അഞ്ചുരുളി ചലഞ്ച്: കൂരിരുട്ടില്‍ തുരങ്കത്തിനുള്ളിലൂടെ നടക്കാന്‍ തയാറാണോ?
Mail This Article
അമല്‍ നീരദിന്‍റെ 'ഇയ്യോബിന്‍റെ പുസ്തകം' എന്ന സിനിമ കണ്ടവര്‍ ഒരിക്കലും മറക്കാനിടയില്ലാത്ത ഒരു രംഗമാണ് അലോഷിയെ സഹോദരൻ ആക്രമിക്കാൻ വരുന്ന രംഗം. സിനിമ ഇറങ്ങിയപ്പോള്‍ ആ സീന്‍ ചിത്രീകരിച്ച സ്ഥലം എവിടെയാണെന്നായിരുന്നു എല്ലാവരും അന്വേഷിക്കാന്‍ തുടങ്ങിയത്. അങ്ങനെ ഇടുക്കിയിലെ അഞ്ചുരുളി തുരങ്കം സഞ്ചാരികള്‍ക്കിടയില്‍ സൂപ്പർലൊക്കേഷനായി മാറി.
ഇരട്ടയാര്‍ ഡാമിൽ നിന്നും ഇടുക്കി ഡാമിലേക്ക് വെള്ളം കൊണ്ടുപോകുന്നതിനായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്‍റെ നേതൃത്വത്തില്‍ 1974-ല്‍ നിർമിച്ച തുരങ്കമാണ് ഇത്. വെള്ളത്തിനു മുകളില്‍ ഉരുളികള്‍ കമിഴ്ത്തി വെച്ചതു പോലെ കാണുന്ന അഞ്ച് മലകൾക്ക് ആദിവാസികളാണ് അഞ്ചുരുളി എന്ന പേരിട്ടത്. കല്യാണത്തണ്ട് മലയുടെ ഏറ്റവും ഉയരം കൂടിയ ഭാഗത്താണ് തുരങ്കം. ഇടുക്കി അണക്കെട്ടിൽ വെള്ളം പൂർണമായി നിറയുമ്പോൾ ടണൽ മുഖത്തുവരെ വെള്ളം കയറും. അപ്പോൾ ഇവിടെ ആയിരം അടിക്കു മുകളിൽ വെള്ളമുണ്ടാകും.
കട്ടപ്പനയിൽ നിന്ന് വെറും പത്തു കിലോമീറ്റർ അകലെയായാണ് തുരങ്കം സ്ഥിതിചെയ്യുന്നത്. ഇവിടേക്ക് എത്തിച്ചേരാന്‍ വളരെ എളുപ്പമാണ്. കുട്ടിക്കാനത്തു നിന്ന് ഇടത്തോട്ടു തിരിഞ്ഞ് കട്ടപ്പന റൂട്ടിൽ പോകുമ്പോൾ ആദ്യം എത്തുന്നത് അഞ്ചുരുളിയിലേക്കു തിരിയുന്ന സ്ഥലത്താണ്. കാഞ്ചിയാർ കക്കാട്ടുകടയിൽ നിന്ന് ഇടതു വശത്തേക്ക് തിരിഞ്ഞ് രണ്ടരകിലോമീറ്റര്‍ പോയാല്‍ റോഡ് ചെന്നവസാനിക്കുന്നത് ടണലിനടുത്താണ്.
മഴക്കാലമൊഴികെയുള്ള മറ്റെല്ലാ സമയങ്ങളിലും സഞ്ചാരികള്‍ക്ക് ടണലിനുള്ളിൽ കയറാം. സെപ്റ്റംബർ മുതൽ മാർച്ച് അവസാനം വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമെങ്കിലും വര്‍ഷത്തില്‍ എല്ലാ സമയവും സഞ്ചാരികള്‍ക്ക് ഇവിടേക്ക് പ്രവേശനമുണ്ട്. ടണലിനു മുന്നിലെ ചെറിയ നീരൊഴുക്കില്‍ നിന്നാൽ ടണലിന്‍റെ അങ്ങേയറ്റം തെളിഞ്ഞു കാണാം.
മൂന്നര കിലോമീറ്ററിലേറെ നീളമുള്ള ടണലിന്‍റെ അര കിലോമീറ്റർ ദൂരത്തോളമേ വെളിച്ചമുള്ളൂ. ടണലിന്‍റെ അങ്ങേയറ്റം ഇരട്ടയാർ റിസർവോയറിലേക്കു തുറന്നു കിടക്കുന്നതിനാല്‍ വെളിച്ചമുള്ളിടം കഴിഞ്ഞ് വീണ്ടും പോകാതിരിക്കുന്നതാണ് സുരക്ഷിതം. ഇവിടെ മുന്‍പ് അപകടങ്ങള്‍ ഉണ്ടായ ചരിത്രവുമുണ്ട്.
തുരങ്കത്തിനു ചുറ്റുമുള്ള പ്രദേശം മനോഹരമായ നിത്യഹരിത വനമാണ്. വിവിധ തരത്തിലുള്ള പക്ഷികളുടെയും കളകളം പാടി ഒഴുകുന്ന ജലത്തിന്‍റെയുമെല്ലാം ശബ്ദങ്ങൾ ഈ സ്ഥലത്തിന് സന്തോഷകരമായ അന്തരീക്ഷം പകര്‍ന്നു നൽകുന്നു. സഞ്ചാരികള്‍ക്കായി ഇവിടെ അഞ്ചുരുളി ഫെസ്റ്റ് നടത്താറുണ്ട്. രാമക്കൽമേട്, കുറവൻ - കുറത്തി മല, കാറ്റാടിപ്പാടം, അയ്യപ്പൻകോവിൽ തൂക്കുപാലം, പൈൻമരക്കാട്, പരുന്തുംപാറ, അമ്മച്ചിക്കൊട്ടാരം എന്നിവയും ഈ യാത്രയില്‍ സന്ദര്‍ശിക്കാവുന്ന ഇടങ്ങളാണ്.
English Summary: Anchuruli Tunnel Idukki