അതിരപ്പിള്ളി-വാഴച്ചാൽ-വാല്‍പ്പാറ വഴി ഇൗ കിടുക്കൻ വ്യൂപോയിന്റിൽ എത്താം
Mail This Article
ചൂടുകൂടുന്ന കാലാവസ്ഥയിൽ മിക്കവരും തണുപ്പുള്ള സ്ഥലങ്ങളിലേക്ക് യാത്ര തിരിക്കാറുണ്ട്. ഇത്തരം സമയത്താണ് മൂന്നാറിനേയും ഊട്ടിയെയും കൊടൈക്കനാലിനെയും സ്മരിക്കുന്നത്. സ്ഥിരം പോകാറുള്ള സ്ഥലങ്ങളിൽ നിന്നും മാറി ഇത്തവണത്തെ യാത്ര നല്ലമുടിപൂഞ്ചോലയിലേക്കാണ്.
അതിരപ്പള്ളി - വാഴച്ചാൽ - മലക്കപ്പാറ കടന്നു വാൽപ്പാറ വഴിയായിരുന്നു യാത്ര. കാടിന്റെ സൗന്ദര്യം ആസ്വദിച്ചും ശുദ്ധവായു ശ്വസിച്ചും ഒരു കിടിലൻ യാത്ര. ഈ യാത്രയിൽ ചില നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. അതിൽ പ്രധാനം വാഴച്ചാൽ ചെക്ക് പോസ്റ്റ് കടന്നാൽ രണ്ടര മണിക്കൂർകൊണ്ട് മലക്കപ്പാറ ചെക്ക് പോസ്റ്റ് എത്തിയിരിക്കണം എന്നതാണ്. കാനനപാത ആയതുകൊണ്ടും, വേഗ പരിധി ഉള്ളതുകൊണ്ടും ചില്ലറ വിട്ടുവീഴ്ചകൾ പകൽ സമയത്ത് ഉണ്ടാകും എന്ന് ആശ്വസിക്കാം. കാനനപാത ആയതുകൊണ്ട് മിക്കപ്പോഴും ഈ റൂട്ട് കട്ടുകൊമ്പന്മാരുടെ കൈവശമായിരിക്കും.
അതിരപ്പള്ളി - വാഴച്ചാൽ - മലക്കപ്പാറ - ഷോളയാർ എല്ലാം കറങ്ങി ഞങ്ങൾ വൈകിട്ടോടെ വാൽപ്പാറയിൽ എത്തി. ഗ്രീൻ ഹിൽസ് ഹോട്ടലാണ് താമസത്തിനായ് തെരഞ്ഞെടുത്തത്. പിറ്റേന്ന് ഹോട്ടലിൽ നിന്നും രാവിലെ തന്നെ യാത്ര തുടങ്ങി. വാൽപ്പാറയിൽ നിന്ന് ഏകദേശം 16 കിലോമീറ്റർ കാണും നല്ലമുടിപൂഞ്ചോലയിലേക്ക്. മലകളും തെരുവുകളും പച്ചപ്പ് നിറഞ്ഞ തേയിലത്തോട്ടങ്ങളും ഉള്ള വഴി. അതിരപ്പള്ളി - മലക്കപ്പാറ യാത്ര പോലെ അത്ര വന്യത ഇല്ലെങ്കിലും, ഓരോ സ്ഥലവും ശ്രദ്ധയോടെ വേണം കടന്നു പോകാൻ. നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും എന്നാണല്ലോ. കാട്ടുപോത്ത്, ആന,കാട്ടുപന്നികൾ ,ചോര കുടിയൻ അട്ടകൾ , എന്ന് വേണ്ട പുലി വരെ ഇവിടെയുണ്ട്. = പലതരം പക്ഷികളും ഈ യാത്രയിലെ വഴിയോര കാഴ്ചകളാണ്.
പോകുന്നത് കാനന പാത ഒന്നുമല്ലെങ്കിലും പേടി ഒരു പ്രധാന ഘടകമായിരുന്നു. പ്രകൃതി സൗന്ദര്യം കാമറയിൽ പകർത്താനായി ചിലയിടങ്ങളിൽ ഇറങ്ങി.
