ഇടുക്കിയിലെ ലിറ്റിൽ സൂപ്പർസ്റ്റാർ; ഭൂതക്കുഴിയിൽ ‘കുട്ടികളുടെ വെള്ളച്ചാട്ടം’
Mail This Article
വേനലെത്തിയതോടെ ഇടുക്കിയിലെ ലിറ്റിൽ സൂപ്പർസ്റ്റാറായി ഭൂതക്കുഴി വെള്ളച്ചാട്ടം. അപകടരഹിതമായി കുട്ടികൾക്കു വരെ കുളിക്കാനായി ഇറങ്ങാൻ കളിയുന്ന വെള്ളച്ചാട്ടമാണ് മുട്ടത്തെ ഭൂതക്കുഴി വെള്ളച്ചാട്ടം. മുട്ടം കുടയത്തൂർ പഞ്ചായത്തുകളുടെ അതിരിലായി ഒഴുകുന്ന ശങ്കരപ്പിള്ളി തോട്ടിലാണ് ഭൂതക്കുഴി വെള്ളച്ചാട്ടം.
വെള്ളച്ചാട്ടത്തിനു സമീപത്തുവരെ വാഹനങ്ങളെത്തും. ഇവിടെ നിന്നു വെള്ളച്ചാട്ടത്തിലെത്താൻ നടപ്പുവഴിയുണ്ട്. ഈ വഴി 50 മീറ്റർ നടന്നാൽ വെള്ളച്ചാട്ടത്തിലെത്താം. ആദ്യം സമീപവാസികൾ മാത്രമാണ് വെള്ളച്ചാട്ടത്തെ കുറിച്ച് അറിഞ്ഞത്. എന്നാൽ ഇപ്പോൾ വെള്ളച്ചാട്ടത്തിലേക്ക് കുളിക്കാൻ ആളുകൾ എത്തി തുടങ്ങി. അവധി ദിവസങ്ങളിൽ ഒട്ടേറെ ആളുകളാണ് വെള്ളച്ചാട്ടത്തിലെത്തുന്നത്.
കുട്ടികളുടെ വെള്ളച്ചാട്ടം എന്നറിയപ്പെടുന്ന ഇവിടെ കൊച്ചുകുട്ടികൾക്കു അപകടരഹിതമായി വെള്ളത്തിൽ ഉല്ലസിക്കാൻ കഴിയും. വേനൽ ചൂടിന് ആശ്വാസമായി ഇവിടെ കുളിക്കാനായി എത്തുന്നവരുടെ എണ്ണം ഏറുകയാണ്. വെള്ളച്ചാട്ടത്തിലെത്തുന്നവർക്ക് സൗകര്യമൊരുക്കാൻ വേണ്ട നടപടികൾ എടുക്കുമെന്ന് പഞ്ചായത്ത് അംഗം ബിജോയ് ജോൺ പറഞ്ഞു. വഴി– മുട്ടം ഭാഗത്തുനിന്നു വരുമ്പോൾ ശങ്കരപ്പിള്ളി കവലയിൽ നിന്നും വലത്തേക്കുള്ള ടാർറോഡിലൂടെ 400 മീറ്റർ സഞ്ചരിച്ചാൽ വെള്ളച്ചാട്ടത്തിനു സമീപത്തെത്താം.
English Summary: Bhoothakuzhi Waterfalls