ADVERTISEMENT

ഐതിഹ്യങ്ങൾ നിറഞ്ഞ അനേകം മനകൾ നമ്മുടെ കേരളത്തിലുണ്ട്. അത്തരത്തിൽ പ്രശസ്തമായ ഒരു മനയാണ് തൃശ്ശൂർ ജില്ലയിലുള്ള പാമ്പുമേക്കാട്ടുമന. ചാലക്കുടിക്ക് 11 കിലോമീറ്റർ അകലെയുള്ള വടമ എന്ന ഗ്രാമത്തിലാണ് പ്രശസ്തമായ പാമ്പുമേക്കാട്ട് മന സ്ഥിതി ചെയ്യുന്നത്. മനയുടെ പേരിലെ പാമ്പ് തന്നെയാണ് മനയെ പ്രശസ്തമാക്കുന്നത്. പാമ്പുകളും മനയും തമ്മിൽ അഭേദ്യമായ ഒരു ബന്ധമുണ്ട്. ആ കഥ അറിഞ്ഞാലേ മനയുടെ പ്രാധാന്യവും വിനോദ സഞ്ചാര മേഖലയിൽ ഇവിടം എത്രത്തോളം പ്രത്യേകത അർഹിക്കുന്നുവെന്നും അറിയൂ.

കേരളത്തിലെ പ്രശസ്തമായ സർപ്പാരാധന കേന്ദ്രമാണ് പാമ്പുമേക്കാട്ട് മന. സർപ്പദോഷത്തിനുള്ള പരിഹാര കർമ്മങ്ങൾക്കായി നിരവധി ഭക്തജനങ്ങളാണ് പാമ്പുംമേക്കാട് മനയിൽ എത്തിച്ചേരുന്നത്‌.

മുമ്പ് മേക്കാട് മന എന്നായിരുന്നു ഇവിടം അറിയപ്പെട്ടിരുന്നത്. സർപ്പാരാധന ഇവിടെ ആരംഭിച്ചതോടെയാണ് പാമ്പ് മേക്കാട് മന എന്ന് വിളിക്കാൻ തുടങ്ങിയതും. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ ഈ മനയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. പാമ്പുകളുമായി ബന്ധമുണ്ടെങ്കിലും മനയിൽ സർപ്പാരാധന എന്നാണ് ആരംഭിച്ചത് എന്നത് വ്യക്തമല്ല.

ഐതിഹ്യമാലയിൽ മനയെക്കുറിച്ച് പറയുന്ന കഥ ഇങ്ങനെയാണ്. മേക്കാട്ടുമനക്കാരുടെ അതീവ ദാരിദ്ര്യത്തിൽ മനംനൊന്ത് മനക്കലെ മൂത്ത നമ്പൂതിരി തിരുവഞ്ചികുളം ക്ഷേത്രത്തിൽ ഭജന ഇരിക്കാൻ പോയി. ഒരു ദിവസം നമ്പൂതിരിയുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ട സർപ്പരാജാവായ വാസുകി അദ്ദേഹത്തിന് മാണിക്യക്കല്ല് നൽകിയെന്നും അതിലൂടെ അവരുടെ ദാരിദ്രം ഇല്ലാതായെന്നുമാണ് വിശ്വാസം. സർപ്പരാജവായ വാസുകിയും നാഗയക്ഷിയുമാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠകൾ. വാസുകിയിൽ നിന്ന് ലഭിച്ച മാണിക്യകല്ല് ഈ മനയിൽ ഇപ്പോഴുമുണ്ടെന്നാണ് വിശ്വാസം.

തെക്കേക്കാവ്

മനയ്ക്കു ചുറ്റുമായി അഞ്ചു കാവുകളുണ്ട്. ഇതിൽ തെക്കേ കാവാണ് ഏറ്റവും പ്രധാനം. നാനാദേശങ്ങളിൽ നിന്ന് ഏറ്റെടുക്കുന്ന കാവുകളിലെ ദേവതകളെയെല്ലാം പ്രതിഷ്ഠിക്കുന്നത് ഈ കാവിലാണ്. മനയിലെ അടു‌ക്കളയിൽ ആല്ലാതെ മറ്റൊരിടത്തും തീകത്തിക്കാൻ അനുവാദമില്ലാത്തതിനാൽ ‘തെക്കേക്കാവ്' എന്നറിയപ്പെടുന്ന തെക്കേപറമ്പിലാണ് സർപ്പങ്ങളോ ഇവിടുത്തേ അന്തേവാസികളോ മരിച്ചാൽ ചിത ഒരുക്കുന്നത്.

നാഗർകോവിലുമായുള്ള പാമ്പുമ്മേക്കാട്ടു മനയ്ക്കുള്ള ബന്ധം

പ്രശസ്തമായ നാഗർകോവിൽ നാഗരാജ അമ്പലത്തിൽ തന്ദ്രിക അവകാശം പാമ്പുമേക്കാട്ടു മനയ്ക്കുണ്ട്. പാമ്പുമേക്കാട്ടു മന നാഗർകോവിൽ നാഗരാജ അമ്പലവുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ട്. മനയിൽ ജനിക്കുന്ന ആൺകുട്ടികളെ ഉപനയനത്തിന്ന് മുന്നേ നാഗർകോവിലിൽ നാഗരാജ അമ്പലത്തിൽ കൊണ്ടുപോയി തൊഴിക്കുന്ന പതിവ് ഇപ്പോഴും തുടർന്ന് വരുകയാണ്.

ഒരു കാലത്ത് ഉയർന്ന ജാതിക്കാർക്ക് അല്ലാതെ മറ്റാർക്കും ഇവിടേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. വിശേഷദിവസങ്ങളിൽ മാത്രമാണ് മറ്റുള്ളവർക്ക് പ്രവേശനം അനുവദിച്ചിരുന്നത്. എന്നാൽ ഇന്ന് അതൊക്കെ മാറി എല്ലാവർക്കും എത്തിച്ചേരാം. മനയുടെ അകത്തേക്ക് പ്രവേശനം മിഥുനം, കർക്കിടകം, ചിങ്ങം, ഒഴികെ വരുന്ന ഏതു മലയാള മാസം ഒന്നാം തീയതിയും കർക്കിടകം അവസാന ദിവസവും. മേടം പത്തിനും എല്ലാ ഭക്തജനങ്ങൾക്കും മനയുടെ എല്ലാ കാവുകളിലും പ്രവേശനം ഉണ്ടായിരിക്കുന്നതാണ്. രാവിലെ 9 മുതൽ വൈകിട്ട് അഞ്ചുവരെയാണ് ഇത് അനുവദിക്കുക. മനയിലെ അംഗങ്ങൾ ചേർന്നു രൂപീകരിച്ച ട്രസ്റ്റിനാണ് ഇവിടത്തെ നടത്തിപ്പു ചുമതല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com