ADVERTISEMENT

ശബ്ദമാധുര്യം കൊണ്ടും വ്യത്യസ്തമാര്‍ന്ന നിലപാടുകള്‍കൊണ്ടും മലയാളികള്‍ക്ക് സുപരിചിതയാണ് സയനോര. സംഗീതത്തോടുള്ള പ്രണയം പോലെ യാത്രകളും പ്രിയമാണ് ഇൗ ഗായികയ്ക്ക്. ജോലിയുടെ ഭാഗമായി കേരളത്തിലങ്ങോളമിങ്ങോളം തനിച്ച് വാഹനമോടിച്ചാണ് സയനോര പോകുന്നത്. അതുകൊണ്ട് അധികയാത്രകളും ജോലി സംബന്ധമായിട്ടുള്ളതാണ്. വീണുകിട്ടുന്ന കുറച്ച് സമയങ്ങളില്‍ ചെറിയ യാത്രകള്‍ നടത്താറുണ്ടെന്നും സയനോര.

യാത്രയിലൂടെ

ജോലിയുടെ ഭാഗമായി വിദേശരാജ്യങ്ങള്‍ പലതും സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ അവിടമൊക്കെ പിന്നെയും സന്ദര്‍ശിക്കാൻ സാധിച്ചിട്ടില്ല. കണ്ട രാജ്യങ്ങളുടെ സൗന്ദര്യത്തിലേക്ക് ഒന്നുകൂടി പോകണമെന്നും തോന്നാറുണ്ട്. ജോലിതിരക്കുമൂലം പലതും ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. ചെറു യാത്രകളാണ് ഞാന്‍ നടത്തിയിട്ടുള്ളത്. സ്വയം ഡ്രൈവ് ചെയ്താണ് പലയിടത്തും പോകുന്നത് എന്നുള്ളതുകൊണ്ട് കുറേയെറെ കാഴ്ചകള്‍ അങ്ങനെയും ആസ്വദിക്കാറുണ്ട്. 

sayanora-philip

യാത്ര ചെയ്യാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. യാത്രയ്ക്കായി സമയം കണ്ടെത്തി സോളോ ട്രാവല്‍ പോകണമെന്നത് എന്റെ ആഗ്രഹമാണ്. ബാഗ്പാക്കിങ്ങാണ് മനസ്സിലുള്ളത്. ഇതുവരെ സോളോ ട്രിപ്പൊന്നും നടത്തിയിട്ടില്ല. 

ലോക്ഡൗൺ നൽകിയ സമ്മാനം

കൊറോണയും ലോക്ഡൗണും എന്റെ ജീവിതത്തിലും വില്ലനായി എത്തിയിരുന്നെങ്കിലും കുറച്ചു നാളുകൾ തിരക്കിൽ നിന്നു മാറി നിൽക്കാൻ സാധിച്ചു എന്നുതന്നെ പറയാം. ലോക്ഡൗണിലെ വിരസത മാറ്റുവാനായി ഇളവുകൾ വന്നപ്പോൾ ഞങ്ങൾ ഒരു യാത്ര പോയിരുന്നു. കസിന്‍സിനൊപ്പം ഒരു ഹൈക്കിങ് നടത്തിയിരുന്നു മൂന്നാറിലേക്ക്. നല്ല തണുപ്പുള്ള സമയത്തായിരുന്നു യാത്ര. എല്ലാവരും കൂടിപോകുമ്പോള്‍ ഭയങ്കര രസമല്ലേ. അടിച്ചുപൊളിച്ച ട്രിപ്പായിരുന്നു. ഈയടുത്ത്  ആസ്വദിച്ച് നടത്തിയ ഗംഭീര ട്രിപ്പായിരുന്നുവത്. നമ്മുടെ നാട്ടിലെ ഏറ്റവും സുന്ദരമായ സ്ഥലങ്ങളിലൊന്നാണ് മൂന്നാര്‍. കുറച്ച് അഡ്വഞ്ചറസായ യാത്രകളാണ് എനിക്ക് താല്‍പര്യം. ഹൈക്കിങ്, ട്രെക്കിങ് അങ്ങനെ നീളും. എല്ലാ സാഹസിക യാത്രയും നടത്താൻ ആഗ്രഹമുണ്ട് സമയം കിട്ടുന്നില്ല എന്ന പരാതി മാത്രമാണുള്ളത്. ഹിമാലയത്തിലേക്ക് ബൈക്ക് ട്രിപ്പ് പോകണമെന്നുണ്ട്. പക്ഷേ അത് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്നോ, എന്നുപോകാനാകുമെന്നോ ഒന്നുമറിയില്ല.

