ADVERTISEMENT

ചുറ്റും കോടമഞ്ഞ്‌ പുതച്ചുറങ്ങുന്ന തേയിലത്തോട്ടങ്ങളും അവയ്ക്കിടയിലൂടെ അരിച്ചിറങ്ങുന്ന സ്വര്‍ണ വര്‍ണമുള്ള സൂര്യ കിരണങ്ങളും... ദൂരെയായി കാണുന്ന മഞ്ഞു മൂടിയ പര്‍വതത്തലപ്പുകള്‍. മേഘങ്ങളെ പറത്തിക്കൊണ്ട്. വീശിയെത്തുന്ന കാറ്റ് മുടിയിഴകളില്‍ നൃത്തം വെക്കുമ്പോള്‍ ഇത്ര കാലമായിട്ടും എന്തേ ഇവിടേക്ക് വരാന്‍ തോന്നിയില്ല എന്ന് ഏതൊരു സഞ്ചാരിക്കും ഒരുവേള കുറ്റബോധം തോന്നിപ്പോകും.  7,200 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന, മൂന്നാറിലെ ഏറ്റവും ഉയരമുള്ള കൊടുമുടികളിലൊന്നായ ചൊക്രമുടി ഇവിടെയെത്തുന്ന സഞ്ചാരികള്‍ ഒരിക്കലും വിട്ടു പോകാന്‍ പാടില്ലാത്ത ഒരു മനോഹര അനുഭൂതിയാണ്. 

Chokramudi-Peak
Photo: Fazal Beeran

ഇരവികുളം നാഷണല്‍ പാര്‍ക്കിനുള്ളിലാണ് ചൊക്രമുടി കൊടുമുടി ഉള്ളത്. മൂന്നാറിന്‍റെ സ്വകാര്യ അഭിമാനമായ നീലക്കുറിഞ്ഞിപ്പൂക്കള്‍ ഇവിടെയും പൂക്കാറുണ്ട്. രാജമലയ്ക്കും മീശപ്പുലിമലയ്ക്കും പുറമേ, വരയാടുകള്‍ പാര്‍ക്കുന്ന ഇടമാണ് ചൊക്രമുടി. ഇടുക്കി ഡാം, ആനമുടി തുടങ്ങിയവയുടെ അതിമനോഹരമായ ദൃശ്യങ്ങള്‍ ഇവിടെ നിന്നും കാണാം. ഇവിടgത്തെ ഉദയാസ്തമയ കാഴ്ചകള്‍ ഒന്നു കാണേണ്ടത് തന്നെയാണ്.

Chokramudi-Peak-2
Photo: Fazal Beeran

ചൊക്രമുടിയിലേക്ക് പോകണമെങ്കിൽ സഞ്ചാരികള്‍ ആദ്യം എത്തേണ്ടത് മൂന്നാറിലാണ്. അവിടെ നിന്ന് ദേവികുളം വഴി ചിന്നകനാൽ എത്തിയാല്‍ ക്യാപ് റോഡ് വഴി ചൊക്രമുടിയിലേക്ക് ട്രക്കിങ് തുടങ്ങും. തുടക്കക്കാര്‍ക്ക് ട്രെക്കിംഗിന് ഏറ്റവും മികച്ച ഇടമാണ് ഇവിടം. ചുറ്റുമുള്ള മറ്റു ട്രെക്കിങ് സ്ഥലങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍, താരതമ്യേന എളുപ്പമാണ് ചൊക്രമുടി ട്രെക്കിംഗ്. ഏകദേശം പത്തു കിലോമീറ്റര്‍ ദൂരം, വെറും 3-5 മണിക്കൂറിനുള്ളിൽ പൂര്‍ത്തിയാക്കാം. കഴിക്കാന്‍ ലഘുഭക്ഷണവും വെള്ളവും കയ്യില്‍ കരുതണമെന്നു മാത്രം. ചുറ്റും മഞ്ഞു വന്നു പൊതിയുന്ന അനുഭവത്തിലലിഞ്ഞു നടത്തം തുടരുമ്പോള്‍ ഒരിക്കലും ക്ഷീണം അറിയില്ല.

ട്രെക്കിങ്ങിനിടെ ഭാഗ്യമുണ്ടെങ്കില്‍ ആന, കാട്ടുപോത്ത്, പുലി, സാമ്പാ ഡീയർ, നീലഗിരി ഡിയർ തുടങ്ങിയ മൃഗങ്ങളെയും കാണാം. ചൊക്രമുടിയില്‍ ക്യാമ്പ് ചെയ്യാൻ ആഗ്രഹമുള്ളവർക്ക് അതിനും അവസരമുണ്ട്, ഈ പരിസരങ്ങളില്‍ സഞ്ചാരികള്‍ ടെന്‍റടിച്ചു താമസിക്കാറുണ്ട്.  ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ലൈസൻസ് ഉള്ള സ്വകാര്യ ടൂർ ഓപ്പറേറ്റർമാരും ചൊക്രമുടി ട്രെക്കിങ് പാക്കേജ് നടത്തുന്നുണ്ട്. പോകുന്ന സമയത്ത് ഇത് ലഭ്യമാണോ എന്ന് അന്വേഷിച്ചിട്ട് വേണം യാത്ര തുടങ്ങാന്‍. 

Chokramudi-Peak-3
Photo: Fazal Beeran

ശൈത്യകാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. ഡിസംബറോടെ ചുറ്റുമുള്ള താഴ്‍‍‍വരകള്‍ മുഴുവന്‍ മൂടൽമഞ്ഞ് മൂടും. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയത്ത്, ഈ മനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കൊപ്പം, തണുപ്പ് ആസ്വദിച്ചു കൊണ്ട് ട്രെക്കിങ് നടത്താം. 

English Summary: Chokramudi Peak Trekking Munnar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com