ADVERTISEMENT

ലോക്ഡൗണ്‍ കാലത്തായിരുന്നു ചലച്ചിത്രതാരം മണികണ്ഠന്‍ ആചാരിയുടെ വിവാഹം. മാസങ്ങള്‍ക്കുമുമ്പേ തീരുമാനിച്ചുറപ്പിച്ച വിവാഹം കൊറോണയുടെ അനന്തരഫലമായി ഏറ്റവും ലളിതമായിട്ടാണ് നടത്തിയത്. ആളും ആരവവുമില്ലാതെ ബന്ധുക്കളുടേയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ തന്റെ പ്രണയിനിയ്ക്ക് താരം താലി ചാര്‍ത്തി. എന്നാല്‍ കല്യാണം നടത്തുന്നതിനായി മാറ്റിവച്ച തുകയിൽ ഒരംശം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കാന്‍ മണികണ്ഠനും ഭാര്യ അഞ്ജലിയും തീരുമാനിച്ചത് ഈ ദുരിതകാലത്തും ആശ്വാസവും ആര്‍ക്കും പ്രചോദനമേകുന്നതുമായ കാര്യമായി. 

വിവാഹതിരായാല്‍ പിന്നെയുള്ളത് ഹണിമൂണ്‍ യാത്രകളാകുമല്ലോ. എന്നാല്‍ തന്റെ വിവാഹം നടന്നപ്പോള്‍ അതിനുള്ള സാഹചര്യം ഇല്ലാതെപോയെന്ന് മണികണ്ഠന്‍. ശരിയാണ്. എത്രനാള്‍ ഇങ്ങനെ നാം വീടുകള്‍ക്കുള്ളില്‍ തുടരണമെന്നും മനസ്സ് നിറഞ്ഞൊരു യാത്ര എന്ന് സാധ്യമാകും എന്നൊന്നും ആര്‍ക്കുമറിയില്ല. എങ്കിലും എല്ലാവരേയും പോലെ തനിക്കും ചില യാത്രസ്വപ്‌നങ്ങള്‍ ഒക്കെയുണ്ടെന്നാണ് താരം പറയുന്നത്.

Celebrity-Travel-Manikandan

കോസ്റ്റ്‌ലിയല്ല ഭാര്യ, ഹോംലിയാണ് 

ജീവിതത്തിലെ ഒരു പുതുയാത്രയുടെ തുടക്കത്തിലാണ് ഞാനിപ്പോള്‍. കൂട്ടിനൊരാളുമുണ്ട്. പ്രണയവിവാഹമായിരുന്നു ഞങ്ങളുടേത്. ലോക്ഡൗണ്‍ കാലത്ത് വിവാഹതിരായതിനാല്‍ എവിടേയും പോകാന്‍ സാധിച്ചിട്ടില്ല. അഞ്ജലിയുടെ വീട്ടില്‍ മാത്രമാണ് ഇതുവരെ പോയത്. ഭാര്യയുടെ ആഗ്രഹങ്ങള്‍ ഇനിമുതല്‍ നമ്മുടേയും ആഗ്രഹങ്ങളാണല്ലോ, അങ്ങനെ നോക്കുമ്പോള്‍ ഭാര്യയുടെ ആഗ്രഹത്തിന് മുന്‍ഗണന കൊടുക്കണം. ലോക്ഡൗണ്‍ കഴിഞ്ഞാല്‍ ആദ്യം കണ്ണൂര്‍ പോകണമെന്നാണ് അവളുടെ ആഗ്രഹം. ഒരു ഇടതുപക്ഷ സഹയാത്രികയാണ് എന്റെ ഭാര്യ. അവരുടെ സ്വപ്‌നനാടാണല്ലോ കണ്ണൂര്‍. അതുകൊണ്ട് ഈ കൊറോണക്കാലം കഴിഞ്ഞ് യാത്ര ചെയ്യാനായാല്‍ ഞങ്ങള്‍ ആദ്യം പോവുക കണ്ണൂരിലേക്ക് ആയിരിക്കും. മുഴുവന്‍ നാടും അറിയാനും അനുഭവിക്കാനും ശ്രമിക്കും.

Celebrity-Travel-Manikandan3

പുള്ളിക്കാരിയ്ക്ക് അങ്ങനെ വലിയ യാത്രാസ്വപ്‌നങ്ങള്‍ ഒന്നുമില്ല. അമേരിക്ക, ഓസ്‌ട്രേലിയ, സ്വിറ്റ്‌സര്‍ലന്‍ഡ് ഒന്നും ലിസ്റ്റിലില്ല. അത്തരം കോസ്റ്റ്‌ലിയായ സ്വപ്‌നങ്ങള്‍ ഒന്നും ഇല്ലാത്ത ആളാണ് എന്റെ ഭാര്യ. ഹോംലിയായ ഒരു ഭാര്യയാണ് അഞ്ജലി. ആലപ്പുഴ, വയനാട് ഒക്കെയാണ് ആകെയുള്ള ഇഷ്ടയിടങ്ങള്‍. കേരളത്തിനകത്ത് തന്നെ കൂടുതല്‍ യാത്ര നടത്താനാണ് അവള്‍ക്കും എനിക്കും ഇഷ്ടം.

