ADVERTISEMENT

രണ്ടു സിദ്ധാന്തങ്ങളാണ് വിജനവീഥിയിലൂടെയുള്ള യാത്രയിൽ തെളിഞ്ഞത്. ആദ്യത്തേത് ഇങ്ങനെ- ഒരു വഴിയിലൂടെ ഒരു യാത്രയേ പറ്റൂ. കാഴ്ചകൾക്കു വലിയ മാറ്റമുണ്ടാകും രണ്ടാം യാത്രയിൽ.  രണ്ടാമത്തേത്- കാറിലിരുന്നു കാണുന്നതുപോലെയല്ല ബൈക്ക് യാത്രയിൽ. കാറിന്റെ കാഴ്ചകൾ ഒരു ടെലി ലെൻസിന്റേതുപോലെ ഇടുങ്ങിയതായിരിക്കുമ്പോൾ ബൈക്ക് യാത്രികരുടേത് വൈഡ് ലെൻസിന്റേതുപോലെ വിശാലമായിരിക്കും. രണ്ടാമത്തെ ‘സിദ്ധാന്തക്കാഴ്ച’കളാകാം ആദ്യം. പുള്ളി രേഖപ്പെടുത്തുന്ന  വാസൽരണ്ടുപേരുണ്ടായിരുന്നു മിറ്റിയോറിൽ. 

munnar-travel8

മൂന്നാറിലെത്തുംമുൻപ് പള്ളിവാസലിൽ താമസം. കേരളത്തിലെ ആദ്യ ജലവൈദ്യുതപദ്ധതി പള്ളിവാസലിൽ ആണ്. 1940 ൽ ശ്രീചിത്തിരതിരുനാൾ രാജാവാണ് തിരുവനന്തപുരത്തേക്കു വൈദ്യുതി കൊണ്ടുപോകാൻ ഈ പദ്ധതി കമ്മിഷൻ ചെയ്തത്. ശ്രീചിത്തിരപുരം എന്നൊരു ഗ്രാമമുണ്ട് ഈ ഓർമയ്ക്കായി. 

പള്ളിവാസൽ ശരിക്കും ഒരു കവാടമാണ്. ഇപ്പോൾ മൂന്നാറിന്റെ.  മുൻപ് തൊഴിലാളികളുടെയും. പുള്ളിവാസൽ എന്നാണ് തേയിലഫാക്ടറികളുടെ ബോർഡിൽ. സുഹൃത്ത് ക്രിസ്റ്റോ ജോസഫ് ആണ് ആ പേരിന്റെ കഥ പറഞ്ഞത്. പുള്ളി എന്നാൽ ഹാജർ മാർക്ക്.

munnar-travel9

വാസൽ- വാതിൽ. തൊഴിലാളികളെ ഹാജർ രേഖപ്പെടുത്തി ജോലിക്കു വിട്ടിരുന്നത് ഇവിടെവച്ചായിരുന്നതുകൊണ്ടാണത്രേ ഈ പേര്. പെൻസ്റ്റോക് പൈപ്പുകൾ കണ്ട് രാവിലെ ചെറുവഴികളിലൂടെ കറക്കം. തണുത്തകാറ്റിനെ വകഞ്ഞുമാറ്റാൻ വിൻഡ്സ്ക്രീനുണ്ട് മിറ്റിയോറിന്. അതുകൊണ്ടു സുഖകരമായി ബൈക്കോടിക്കാം. മുകളിലേക്ക്, ചെറുവഴികളിലൂടെ ഓടിച്ചുചെന്നപ്പോൾ കിട്ടിയത് അതിസുന്ദരമായ പ്രഭാതക്കാഴ്ച. പിന്നെ മിറ്റിയോർ എത്തിയത് പെൻസ്റ്റോക് പൈപ്പുകൾക്കു മുകളിലെ ചെറുവഴിയിലൂടെ മലമുകളിൽ. അവിടെ തുരങ്കങ്ങളുണ്ട്. ഫോട്ടോ എടുക്കാൻ അനുമതി വേണം. ബൈക്കേഴ്സ് തീർച്ചയായും മൂന്നാറിലെ ചെറുവഴികളിലൂടെ യാത്ര ചെയ്യണം. 

munnar-travel5

അതിശയിപ്പിക്കുന്ന ആംഗിളിൽ മൂന്നാർ കാണാം.  പക്ഷിജാലങ്ങൾ ആ മലമുകളിൽ തിമിർക്കുന്നുണ്ട്. പെൻസ്റ്റോക് പൈപ്പുകളെ പക്ഷിക്കണ്ണിലൂടെയെന്നവണ്ണം മുകളിൽനിന്നു പടമെടുക്കാം. ബൈക്ക് യാത്രികർക്കു മാത്രം ലഭിക്കുന്ന അനുഭവമാണ് ഇങ്ങനെ ചെറുവഴികളിലൂടെയുള്ള യാത്ര. 

