ADVERTISEMENT

തെക്കിന്‍റെ കാശ്മീര്‍ എന്ന് മൂന്നാറിനെ വിളിക്കുന്നത് വെറുതെയല്ല. പശ്ചിമഘട്ടത്താല്‍ ചുറ്റപ്പെട്ട് മഞ്ഞണിഞ്ഞ നീലമലനിരകളും തേയിലത്തോട്ടങ്ങളും നിറഞ്ഞ മൂന്നാര്‍, എന്നും എക്കാലത്തും വിനോദ സഞ്ചാരികളുടെ പറുദീസയാണ്. കൊച്ചിയില്‍ നിന്ന് എളുപ്പത്തില്‍ വന്നെത്താം എന്നതും ഒരു പ്രധാന പ്ലസ് പോയിന്റാണ്. മൂന്നാറിലേക്ക് യാത്ര ചെയ്യുമ്പോള്‍ ഒരിക്കലും വിട്ടു പോകരുതാത്ത ഒരിടമുണ്ട്- കാര്‍ഷിക ഗ്രാമമായ വട്ടവട. 

തമിഴ്നാട് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന വട്ടവടയിലെത്താന്‍ മൂന്നാറില്‍ നിന്ന് 40 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കണം. മാട്ടുപ്പെട്ടി ഡാമും പാമ്പാടുംചോല ദേശീയോദ്യാനവും കടന്നു സ്വപ്നം പോലെ സുന്ദരമായ ഒരു യാത്ര.

vattavada-trip

ആനവണ്ടിയിലെ മൂന്നാര്‍ യാത്ര

കൊച്ചിയില്‍ നിന്ന് മൂന്നാറിലേക്കുള്ള യാത്രക്കായി മലയാളികള്‍ സ്നേഹത്തോടെ 'ആനവണ്ടി' എന്ന് വിളിക്കുന്ന കെ എസ് ആര്‍ ടി സിയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ അതിരാവിലെ തന്നെ യാത്ര പുറപ്പെടുന്നതാണ്‌ നല്ലത്. ബസില്‍ അഞ്ചു മണിക്കൂര്‍ സമയമെടുക്കും മൂന്നാറിലെത്താന്‍. മൂന്നാറിലെത്തി മാട്ടുപ്പെട്ടി ജീപ്പ് സ്റ്റാന്‍ഡില്‍ നിന്നും വട്ടവടയിലേക്ക് ഷെയര്‍ ജീപ്പ് സര്‍വീസ് ഉണ്ട്. ഒരു മണിക്കൂര്‍ ദൂരം ജീപ്പിലിരുന്ന് യാത്ര ചെയ്താല്‍ വട്ടവടയായി. 

കൊച്ചിയില്‍ നിന്ന് വട്ടവടയിലേക്ക് പോകാന്‍ നേരിട്ടുള്ള ബസും ഉണ്ട്. പുലര്‍ച്ചെ നാലുമണിക്ക് എറണാകുളം കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ നിന്നും ആരംഭിച്ച് വട്ടവടയില്‍ രാവിലെ പത്തരയ്ക്ക് എത്തുന്ന ബസ് ആണിത്. അത്രയും നേരത്തെ യാത്ര പുറപ്പെടാന്‍ പറ്റുമെങ്കില്‍ ഇതാണ് ബെസ്റ്റ് ഓപ്ഷന്‍. പെരുമ്പാവൂര്‍-കോതമംഗലം റൂട്ടിലൂടെ, നേരിയമംഗലം വനത്തിന്‍റെ ഹരിതശീതളിമയേറ്റ് വെള്ളച്ചാട്ടങ്ങളും പര്‍വ്വതനിരകള്‍ക്കിടയിലൂടെ പുലരി മെല്ലെ അരിച്ചെത്തുന്ന കാഴ്ചയും കണ്ടാസ്വദിച്ച് അങ്ങനെ പോകാം. കാട്ടു ചീവീടുകളുടെ ശബ്ദവും വളഞ്ഞു പുളഞ്ഞു പോകുന്ന മലനിരകള്‍ക്കിടയിലൂടെ തഴുകിയെത്തുന്ന കാറ്റുമെല്ലാം പകരുന്ന അനുഭൂതി, സഞ്ചാരികളെ സംബന്ധിച്ച് അവിസ്മരണീയമായ അനുഭവമാണ്. ലോകം ഇത്ര മനോഹരവും സമാധാനപൂര്‍ണ്ണവുമായിരുന്നോ എന്ന് അത്ഭുതത്തോടെ ഓര്‍ത്തു പോകുന്ന അപൂര്‍വ്വനിമിഷങ്ങള്‍!

munnar-ksrtc

ഉയരം കൂടുന്തോറും കാഴ്ചകള്‍ക്ക് രുചി കൂടും!