വേറിട്ട തീവണ്ടിസഞ്ചാരങ്ങള്‍

ഓരോ യാത്രയും നമുക്ക് സമ്മാനിക്കുന്നത് പുതിയ അനുഭവങ്ങള്‍ ആണല്ലോ. എനിക്കും അങ്ങനെ ഒരുപാട് അനുഭവങ്ങള്‍ യാത്രകള്‍ സമ്മാനിച്ചിട്ടുണ്ട്. ഞാന്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്തിട്ടുള്ളത് തൃപ്പൂണിത്തുറയില്‍ നിന്നും ചെന്നൈയ്ക്കാണ്. അതുപല രീതിയിലാണ്, ടിക്കറ്റില്ലാതെ, കയ്യില്‍ അഞ്ചുപൈസയില്ലാതെ, സീറ്റിനടിയിലൊക്കെ കിടന്നാണ് ആദ്യകാലത്തൊക്കെ യാത്ര ചെയ്തിരുന്നത്. പിന്നീട് സിനിമയില്‍ എത്തിയശേഷം ഏസി കംപാര്‍ട്ടുമെന്റിലും പോയിട്ടുണ്ട്. അങ്ങനെ ട്രെയിന്‍ യാത്രയുടെ പല വേരിയേഷനുകളും അനുഭവിച്ചിട്ടുണ്ട്. എനിക്കിഷ്ടവും നമ്മുടെ നാട്ടിലൂടെ യാത്ര ചെയ്യാനാണ്. വയനാടും അട്ടപ്പാടിയുമെല്ലാം കണ്ടാലും മതിവരാത്തയിടങ്ങള്‍ തന്നെ. ഒരു സ്ഥലത്ത് പോയാല്‍ പെട്ടെന്ന് കണ്ടുമടങ്ങല്‍ എന്റെ ശീലമല്ല, അവിടെ ഒരാഴ്ച്ച താമസിച്ച് മുഴുവന്‍ സ്ഥലവും കണ്ടറിഞ്ഞശേഷമേ ഞാന്‍ മടങ്ങു. കാര്‍ബണ്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി കാട്ടിലൊക്കെ താമസിക്കാന്‍ സാധിച്ചു. അട്ടപ്പാടിയും പരിസരപ്രദേശങ്ങളുമെല്ലാം അന്ന് കണ്ടു. പിന്നീട് ഷൂട്ടിങ്ങിനല്ലാതെയും അവിടെയൊക്കെ പോയി.

Celebrity-Travel-Manikandan1

തവാങ്ങിന്റെ സൗന്ദര്യം

ഒരിക്കല്‍ ഒരു നാടകസംഘത്തിനൊപ്പം ഉത്തരേന്ത്യന്‍ പര്യടനത്തിന് പോയത് മറക്കാനാവില്ല. തവാങ്ങിലേയ്ക്കായിരുന്നു ആ യാത്ര. ഭാഷയില്ലാത്ത നാടകം അവതരിപ്പിച്ച് ഞങ്ങള്‍ പല നാടുകളിലൂടെ സഞ്ചരിച്ചു. പല സംസ്‌കാരങ്ങളും ആളുകളും ജീവിതവുമെല്ലാം നിറഞ്ഞൊരു ഗംഭീരസഞ്ചാരം. ആദ്യമായിട്ടാണ് നമ്മളില്‍ നിന്നും വ്യത്യസ്തരായ മനുഷ്യരെ കണ്ടുമുട്ടുന്നതും ഇടപഴകുന്നതും. പിന്നെ തവാങ്ങിന്റെ സൗന്ദര്യം വിവരിക്കാനാവില്ല. വല്ലാത്തൊരു ഫീലായിരുന്നു അവിടെയായിരുന്നപ്പോള്‍. ഒരു യാത്രയെ മനോഹരമായ ഒന്നാക്കി മാറ്റാന്‍ തവാങിന് പ്രത്യേക സവിശേഷതകള്‍ ഉണ്ട്. മൊണാസ്ട്രികളുടെ വാസഭൂമിയാണ് ഈ നാടെന്ന് പറയാം. ആത്മീയതയുടെ സുഗന്ധത്തില്‍ പൊതിഞ്ഞ പ്രകൃതി സൗന്ദര്യത്താല്‍ ആരേയും ആഹ്ലാദിപ്പിക്കുന്ന ഒരു സ്ഥലമാണ് തവാങ്.

സ്വപ്‌നയാത്ര വല്ലതും മനസ്സിലുണ്ടോ?

അത് പറഞ്ഞാല്‍ ആളുകള്‍ കളിയാക്കുമോ എന്നാണ് സംശയം. എന്റെ വലിയൊരു സ്വപ്‌നം ആ യാത്രയാണ്. അത് പക്ഷേ ഇപ്പോഴൊന്നും സാധ്യമാക്കാനാകില്ല. മക്കളൊക്കെ വലുതായി അമ്മയെ അവരെ ഏല്‍പ്പിച്ച് ഒരു പോക്ക് പോകണം. പല നാടുകളിലൂടെ. ഒരു അഡ്രസുമില്ലാതെ ആ പോക്കില്‍ മരിക്കണം. അതാണെന്റെ സ്വപ്നം. ജീവിച്ചിരിക്കുമ്പോള്‍ അത്യാവശ്യം നല്ലരീതിയില്‍ തന്നെ ജീവിതം ആഘോഷിക്കണം. പക്ഷേ എന്റെ അവസാനം ഇപ്പോള്‍ പറഞ്ഞതുപോലെ മേല്‍വിലാസമില്ലാതെയായിരിക്കണം എന്നാണ്. ഇത് കേട്ടിട്ട് എല്ലാവരും കരുതും എനിക്ക് വട്ടാണെന്ന്. എന്നാല്‍ എല്ലാ മനുഷ്യര്‍ക്കും ഉണ്ടാകുമല്ലോ അവരവരുടേതായ ചില കുഞ്ഞുവട്ടുകള്‍. അതുപോലെ കണ്ടാല്‍ മതി ഇതും എന്ന് പറഞ്ഞ് മണികണ്ഠന്‍ വാക്കുകള്‍ അവസാനിപ്പിക്കുന്നു.

English Summary: Actor Manikandan Achari's travel experiences

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com