munnar-travel2

അകലെനിന്നു കാണും ആറ്റുകാട്

ഇനി മൂന്നാറിലെ അധികമാരും കാണാത്ത ഒരിടം. റോയൽ എൻഫീൽഡ് ആപ് വഴി ലൊക്കേഷൻ സെറ്റ് ചെയ്തു- ആറ്റുകാട് വെള്ളച്ചാട്ടം. തിരിയേണ്ട സ്ഥലമെത്തുമ്പോൾ മിറ്റിയോറിന്റെ വലതുവശത്തെ ഡിജിറ്റൽ ഡിസ്പ്ലേയിൽ ആരോ മാർക്ക് കാണിക്കും. മിറ്റിയോർ വീണ്ടും പ്രധാനറോഡിലേക്ക്.  പിന്നെ പള്ളിവാസൽ അങ്ങാടിയിൽനിന്ന് താഴേക്ക്.   

സഞ്ചാരികൾ തേയിലത്തോട്ടത്തിലൂടെയുള്ള റോഡിലൂടെ വെള്ളച്ചാട്ടം നോക്കിനടപ്പുണ്ട്. വലിയവരെ അടുത്തറിയരുത് എന്ന ചൊല്ലുപോലെയാണ് ആറ്റുകാട് വെള്ളച്ചാട്ടത്തിന്റെയും അവസ്ഥ. വലിയ വെള്ളച്ചാട്ടം വഴിയിൽനിന്നു കാണാം. എന്നാൽ, ആറ്റുകാടിന്റെ അടിവാരത്തേക്കു നമുക്ക് എത്താൻ പറ്റില്ല. പിന്നെയും താഴേക്കു ബൈക്കോടിച്ചാൽ ചെറിയ ജലപാതങ്ങളായി പാറക്കൂട്ടങ്ങളെ തല്ലിയും തലോടിയും പായുന്ന നദിയുടെ കുറുകെയുള്ള  പാലത്തിലെത്തും.  അക്കരെയൊരു കുഞ്ഞുവീട്. ഏലച്ചെടികളാൽ ആലിംഗനം ചെയ്യപ്പെട്ട ആ വീട് ഒരു കഫേ കൂടിയാണ്. വീട്ടുകാരി റാണി നൽകിയ  ലെമൺടീ  രുചിച്ച് ആറ്റുകാട് കണ്ടുനിൽക്കുന്നതു രസകരം. പള്ളിവാസലിൽ താമസിക്കുമ്പോൾ ആറ്റുകാടിലേക്ക് പ്രഭാതസവാരി ആകാം. 

munnar-travel4

മൂന്നാർ അനങ്ങുന്നു

munnar-travel6

ഡിസംബറിന്റെ കുളിരിൽ മൂന്നാറിനെ ചൂടാക്കിയിരുന്നതു സഞ്ചാരികളുടെ പ്രവാഹമായിരുന്നു. ഇത്തവണ കോവിഡ് ഭീതി മറന്ന് ജനമെത്തിത്തുടങ്ങിയിട്ടുണ്ട്. കെഎസ്ആർടിസി ഡിപ്പോയുടെ അടുത്തുള്ള ഗ്രാൻഡിസ് തോട്ടം മുതിരപ്പുഴയാറിൽ തെളിഞ്ഞുകാണാം. മാലിന്യം കുറവാണ്. ഡിപ്പോയിൽ യാത്രികർക്ക് ബെഡ് സൗകര്യമുള്ള ബസുകൾ നിർത്തിയിട്ടിരിക്കുന്നു. അവിടെനിന്ന് മിറ്റിയോറിൽ ഇടത്തോട്ടു തിരിയാനുള്ള നിർദേശം ലഭിച്ചു. അപ്പോൾ മൂന്നാർ പോകുന്നില്ലേ? ഇല്ല. നമുക്ക് ലക്ഷ്മി എസ്റ്റേറ്റിലൂടെ തിരിച്ച് അടിമാലിയിലേക്കെത്താം. 

