മീനും ഞണ്ടും പൊരിച്ചു കഴിക്കാം... കായലിലൂടെ തോണിയാത്ര; കേരളത്തനിമയിൽ ഒരു ഹോംസ്റ്റേ
Mail This Article
ചെമ്മീന്‍കെട്ടുകളും പൊക്കാളിപ്പാടങ്ങളും കണ്ണിനിമ്പമേകുന്ന ഒട്ടനവധി കാഴ്ചകളും നിറഞ്ഞ കടമക്കുടി സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. ബഹളങ്ങളില്‍ നിന്നും മാറി അല്‍പസമയം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രകൃതിയുടെ മടിത്തട്ടിന്‍റെ കുളിരും ശാന്തതയും അനുഭവിച്ച് സമയം ചിലവഴിക്കാന്‍ ഏറ്റവും മികച്ച ഇടങ്ങളില്‍ ഒന്നാണിത്. കൊച്ചിയില്‍ നിന്നും പെട്ടെന്ന് എത്തിച്ചേരാം എന്നതിനാല്‍ യാത്രക്ക് അധികം തയാറെടുപ്പും വേണ്ട. വലിയ കടമക്കുടി, മുറിക്കൽ, പാല്യംതുരുത്ത്, പിഴല, ചെറിയ കടമക്കുടി, പുളിക്കപ്പുറം, മൂലമ്പിള്ളി, പുതുശ്ശേരി, ചരിയംതുരുത്ത്, ചേന്നൂർ, കോതാട്, കോരാമ്പാടം, കണ്ടനാട്, കാരിക്കാട് തുരുത്ത് എന്നിങ്ങനെ ചെറിയ തുരുത്തുകൾ ഉൾപ്പെട്ട കടമക്കുടിയില്‍ ഈയിടെയായി സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഒരു ഇടമാണ് പിഴല പൊക്കാളി ടൂറിസ്റ്റ് ഫാം എന്ന ഹോംസ്റ്റേ.
രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെ, തികച്ചും ഓര്‍ഗാനിക് രീതിയില്‍ നെല്‍കൃഷി ചെയ്യുന്ന വയലിന് നടുവിലായാണ് ഈ ഹോംസ്റ്റേ ഒരുക്കിയിരിക്കുന്നത്. വീട്ടില്‍ നിന്നും അകലെയായി മറ്റൊരു വീടിന്‍റെ അനുഭൂതിയാണ് ഇവിടം മനസ്സില്‍ നിറയ്ക്കുക. ഗ്രാമീണതയുടെ നന്മയും പഴമയുടെ സുഗന്ധവും ഇവിടത്തെ കാറ്റില്‍ പോലും അനുഭവിച്ചറിയാം.
താമസക്കാര്‍ക്ക് വേണമെങ്കില്‍ കൃഷിപ്പണികളില്‍ പങ്കാളികളാകാം. കായലില്‍ നിന്നും മീന്‍ പിടിക്കാം. ഞണ്ടും ചെമ്മീനുമെല്ലാം ