വേനൽചൂടിലും യാത്രകളെ തണുപ്പിച്ച് മൂന്നാർ; കഴിഞ്ഞ ആഴ്ചയും പൂജ്യം ഡിഗ്രി തൊട്ടു
Mail This Article
വേനൽചൂടിൽ കേരളത്തിലെ മറ്റുജില്ലകൾ ചുട്ടുപൊള്ളുമ്പോഴും മൂന്നാർ തണുത്തു വിറച്ചിരിക്കുകയാണ്. കുളിരുള്ള കാലാവസ്ഥ തേടി മൂന്നാറിലേക്ക് നിരവധിപേരാണ് യാത്ര തിരിക്കുന്നത്. മൂന്നാറിലിപ്പോൾ നല്ല തണുപ്പാണ്. കഴിഞ്ഞ ദിവസം താപനില വീണ്ടും പൂജ്യത്തിലെത്തി. കണ്ണൻദേവൻ കമ്പനിയുടെ ചെണ്ടുവര ലോവർ ഡിവിഷനിലാണ് താപനില പൂജ്യം ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. താപനില പൂജ്യത്തിലെത്തിയതോടെ മേഖലയിൽ ചെറുതായി മഞ്ഞുവീഴ്ചയുമുണ്ടായി. സമീപ എസ്റ്റേറ്റുകളായ ചിറ്റുവര, എല്ലപ്പെട്ടി, കുണ്ടള എന്നിവിടങ്ങളൽ പൂജ്യം ഡിഗ്രിയായി.
കാഴ്ചകൾ നിറഞ്ഞ മൂന്നാർ
മഞ്ഞും കുളിരും തേയിലത്തോട്ടങ്ങളുടെ സൗന്ദര്യവുമെക്കെയായി ആരെയും വശീകരിക്കുവാനുള്ള കഴിവുണ്ട് മൂന്നാറിന്. മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടളി എന്നീ മൂന്ന് ‘ആറുകൾ’ ചേരുന്ന സ്ഥലം എന്ന വിശേഷണത്തിൽ നിന്നാണ് മൂന്നാർ എന്ന പേരുണ്ടായത്. പള്ളിവാസൽ, ദേവികുളം, മളയൂർ, മാങ്കുളം, കുട്ടമ്പുഴ പഞ്ചായത്തുകൾക്കു നടുവിലാണ് മൂന്നാർ. ടാറ്റയുടെ ഉടമസ്ഥതയിലുള്ള തേയിലത്തോട്ടങ്ങളാണ് മൂന്നാറിന്റെ ഭൂപ്രകൃതിക്ക് അടുക്കും ചിട്ടയുമുണ്ടാക്കിയത്.
പച്ചപ്പ് നിറഞ്ഞ തേയില തോട്ടങ്ങള്‍, കോളോണിയല്‍ പാരമ്പര്യം പേറുന്ന ബംഗ്ലാവുകള്‍, വെള്ളച്ചാട്ടങ്ങള്‍, ശീതകാലാവസ്ഥ എന്നിവയാണ് മൂന്നാറിനെ ശ്രദ്ധേയമാക്കുന്നത്.ട്രക്കിങ്ങിനും മലനിരകളിലെ ബൈക്ക് സഞ്ചാരത്തിനും താത്പര്യമുള്ളവരെയും മൂന്നാര്‍ നിരാശപ്പെടുത്തില്ല. മൂന്നാറിലെ ഏറ്റവും പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ഇരവികുളം ദേശീയോദ്യാനം. മൂന്നാറില്‍ നിന്ന് 15 കി. മീ. ദൂരെ സ്ഥിതി ചെയ്യുന്ന ഇവിടം വരയാടുകള്‍ എന്ന വംശനാശം നേരിടുന്ന ജീവിവര്‍ഗത്തിന്റെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമാണ്.അടുത്ത ആകർഷണം ആനമുടി. ഇരവികുളം ദേശീയോദ്യാനത്തിനുള്ളിലാണ് ആനമുടി. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 2700 മീറ്റര്‍ ഉയരത്തിലുള്ള ആനമുടി തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. ഈ കൊടുമുടിയിലേക്കുള്ള യാത്രയ്ക്ക് വനം വന്യജീവി വകുപ്പിന്റെ പ്രത്യോകാനുമതി ആവശ്യമാണ്.
മാട്ടുപെട്ടി : മൂന്നാര്‍ പട്ടണത്തില്‍ നിന്ന് 13 കി. മീ. അകലെയാണ് മാട്ടുപെട്ടി. സമുദ്രനിരപ്പില്‍ നിന്ന് 1700 മീറ്റര്‍ ഉയരത്തിലുള്ള ഇവിടെ ജലസംഭരണത്തിനുള്ള ചെറിയ അണക്കെട്ടും മനോഹരമായ തടാകവുമുണ്ട്. ഈ തടാകത്തില്‍ സഞ്ചാരികള്‍ക്ക് ബോട്ടിംഗ് നടത്താം.
ചിന്നക്കനാല്‍
മൂന്നാറിനു സമീപമുള്ള ചിന്നക്കനാലിന്റെ മുഖ്യ ആകര്‍ഷണം സമുദ്രനിരപ്പില്‍ നിന്ന് 2000 മീറ്റര്‍ ഉയരത്തിലുള്ള ഒരു പാറയില്‍ നിന്നുള്ള വെള്ളച്ചാട്ടമാണ്. പവര്‍ഹൗസ് വെള്ളച്ചാട്ടമെന്നാണ് ഇത് അറിയപ്പെടുന്നത്.
ടോപ്‌സ്റ്റേഷന്‍
സമുദ്രനിരപ്പില്‍ നിന്ന് 1700 മീറ്റര്‍ ഉയരത്തിലാണ് മൂന്നാറില്‍ ന്ിന്ന് 3 കി. മീ. ദൂരത്തുള്ള ടോപ് സ്റ്റേഷന്‍. മൂന്നാര്‍ - കൊടൈക്കനാല്‍ റോഡിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണിത്. ഇവിടെ നിന്നാല്‍ മൂന്നാറിലെ കാഴ്ചകൾ മാത്രമല്ല തമിഴ്‌നാടിന്റെ ചില പ്രദേശങ്ങള്‍ കൂടി വീക്ഷിക്കാനാവും. നീലക്കുറിഞ്ഞി പൂക്കുന്ന പ്രദേശം കൂടിയാണിവിടം.
തേയില മ്യൂസിയം
പച്ചപ്പ് നിറഞ്ഞ തേയിലക്കുന്നുകൾ കാഴ്ചയിൽ തന്നെ എന്തു മനോഹരമാണ്.തേയിക്കൃഷിയുടെ വികാസ പരിണാമങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ഒരു മ്യൂസിയം മൂന്നാറിലുണ്ട്.തേയില ഉല്‍പാദനത്തിന്റെ കഥ വിവരിക്കുന്ന നിരവധി ഫോട്ടോകള്‍, യന്ത്രസാമഗ്രികള്‍, കൗതുക വസ്തുക്കള്‍ എന്നിവ ഈ മ്യൂസിയത്തിലുണ്ട്.