ആദ്യ സിദ്ധാന്തത്തിലേക്ക് 

munnar-travel1

ഇതേ മിറ്റിയോർ ആണ് ഫാസ്റ്റ്ട്രാക്ക് ആദ്യം ടെസ്റ്റ് ചെയ്തത്. അന്ന് അതിരപ്പിള്ളിയിലേക്കായിരുന്നു യാത്ര. ഇന്നിതാ ആരുമില്ലാത്ത എസ്റ്റേറ്റ് വഴിയിലൂടെയും. മൂന്നാറിൽനിന്നു കണ്ണൻദേവൻ കമ്പനിയുടെ കീഴിലുള്ള ലക്ഷ്മി എസ്റ്റേറ്റിലൂടെ ആനക്കുളം വരെ. ക്രൂസർ ബൈക്ക് ആയതിനാൽ പിന്നിൽ ഇരിക്കുന്നതും സുഖകരമായിരുന്നു. ഈ പാതയിലൂടെ മൂന്നാമത്തെ വരവാണ്. പക്ഷേ, മിറ്റിയോറുമായി വന്നതുകൊണ്ടാണോ എന്നറിയില്ല, വഴി തികച്ചും പുതിയതായി തോന്നി. ഒരു പുഴയിൽ ഒരു തവണയേ കുളിക്കൂ എന്നതുപോലെയാണ് ഒരു വഴിയിലൂടെ ഒരിക്കൽ മാത്രമേ സഞ്ചരിക്കൂ എന്നത്. 

ഇനി മാപ്പിന് വിട

munnar-travel

ഒരു വഴിയേ ഉളളൂ സർ. കൺഫ്യൂഷൻ വേണ്ട. ലയങ്ങളിൽനിന്നു നിർദേശം കിട്ടി. റോഡ് ചിലയിടത്തു മോശമായിട്ടുണ്ട്. എസ്റ്റേറ്റിലൂടെയാണു യാത്രയെന്നതിനാൽ ആഹാരപാനീയാദികൾ പ്രതീക്ഷിക്കേണ്ട. നല്ല തണുപ്പാണ് ഏതു സമയത്തും. ആദിത്യൻ ഭഗവാൻ എവിടെ എന്നു ചോദിച്ചാൽ- ആനകേറാമാമലയിൽ ആനകളി കണ്ടുനിൽക്കുകയാണെന്നു മറുപടി കിട്ടുന്ന അവസ്ഥ. പച്ചപ്പിൽ പൊട്ടുകൾ പോലെ പൈക്കൾ മേയുന്നു. ഒറ്റപ്പാറ, ലക്ഷ്മി, വിരിപാറ എന്നീ ഗ്രാമങ്ങളുണ്ട് 1075 ഹെക്ടർ വിസ്തൃതിയുള്ള എസ്റ്റേറ്റിൽ. അപ്പുറത്തും ഇപ്പുറത്തുമുള്ള കാടും മറ്റും വേറെ. വലിയ കയറ്റങ്ങളില്ല റോഡിൽ. ചിലയിടത്ത് നിരപ്പ്. ഇരുവശത്തും പച്ചപ്പ്. ദിനോസറുകളുടെ കാലത്തോളം പഴക്കമുള്ള പന്നൽചെടികൾ അരുവികളുടെ 

കരയിൽ കാണാം. ഇതൊന്നും മുൻപുള്ള യാത്രയിൽ കണ്ടിരുന്നില്ലല്ലോ എന്നോർത്തു. കാഴ്ചയുടെ ആംഗിൾ മാറുമ്പോൾ ഇങ്ങനെ വഴിയും പുതിയതാകുന്നു. 

ഇറക്കം മനോഹരം

തേയിലത്തോട്ടങ്ങൾ കണ്ടുള്ള യാത്രയിൽ ഒരിടത്ത് ഏലക്കാടുകളുള്ള പ്രദേശമുണ്ട്.  അവിടെ ഇരുളിമ കൂടുതലുണ്ട്. വൻമരങ്ങളും മഞ്ഞും തീർക്കുന്ന വന്യത ആസ്വദിക്കാം. ഇലകളുടെ പച്ചനിറത്തെ മഞ്ഞ് ബ്ലാക്ക് ആൻഡ് വൈറ്റ് ആക്കി മാറ്റിയിരിക്കുന്നു. വിരിപാറ എത്തുന്നതിനുമുൻപുള്ള ലയങ്ങളുടെ ഭാഗം അതിമനോഹരമാണ്. ആദ്യചിത്രം നോക്കുക. ഇനി ഇറക്കമാണ്. ഇറക്കം എന്നുവച്ചാൽ കൊടും ഇറക്കം. വിരിപാറ എന്ന ചെറിയ അങ്ങാടി കഴിഞ്ഞ് മാങ്കുളത്തേക്ക്. മിറ്റിയോർ സെക്കൻഡ് ഗിയറിൽ പിടിച്ചുപിടിച്ചാണ് ഇറങ്ങിയത് (തിരിച്ചുകയറിയപ്പോഴാണ് കയറ്റത്തിനെന്തു കയറ്റം എന്നു മനസ്സിലായത്!).  ചിലഭാഗത്ത് ടാറിങ് നടക്കുന്നതേയുള്ളൂ. 

