ADVERTISEMENT

പുസ്തകളിലും സീനറികളിലും കാണുന്ന ചിത്രം പോലെയാണിപ്പോൾ ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാതയിലെ മേലാറ്റൂര്‍സ്റ്റേഷൻ. ദൃശ്യവിരുന്നൊരുക്കിരിക്കുകയാണ് ഗുൽമോഹർ പൂക്കള്‍. ചുവന്ന പട്ടുവിരിച്ചപോലെ ഗുല്‍മോഹര്‍ പൂക്കൾ വിതറിയിരിക്കുകയാണ് മേലാറ്റൂര്‍ പ്ലാറ്റ്ഫോമിലും റെയില്‍പാതയിലും. നയനമനോഹരമാണ് ഇൗ കാഴ്ച. ചുവപ്പണിഞ്ഞ മേലാറ്റൂര്‍സ്റ്റേഷന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണിപ്പോൾ.

മലപ്പുറം ജില്ല കലക്ടറിന്റെ ഒൗദ്യോഗിക ഫേസ്ബുക് പേജിലും ഗുൽമോഹർ പൂക്കൾ വിരിച്ച മേലാറ്റൂര്‍സ്റ്റേഷന്റെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. വേനൽക്കാലത്ത്‌ പൂക്കുകയും വസന്തം കഴിയുന്നതോടെ പൊഴിയുകയും ചെയ്യുന്നതാണ്‌ ഗുൽമോഹർ. പൊഴിഞ്ഞുവീഴുന്ന പൂക്കൾ വഴികളെ വർണാഭമാക്കുന്നതും ഗുൽമോഹറിനെ ഏറെ പ്രിയങ്കരിയാക്കുന്നു.

കൊറോണ ഭീതിയെ തുടർന്ന് ലോക്ഡൗൺ ആയതോടെ ഈ റെയിൽ പാതയിൽ ട്രെയിൻ ഗതാഗതം നിലച്ചിട്ട് നാളുകളായി. തിരുവനന്തപുരത്തേക്കുള്ള രാജ്യറാണി എക്​സപ്രസും ഷൊർണൂർ-നിലമ്പൂർ പാസഞ്ചറുകളുമാണ്​ ഈ റൂട്ടിൽ സർവിസ് നടത്തുന്നത്. കേരളത്തിലെ മനോഹരമായ റെയിൽവേ റൂട്ടുകളിലൊന്നാണ് ഷൊർണൂർ-നിലമ്പൂർ പാത. ഷൊർണൂരിൽ നിന്നു നിലമ്പൂരിലേക്ക് സർവീസ് നടത്തുന്ന രാജ്യറാണി എക്സ്പ്രസ് ട്രെയിൻ സഞ്ചരിക്കുന്നത് തേക്കിൻ തോട്ടത്തിനു നടുവിലൂടെയുള്ള പാളത്തിലൂടെയാണ്. 

ഷൊർണൂർ – നിലമ്പൂർ ട്രെയിൻ യാത്ര

നാല് പുഴകളാണ് പോകും വഴി ഉള്ളത്. കുലുക്കല്ലൂരിനും ചെറുകരക്കും ഇടയിലുള്ള കുന്തിപ്പുഴ, പട്ടിക്കാടിനും മേലാറ്റൂരിനും ഇടയിലുള്ള വെള്ളിയാർ പുഴ,  മേലാറ്റൂരിനും തുവ്വൂരിനും ഇടയിലുള്ള ഒലിപ്പുഴ, വാണിയമ്പലത്തിനും നിലമ്പൂർ റോഡിനും ഇടയിലുള്ള കുതിരപ്പുഴ. അങ്ങാടിപ്പുറമാണ് കൂട്ടത്തിലെ ഒരു പ്രധാന സ്റ്റേഷൻ.  ഒരുപാട് സിനിമകളുടെ ലൊക്കേഷൻ.  കൃഷ്ണഗുഡി എന്ന് പറഞ്ഞാൽ പെട്ടന്ന് മനസ്സിലാവും.

സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ് നിലമ്പൂർ. പേരു കേൾക്കുമ്പോൾ തന്നെ ഉള്ളിൽ തണുപ്പുതോന്നിപ്പിക്കുന്ന പട്ടണമാണ് നിലമ്പൂർ. തേക്കുതോട്ടങ്ങൾക്കുള്ളിലൂടെ ഇരുളിമയാർന്ന റോഡും നീലഗിരിയുടെ ഇങ്ങേച്ചെരുവിലെ ഇടതൂർന്ന കാടുകളും ആരെയും ആകർഷിക്കും. തേക്ക് മ്യൂസിയത്തിന്റെ കുളിരാണ് നിലമ്പൂരിന്റെ പ്രധാന ആകർഷണം. ഇവിടെത്തന്നെയുള്ള ബയോ റിസോഴ്സ് പാർക്ക് ചിത്രശലഭങ്ങളുടെ മേടാണ്.നിലമ്പൂരിൽ നിന്നു 18 കിലോമീറ്റർ യാത്ര ചെയ്താൽ നെടുങ്കയത്ത് എത്താം. മഴക്കാടുകൾക്കു പ്രശസ്തമാണ് നെടുങ്കയം. ഇവിടെ നിന്ന് ഏറെ അകലെയല്ല ആഡ്യൻപാറ വെള്ളച്ചാട്ടം. വേനൽക്കാലത്ത് നീരൊഴുക്കു കുറയുമെങ്കിലും ആഢ്യൻപാറയുടെ ഭംഗി കുറയുന്നില്ല. സമീപകാലത്ത് പ്രശസ്തിയാർജിച്ച കേരളക്കുണ്ട് നിലമ്പൂരിനു സമീപത്തെ പുത്തൻ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.

നിലമ്പൂരിൽ നിന്ന് തേക്കും ഈട്ടിയും കടത്താൻ 1921ലാണ് ബ്രിട്ടീഷുകാർ ഷൊർണുർ നിലമ്പൂർ പാത പണിതത്.  രണ്ടാംലോക മഹായുദ്ധ കാലത്ത് ഏക്കറു കണക്കിന് തേക്ക് മുറിച്ചു കടത്തി.  പിന്നീട് യുദ്ധത്തിൽ ഇരുമ്പ് അവശ്യം വന്നപ്പോൾ അവർ തന്നെ പാളം മുറിച്ചു കൊണ്ടുപോയി.  പിന്നീട് 1954ൽ പുനഃസ്ഥാപിച്ചു. 

ഷൊർണുറിനും നിലമ്പൂരിനും ഇടയിൽ 14 ട്രെയിൻ സർവീസുകൾ ഉണ്ട്.  50 കിലോമീറ്റർ യാത്രയിൽ 50 ദിവസങ്ങളുടെ അനുഭവം നൽകുന്നു ഷൊർണൂർ – നിലമ്പൂർ ട്രെയിൻ യാത്ര.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com