ചുറ്റും തേയിലത്തോട്ടം , അതിനു നടുവിലൂടെയാണ് യാത്ര.തേയിലത്തോട്ടം എല്ലാം സസൂക്ഷ്മം പരിശോധിക്കണം . അതിനിടയിൽ കാട്ടുപോത്ത്, പന്നികൾ,മയിൽ അങ്ങനെ പലതും കാണാം. അങ്ങനെ മുന്നോട്ട് പോകുമ്പോൾ ജയശ്രീ റ്റീ ഫാക്ടറി കാണാൻ സാധിക്കും. ഔട്ട്ലെറ്റ് സൗകര്യമില്ല എന്ന് തോന്നുന്നു. അവിടെ നിന്ന് മുന്നോട്ട് പോകുമ്പോൾ നമുക്കു സ്വാഗതമേകി ഷോളയാർ-കല്ലാർ റ്റീ എസ്റ്റേറ്റ് കവാടം ഉണ്ട്. ഇതെല്ലാം കടന്നു വേണം നല്ലമുടിയിൽ എത്താൻ.
നല്ലമുടിപൂഞ്ചോല
വാല്‍പ്പാറയില്‍ നിന്ന് കുറച്ച് ഉള്ളിലേക്കാണ് നല്ലമുടിപൂഞ്ചോല.നല്ലമുടിയുടെ പ്രവേശന കവാടത്തിനടുത്തായി തമിഴ്‌നാട് ഫോറെസ്റ് ഡിപ്പാർട്ട്മെന്റിന്റെ ചെക്ക് പോസ്റ്റ് ഉണ്ട്.അവിടെ നിന്നും അനുമതി കിട്ടിയാൽ മാത്രമേ പ്രവേശനം നടക്കൂ. തേയിലത്തോട്ടത്തിനു നടുവിലൂടെ നടന്നു വേണം വ്യൂപോയിന്റിൽ എത്താൻ. ആനയും കാട്ടുപോത്തും എല്ലാം ഇറങ്ങുന്ന സ്ഥലമായതുകൊണ്ടാണ് അനുമതി വേണ്ടി വന്നത്. അതുകൊണ്ടു തന്നെ കൃത്യമായ മുന്നറിയിപ്പ് കിട്ടിയാൽ മാത്രമേ അവിടേക്ക് പോകാവൂ.
വാൽപ്പാറയിൽ നിന്ന് ബസ് സർവീസ് ഉള്ള റൂട്ടിൽ ആണ് നല്ലമുടി. പ്രൈവറ്റ് വാഹനങ്ങളെയും അവിടേക്കുള്ള യാത്രയിൽ ആശ്രയിക്കാവുന്നതാണ്. വാൽപ്പാറയിൽ നിന്നും ഏകദേശം 16 km കാണും ഇവിടേക്ക്. നല്ലമുടിപൂഞ്ചോലയുടെ പ്രവേശന കവാടം വരെ വാഹനങ്ങൾക്ക് അനുമതിയുള്ളു.
ഞങ്ങൾ പോയ സമയത്തു നല്ല മഴയും കോടയും ഉണ്ടായിരുന്നു. ഇവ രണ്ടും അനുവധിച്ചെങ്കിൽ മാത്രമേ ഇവിടെനിന്നുള്ള കൃത്യമായ വ്യൂ ആസ്വദിക്കാൻ കഴിയൂ. അങ്ങനെ മൺപാതയും കല്ലുവിരിച്ച പാതയും കടന്നു വ്യൂപോയിന്റിൽ എത്തി. യാത്രക്കാർക്ക് സുരക്ഷിതമായി നിന്ന് കാഴ്ചകൾ ആസ്വദിക്കുന്നതിനു തമിഴ്‌നാട് ഫോറെസ്റ് ഡിപ്പാർട്ട്മെന്റിന്റെ വകയായി വാച്ച് ടവർ ഒരുക്കിയിട്ടുണ്ട്.വാച്ച് ടവറില്‍ നിന്ന് നോക്കിയാൽ ഏകദേശം 8 - 10 വെള്ളച്ചാട്ടങ്ങൾ കാണാൻ സാധിക്കും. അതും കാലാവസ്ഥ അനുകൂലമായാൽ മാത്രം.ആ ശാന്തതയിൽ കുറച്ചു നേരം ചിലവഴിച്ച ശേഷം തിരികെ വണ്ടിയുടെ അടുത്തേക് നടന്നു. പാർക്കിങ് സ്ഥലത്തോട് ചേർന്ന് ചെറിയ ഒരു ചായക്കട ഉണ്ട് , അവിടെ നിന്ന് ഒരു ചായയും കുടിച്ചു നേരെ അടുത്ത സ്ഥലത്തേക്കു യാത്ര തിരിച്ചു.