മാങ്കുളത്തുനിന്ന് വീണ്ടും ഇറക്കം-ആനക്കുളത്തേക്ക്. ഓർമയില്ലേ, ആനകൾ എന്നും നദിയിൽ ഇറങ്ങുന്ന ആനക്കുളം ഗ്രാമം. ഇന്നത് കുറച്ചുകൂടി ജനവാസമുള്ളതായി മാറിയിരിക്കുന്നു. ടാറിങ് ഉണ്ടെങ്കിലും സ്വൽപം  ഓഫ്-റോഡ്  സ്വഭാവമുള്ള യാത്രയാണ്.

munnar-travel10

കരിന്തിരിയാറിന്റെ അറ്റത്തുചെന്ന് നാട് അന്തിച്ചു നിൽക്കുന്നതിനെ ആനക്കുളം എന്നു വിളിക്കാം. പുഴയുടെ അപ്പുറം കൊടുംകാട്. തമിഴ്നാടിന്റെ വാൽപ്പാറയും കേരളത്തിന്റെ കുട്ടമ്പുഴ തുടങ്ങിയ കാടുകളും ഒന്നിച്ചൊരു ലോകം. വാഹനങ്ങളിൽ വന്ന് ആനകളെ കാത്തിരിക്കുന്നവരുടെ എണ്ണം കൂടി.  

ആനകൾ മേയുന്ന പച്ചപ്പുൽമേടാണ് പിള്ളേരുടെ ക്രിക്കറ്റ് ഗ്രൗണ്ട് . വൻ ടീം ഇറങ്ങുംമുൻപ് കുരുന്നുകൾ മേയാറില്ലേ മൈതാനത്ത്? അതുപോലെയൊരു ഫീൽ. ലോകത്ത് മറ്റെവിടെയുണ്ടാകും ഇങ്ങനെയൊരു പിച്ച്! കരിന്തിരിയാറിലേക്ക് റൈറ്റ് ഹാൻഡ് ബാറ്റ്സ്മാൻമാരുടെ ലെഗ് സൈഡാണ്. സിക്സറിനൊടുവിൽ കുളിരരുവിയിലേക്ക് പന്തുകൾ വീഴുന്നതു കണ്ടിരിക്കാം. ഭാഗ്യമുണ്ടെങ്കിൽ ആനകൾ നീരാടാനെത്തുന്നതു കാണാം. എന്തിനാണ് ആനകൾ ഇവിടെയെത്തുന്നത് എന്നത് ഇപ്പോഴും ചുരുളഴിയാ രഹസ്യമാണ്.  നേരം വൈകിയപ്പോൾ മിറ്റിയോറുമായി തിരിച്ചുപോരേണ്ടിവന്നു. 

മച്ചിപ്ലാവ്- പീച്ചാട് വഴിയിൽ ആനയിറങ്ങി എന്ന് പ്രൈവറ്റ് ബസിലെ യാത്രക്കാരൻ മുന്നറിയിപ്പു നൽകിയതും മിറ്റിയോറിന്റെ എൽഇഡി റിങ് കൂടുതൽ ജാഗരൂകമായി. ആനയെ കണ്ടില്ലെങ്കിലും ഇരുട്ടിൽ നിറയെ ആനകളുണ്ട് എന്നു തോന്നിപ്പിക്കുന്നതാണ്  വഴിയും ഏലക്കാടുകളും. അടിമാലിയിലെത്തിയപ്പോഴാണ് മിറ്റിയോറിന് ഒന്നു കുതിക്കാനായത്. നേര്യമംഗലം പാലം കടന്നപ്പോൾ മിറ്റിയോർ ക്രൂസർബൈക്കിന്റെ തനിസ്വഭാവം പുറത്തെടുത്തു. പിന്നിലിരുന്നിരുന്ന ഫൊട്ടോഗ്രഫർ ലെനിൻ കോട്ടപ്പുറം ക്ഷീണമേ

തുമില്ല, ചവിട്ടി വിട്ടോ എന്ന് ആംഗ്യം കാണിച്ചു. എറണാകുളത്തേക്ക് സെറ്റ് ചെയ്യാത്ത മാപ്പുമായി തിരികെ. 

നോട്ട്– ആനക്കുളത്ത് ഹോംസ്റ്റേകൾ ഉണ്ട്. ലക്ഷ്മി എസ്റ്റേറ്റിലെ യാത്രയിൽ ആഹാരപാനീയാദികൾ കൊണ്ടുപോകണം. മാലിന്യം അവിടെയിടരുത്. മഴക്കോട്ട് കരുതണം. ആവശ്യത്തിന് ഇന്ധനം മൂന്നാറിൽനിന്നു നിറയ്ക്കണം. ബിഎസ്എൻഎൽ ഫോണിനു റേഞ്ച് ഉണ്ട് മിക്കയിടത്തും.

 

English Summary: Trek To Lakshmi Hills In Munnar 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com