മൂന്നാറിന്‍റെ ഉയരങ്ങളിലാണ് മലയാളികളുടെ പ്രഭാതങ്ങള്‍ക്ക് ദശാബ്ദങ്ങളായി രുചി പകരുന്ന കണ്ണന്‍ ദേവന്‍ തേയിലയുടെ ജന്മദേശം. മൂന്നാറില്‍ എങ്ങും വ്യാപിച്ചു കിടക്കുന്ന കണ്ണന്‍ ദേവന്‍ തേയില എസ്റ്റേറ്റിന്‍റെ കാഴ്ച അതീവ സുന്ദരമാണ്. സൂര്യപ്രകാശത്തിന്‍റെ ഏറ്റക്കുറച്ചിലും ഇലകളുടെ പ്രായവ്യത്യാസവുമനുസരിച്ച് പച്ചയുടെ ഇന്നുവരെ കാണാത്ത പലവിധ ഷേഡുകള്‍ കാണാം. ഇടയ്ക്കിടെ പുഷ്പവര്‍ഷം നടത്തുന്ന ഉയരമുള്ള മരങ്ങള്‍... തേയില നുള്ളാന്‍ കൊട്ടയുമായി അവയ്ക്കിടയിലൂടെ പതിയെ നടന്നു നീങ്ങുന്ന തൊഴിലാളികളെയും കാണാം. 

കാഴ്ചകള്‍ കണ്ട് ജീപ്പില്‍ ഒരു യാത്ര- കോവിലൂര്‍ - ടോപ്‌ സ്റ്റേഷന്‍ റോഡ്‌

മൂന്നാറില്‍ നിന്ന് വട്ടവടയിലേക്ക് ജീപ്പിലുള്ള യാത്രയാണ് ബസില്‍ യാത്ര ചെയ്യുന്നതിനേക്കാള്‍ നല്ലത്. കൊച്ചിയില്‍ നിന്ന് മൂന്നാറിലേക്ക് ബസ് ചാര്‍ജ് നൂറു രൂപയില്‍ താഴെയേ വരൂ. മൂന്നാര്‍ ടൌണില്‍ നിന്നും വട്ടവടയിലേക്ക് ജീപ്പില്‍ പോകാന്‍ ഒരാള്‍ക്ക് എഴുപതു രൂപയാണ് ചാര്‍ജ്. ഇതിനായി കോവിലൂരിലേക്കാണ് ബസ് ടിക്കറ്റ് എടുക്കേണ്ടത്. ജീപ്പില്‍ യാത്ര ചെയ്യുമ്പോള്‍ വട്ടവട സ്വദേശികളെ പരിചയപ്പെടാം. അവരുടെ ജീവിത രീതിയും മറ്റും മനസിലാക്കാം. കോടമഞ്ഞ്‌ വ്യാപിക്കും എന്നതിനാല്‍ വൈകുന്നേരം അഞ്ചു മണി വരെയേ ജീപ്പ് സര്‍വീസ് ഉള്ളൂ. മാത്രമല്ല, വഴിയില്‍ വന്യമൃഗങ്ങളും കണ്ടേക്കാം.

മാട്ടുപ്പെട്ടി ഡാം, ഇക്കോ പോയിന്‍റ്, കുണ്ടള ഡാം, യെല്ലപ്പെട്ടി, ടോപ്‌ സ്റ്റേഷന്‍, പാമ്പാടും ചോല ചെക്ക് പോസ്റ്റ്‌ എന്നിങ്ങനെ നിരവധി സ്ഥലങ്ങള്‍ ഈ യാത്രക്കിടെ സന്ദര്‍ശിക്കാം. കോവിലൂരില്‍ നിന്നും വട്ടവടയിലേക്കുള്ള ഈ  ഏഴു കിലോമീറ്റര്‍ ദൂരം കാഴ്ച്ചകളും അനുഭവങ്ങളും കൊണ്ട് സമ്പന്നമാണ്. ഭാഗ്യമുണ്ടെങ്കില്‍ വഴിയില്‍ ആനകളെയും മാനുകളേയും കാണാം. 

