ADVERTISEMENT

കോട്ടയം ജില്ലയിലെ അതിമനോഹരമായ അക്വാ ടൂറിസം വില്ലേജാണ് കാന്താരി കടവ്. കടുത്തുരുത്തിയിൽ നിന്നു നാലു കിലോമീറ്റർ സഞ്ചരിച്ചാൽ പ്രകൃതി ഏറ്റവും ഭംഗിയായി അണിയിച്ചൊരുക്കിയിരിക്കുന്ന ഇൗ മനോഹരയിടത്ത് എത്തിച്ചേരാം. കുടുംബവുമൊത്ത് ഒരു ദിവസത്തെ സന്തോഷകരമായ യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ ഒരിടമാണ് കാന്താരി കടവ്. പുഴയും നെൽപ്പാടങ്ങളും തെങ്ങിൻതോപ്പുകളും ചേർന്നൊരുക്കുന്ന കാഴ്ചയുടെ വിസ്മയമാണ് കാന്താരി കടവ് അക്വാ ടൂറിസം വില്ലേജ്.

കശ്മീർ ശിക്കാര കോട്ടയത്തും

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സഹായത്തോടെ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ സംരംഭമാണ് ഈ അക്വാടൂറിസം വില്ലേജ്. പ്രകൃതിസ്നേഹിയായ എബ്രഹാമാണ് ഇൗ അക്വാടൂറിസം വില്ലേജിന്റെ അമരക്കാരൻ. ബോട്ടിങ്ങാണ് ഇവിടുത്തെ പ്രധാന ആകർഷണം.

1

പെഡൽ ബോട്ടുകൾ, ശിക്കാര, കുട്ടവഞ്ചി തുടങ്ങി വിവിധ തരത്തിലുള്ള ബോട്ടുകൾ സഞ്ചാരികൾക്കായി ഇവിടെ ഒരുക്കിയിരിക്കുന്നു. നാലു പേർക്ക് സുഖമായി ഇരുന്നു സഞ്ചരിക്കാവുന്ന വിധത്തിലാണ് ഇവിടെ ശിക്കാര തയാറാക്കിയിരിക്കുന്നത്. കാന്താരി കടവു മുതൽ കൊതവറ സ്പിൽവേ വരെയാണ് ശിക്കാര സർവീസ്. 18 കിലോമീറ്റർ നീളുന്ന ആ യാത്രയിൽ അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങളും നെൽപ്പാടങ്ങളും ദേശാടനകിളികളെയും കാണാം.

മനയിലെ അതിഥിയാകാം

കാന്താരിക്കടവ് അക്വാ ടൂറിസം വില്ലേജിന്റെ മറ്റൊരു പ്രത്യേകതയാണ് ഉല്ലലയിലെ മാരമ്മേട് മനയിലെ താമസം. പ്രകൃതിയുടെ കാഴ്ചകൾ ആസ്വദിച്ച് ഒരു ദിവസം താമസിക്കണമെങ്കിൽ ഇൗ മന തെരഞ്ഞെടുക്കാം. പഴയകാല വാസ്തുവിദ്യയിൽ പണിതിരിക്കുന്ന ഈ തറവാട്ടു വീട്ടിലെ താമസം മറക്കാനാവാത്ത അനുഭവമായിരിക്കും.

3

മീനുകളെ കണ്ടു നടക്കാം, വേണമെങ്കിൽ പിടിച്ചു കഴിക്കാം

വിവിധതരത്തിലുള്ള മത്സ്യങ്ങളെ വളർത്തുന്ന ആധുനിക രീതിയിലുള്ള മത്സ്യ കുളമാണ് മറ്റൊരു ഇവിടുത്തെ ആകർഷണം. കോട്ടയം ഫിഷ് ഫാർമേഴ്സ് അസോസിയേഷന്റെ സഹായത്തോടെയാണ് 60 സെൻറിൽ വ്യാപിച്ചുകിടക്കുന്ന ഈ മത്സ്യക്കുളം നിർമിച്ചിരിക്കുന്നത്. കുളത്തിനു മുകളിലായി സ്ഥാപിച്ചിരിക്കുന്ന വാക്ക് വെയിലൂടെ നടന്ന് സന്ദർശകർക്ക് മീനുകളെ കാണാനും തീറ്റ നൽകാനും സൗകര്യമൊരുക്കിയിട്ടുണ്ട്. മാത്രമല്ല ഇവിടെ നിന്ന് മീൻ ചൂണ്ടയിട്ടു പിടിച്ചു  സ്വന്തം ഇഷ്ടത്തിൽ പാകം ചെയ്തു കഴിക്കാനുള്ള സൗകര്യവും അക്വാ ടൂറിസം വില്ലേജിൽ ഒരുക്കിയിട്ടുണ്ട്. കുളത്തിന് നടുവിലായി നിർമിച്ചിരിക്കുന്ന ടവറിൽ ചെറിയ ആഘോഷങ്ങൾക്കും കൂടിച്ചേരലുകൾക്കുമുള്ള സൗകര്യമുണ്ട്.

2

ടൂറിസം വില്ലേജിന് സമീപത്തായി സംസ്ഥാന ജലവിഭവ വകുപ്പിന്റെ ഒരു മോട്ടോറും പ്രവർത്തിക്കുന്നുണ്ട്. പാടശേഖരങ്ങളിൽ അധികം വരുന്ന വെള്ളം തോടുകളിലേക്ക് ഒഴുക്കിക്കളയുന്ന സംവിധാനമാണിത്. ഇന്നത്തെ തലമുറയ്ക്ക് ചിലപ്പോൾ ഈ കാഴ്ച  പുതുമയുള്ളതായിരിക്കും. സഞ്ചാരികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ടൂറിസം വില്ലേജിൽ അധികൃതർ ഒരുക്കിയിട്ടുണ്ട്.

നെൽപ്പാടങ്ങൾ അതിരിടുന്ന ബണ്ട് റോഡിലൂടെ അൽപസമയം നടന്ന് പ്രകൃതിയുടെ ഭംഗിയും ആസ്വദിക്കാം. തെങ്ങിൻതോപ്പുകളും പച്ചവിരിച്ച പാടങ്ങളും പലവിധത്തിലുള്ള കിളികളുടെ കളകളാരവവും എല്ലാം ആസ്വദിച്ച് ഒരു ദിവസം കാന്താരികടവ് അക്വാ ടൂറിസം വില്ലേജിൽ ചെലവഴിക്കാം.

English Summary: Kantharikadavu Aqua tourism village Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com