അസാധാരണ നിർമിതി, ഫ്രഞ്ചും ഇംഗ്ലിഷും സംസാരിച്ച തലശ്ശേരി കോട്ട
Mail This Article
ചരിത്രമുറങ്ങുന്ന കോട്ടകൾ പലതുമുണ്ട് കേരളത്തിൽ; കഴിഞ്ഞ കാലത്തിന്റെ മഹിമയും പ്രൗഢിയും വെളിവാക്കുന്നവ. മറ്റു സംസ്ഥാനങ്ങളിലെ പേരെടുത്ത കോട്ടകളെപ്പോലെ ആഘോഷിക്കപ്പെട്ടിട്ടില്ലെങ്കിലും സഞ്ചാരികളുടെയും ചരിത്രപഠിതാക്കളുടെയും പ്രിയപ്പെട്ട ഇടങ്ങളാണ് ഈ കോട്ടകൾ. ഒറ്റനോട്ടത്തിൽ ലളിതമാണെങ്കിലും നിർമിതിയിലെ വൈദഗ്ധ്യവും സൂക്ഷ്മതയും മറ്റും പരിഗണിച്ചാൽ കേരളത്തിലെ കോട്ടകൾ അസാധാരണ നിർമിതികളാണ്. അതിലൊന്നാണ് തലശ്ശേരി കോട്ട
തലശ്ശേരികോട്ട
1683-ല്‍ ഈസ്റ്റിന്ത്യാ കമ്പനി മലബാര്‍ തീരത്ത് അധിവാസമുറപ്പിച്ചതിന്റെ തെളിവാണ് അവര്‍ 1703-ല്‍ നിർമിച്ച തലശ്ശേരി കോട്ട. തെയ്യത്തിന്റെ നാടായ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി പട്ടണത്തിലാണ് ഈ കോട്ട. ചത്വരങ്ങളും കൊത്തുപണികൾ നിറഞ്ഞ വാതായനങ്ങളും കടലിലേക്കുള്ള രഹസ്യതുരങ്കങ്ങളും ഒക്കെയായി പ്രാദേശിക ചരിത്രത്തിന്റെ ഏടുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ചതുരാകൃതിയിലുള്ള ഈ ഭീമാകാരമായ കോട്ട.
തലശ്ശേരിയിൽ വെറും കുരുമുളകുവ്യാപാരികളായി വന്ന ഇംഗ്ലിഷുകാർ ഒരു നൂറ്റാണ്ടുകാലത്തിനിടയിൽ നാടിന്റെ ഭരണാധികാരികളായിത്തീർന്ന ചരിത്രത്തിന്റെ പ്രതീകം കൂടിയാണീ കോട്ട. തലശ്ശേരിയിൽ ആദ്യമായി ഒരു മൺകോട്ട കെട്ടിയ ഫ്രഞ്ചുകാർക്ക് ഇംഗ്ലിഷുകാരുടെ വരവോടെ സ്ഥലം വിട്ടൊഴിഞ്ഞു പോവേണ്ടിവന്നു. ഇംഗ്ലിഷുകാർ തിരുവിതാംകൂറിൽ അഞ്ചുതെങ്ങും മലബാറിൽ തലശ്ശേരിയും കേന്ദ്രമാക്കിക്കൊണ്ടു കച്ചവടം തുടങ്ങുകയും പടിപടിയായി അഭിവൃദ്ധിപ്പെടുകയുമാണുണ്ടായത്.ഒരുകാലത്ത് തലശ്ശേരിയുടെ വികസനത്തിന്റെ ചുക്കാൻ പിടിച്ചിരുന്നത് ഈ കോട്ടയായിരുന്നു. ഇന്ന് ഇതൊരു ചരിത്ര സ്മാരകമാണ്. ഈ കോട്ടയെ കേന്ദ്രീകരിച്ചാണു തലശ്ശേരി പട്ടണം വളരാൻ തുടങ്ങിയത്.
ഗുണ്ടർട്ട് ബംഗ്ലാവ്
മലയാള ഭാഷയ്ക്കും പത്രപ്രവർത്തനത്തിനും സമഗ്ര സംഭാവനകൾ നൽകിയ ജർമൻ മിഷനറി ഹെർമൻ ഗുണ്ടർട്ടിന്റെ തലശ്ശേരിയിലെ വസതിയാണ് ഇല്ലിക്കുന്നിൽ സ്ഥിതി ചെയ്യുന്ന ഗുണ്ടർട്ട് ബംഗ്ലാവ്. 1839 ൽ ഇവിടെ താമസമാക്കിയതിനു ശേഷമാണ് മലയാളത്തിലെ ആദ്യ സമ്പൂർണ നിഘണ്ടുവും (1859) ആദ്യപത്രമായ രാജ്യ സമാചാരവും അദ്ദേഹം പ്രസിദ്ധീകരിച്ചത്. ഇവിടെനിന്നു തന്നെയാണ് പശ്ചിമോദയവും പ്രസിദ്ധീകരിച്ചിരുന്നത്. തലശ്ശേരി കോട്ടയ്ക്ക് സമീപമാണീ ബംഗ്ലാവ്.
കോട്ടയ്ക്ക് പിന്നിലായി ഇംഗ്ലിഷുകാർ പണികഴിപ്പിച്ച ഒരു സിഎസ്ഐ പള്ളിയും സ്ഥിതി ചെയ്യുന്നുണ്ട്.
English Summary: Thalassery Fort Kannur