വട്ടവട വ്യൂ പോയിന്റ്

മൂന്നാര്‍ കഴിഞ്ഞാല്‍ ഓര്‍ക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്. ബി എസ് എന്‍ എല്ലിനു മാത്രമേ ഇവിടെ നെറ്റ്വര്‍ക്ക് ഉള്ളു. കുറെ ദിവസത്തേക്കുള്ള പ്ലാന്‍ ആണെങ്കില്‍ ഒരു ബി എസ് എന്‍ എല്‍ സിം കൂടി കയ്യില്‍ കരുതുന്നതാണ് നല്ലത്. 

ടോപ്പ് സ്റ്റേഷൻ റോഡിൽ പ്രവേശിക്കുമ്പോൾത്തന്നെ ഇടതുവശത്ത് പച്ച നിറത്തില്‍ തമിഴ്‌നാട്‌ സംസ്ഥാനത്തേക്ക് സ്വാഗതം പറയുന്ന ഒരു പഴയ സൈന്‍ ബോർഡ് കാണാം. ദേവികുളം പഞ്ചായത്ത് കഴിഞ്ഞ് പതിനൊന്നാം മൈലിന് ശേഷം ഈ റോഡ് തമിഴ്‌നാട് ഡിവിഷന് കീഴിലാണ്. തേനി ജില്ലയും കൊളുക്കുമല പർവതനിരകളും ഇവിടെ നിന്നും നോക്കിയാല്‍ കാണാം. മൂടല്‍മഞ്ഞും വെയിലും മാറി മാറി വരുന്ന മനോഹരമായ കാഴ്ച ഇവിടെ നിന്നും ആസ്വദിക്കാം. 

ചെക്ക്പോസ്റ്റ് കടന്നുകഴിഞ്ഞാൽ കേരളത്തില്‍ തിരിച്ചെത്തും. മൂന്നാറിനെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയർന്ന റെയിൽ‌വേ സ്റ്റേഷനായിരുന്നു ഈ ടോപ്പ് സ്റ്റേഷന്‍. 1924 ൽ തമിഴ്‌നാട്ടില്‍ ഉണ്ടായ വലിയ വെള്ളപ്പൊക്കം മൂന്നാറിനെ വളരെ ദാരുണമായി ബാധിക്കുകയും ഇത് പൂർണമായും തകരുകയും ചെയ്തു. ലങ്കൂർ, നീലഗിരി മാർട്ടിൻ, ജയന്റ് ബൈസൺസ്, ഭീമന്‍ മലയണ്ണാൻ, വിവിധതരം സസ്യജന്തുജാലങ്ങൾ, അതിമനോഹരമായ വന-പർവതക്കാഴ്ചകള്‍ എന്നിവയാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.

vattavada

പാമ്പാടും ചോല വനത്തിനുള്ളിലെ എട്ടു കിലോമീറ്റര്‍ യാത്രയില്‍ വനത്തില്‍ എവിടെയും നിര്‍ത്താന്‍ പാടില്ല. പ്ലാസ്റ്റിക്ക് എറിയാനും നിര്‍ത്തി ഫോട്ടോയെടുക്കാനും വന്യജീവികളെ ശല്യപ്പെടുത്താനും പാടില്ല എന്നും കര്‍ശന നിര്‍ദേശം ഉണ്ട്. ഇരുവശങ്ങളിലും യൂക്കാലിപ്റ്റസ് മരങ്ങള്‍ നിറഞ്ഞ വനപാതയിലൂടെയുള്ള യാത്രയാണിത്‌. ഇത് കഴിഞ്ഞാല്‍ കോവിലൂര്‍-വട്ടവട റോഡിലേക്ക് പ്രവേശിക്കുന്ന രണ്ടാം ചെക്ക് പോസ്റ്റ്‌ കാണാം. ഇവിടെ നിന്നും മൂന്നു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വട്ടവടയായി. ഈ മൂന്നു കിലോമീറ്റര്‍ നടക്കുന്നതാണ് ഏറ്റവും മികച്ച വഴി. 

തമിഴ് ചുവയുള്ള മലയാളം സംസാരിക്കുന്ന ആളുകളെയും സ്ട്രോബറി തോട്ടങ്ങളും സൂര്യകാന്തിപ്പൂക്കളും ഓമനിച്ചു വളര്‍ത്തുന്ന പലവിധം പച്ചക്കറികളുമെല്ലാം കണ്ടു മഞ്ഞും മഴയുമേറ്റ് അങ്ങനെ നടക്കാം.

vattavada-gif

English Summary : Ksrtc Journey To The Misty Hills Of Vattavada

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com