട്. മട്ടന്‍ വിഭവങ്ങളാണ് ഇവിടത്തെ ഹൈലൈറ്റ്. മനംമയക്കുന്ന ദം ബിരിയാണികളുടെ മണം പിടിച്ച് വീണ്ടും വീണ്ടും ഇവിടെയെത്തുന്ന സഞ്ചാരികള്‍ അനവധിയാണ്. കൊല്ലം നഗരത്തിലെ ചിന്നക്കടയിലാണ് ഫയൽവാൻ ഹോട്ടൽ.

 തിരുമുല്ലവാരത്തെ മീന്‍കട

നല്ല പിടക്കുന്ന ഫ്രഷ്‌ മീന്‍ കൊണ്ട് എരിവും പുളിയും ആവോളമിട്ടുണ്ടാക്കുന്ന കിടിലന്‍ മീന്‍കറി കൂട്ടി ചോറുണ്ണണമെന്ന് ആഗ്രഹം ഉള്ളവര്‍ കയ്യും കഴുകി നേരെ വിട്ടോളൂ, കൊല്ലം ടൌണില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ ദൂരെ തിരുമുല്ലവാരത്തുള്ള ചന്ദ്രേട്ടന്‍റെ മീന്‍ കടയിലേക്ക്! നല്ല നാടന്‍ മസാലയൊക്കെ ചേര്‍ത്ത് വിറകടുപ്പില്‍ തയ്യാറാക്കുന്ന മീന്‍ വിഭവങ്ങളാണ് ഇവിടെ കിട്ടുക. മീനിന്‍റെ തല ഉപയോഗിച്ച് ഉണ്ടാക്കുന്ന തലക്കറിയാണ് ഇവിടത്തെ ഹൈലൈറ്റ്. ലൈവായി ഇഷ്ടമുള്ള മീന്‍ തെരഞ്ഞെടുത്ത് വറുത്തു കഴിക്കാനും പറ്റും! ഉച്ച സമയത്തെത്തിയാല്‍ പച്ചടി, തോരന്‍, നാരങ്ങാ അച്ചാര്‍, കൊഞ്ചുകറി, പുളിശ്ശേരി, തലക്കറിയുടെ ചാറ്, മീന്‍ വറുത്തത് എന്നിവയെല്ലാം കൂട്ടി നല്ലൊരു പിടിയങ്ങു പിടിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com