sayanora-trip

ഡ്രീം ലിസ്റ്റ് നീണ്ടതാണ്

സത്യം പറഞ്ഞാല്‍ എന്റെ ഡ്രീം ഡെസ്റ്റിനേഷന്‍ ലിസ്റ്റ് ഒരല്‍പ്പം നീണ്ടതുതന്നെയാണ്. പാരീസും ആഫ്രിക്കയുമാണ് പട്ടികയില്‍ ഒന്നാമതായി നില്‍ക്കുന്ന സ്ഥലങ്ങള്‍. പിന്നെ ഹിമാലയം. സത്യത്തില്‍ ഞാന്‍ അധികം ഉത്തരേന്ത്യന്‍ യാത്രകള്‍ നടത്തിയിട്ടില്ല. അതുകൊണ്ട് ഇന്ത്യയില്‍തന്നെ കാണാന്‍ ഏറെയിടങ്ങള്‍ ഉണ്ട്. ലേ ലഡാക്ക് വരെയൊന്ന് പോകണമെന്നുണ്ട്.  ബൈക്ക് ട്രിപ്പാണ് മനസ്സില്‍. സമയവും കാലവും ഒത്തുവരുകയാണെങ്കില്‍ ഒരുപോക്ക് അങ്ങ് പോകും.

ഒരുപാട് ആഗ്രഹിച്ച് പോയി കണ്ടതാണ് അവിടെ

കെ എസ് ചിത്രയടക്കമുള്ള പ്രമുഖകര്‍ക്കൊപ്പം നടത്തിയ യാത്രക്കിടെയാണ് ഒത്തിരി നാളുകളായി കാണണമെന്ന് ആഗ്രഹിച്ച ആ കാഴ്ച കണ്ടത്. അത് മറ്റൊന്നുമല്ല നയാഗ്ര വെള്ളച്ചാട്ടമാണ്. കാനഡയില്‍ പ്രോഗ്രാമിന് പോയതായിരുന്നു. ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം സമ്മാനിച്ച യാത്രയായിരുന്നു അത്. ഇതുവരെ യാത്ര പോയതിൽ വച്ചേറ്റവും ഇഷ്ടപ്പെട്ടയിടം യുകെയാണ്. അവിടുത്തെ രാജകീയ തെരുവുകളും കെട്ടിടങ്ങളുമെല്ലാം ആരുടേയും മനസ്സ് കവരും.

വല്ലാത്തൊരു ഫീലാണ് അവിടെ നടക്കുമ്പോള്‍ പോലും. സ്‌കോട്ട്‌ലന്‍ഡ്, അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെല്ലാം ഞാന്‍ പോയിട്ടുണ്ട്. അവിടുത്തെ വിന്റര്‍ ബില്‍ഡിംഗുകളുടെ വാസ്തുവിദ്യ അതിമനോഹരമാണ്. അതേപോലെ ഓസ്‌ട്രേലിയയും ഭയങ്കര ഇഷ്ടമാണ്. ഓസ്‌ട്രേലിയയില്‍ ഒന്നുരണ്ടുതവണ പോയിട്ടുണ്ട്. ഓപ്പറ ഹൗസ് എത്രകണ്ടാലും മതിവരില്ലെന്നും എന്നും ഓര്‍ത്തിരിക്കുന്ന സുന്ദരമായ ഓര്‍മകളാണെന്നും സയനോര. ഇനി എന്റെ മനസ്സിലൊളിപ്പിച്ച ആ നീണ്ട യാത്രയുടെ കാത്തിരിപ്പിലാണ് ഞാൻ. കുറച്ചുനാളുകള്‍ നീണ്ടുനില്‍ക്കുന്ന ലോങ് ട്രിപ്പ് പോകണമെന്നാണ് തന്റെ ആഗ്രഹം. ഇതുവരെ സാധിക്കാത്ത ആ  ആഗ്രഹം പൂര്‍ത്തിയാക്കുക തന്നെചെയ്യും.

English Summary:Celebrity Travel Sayanora 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com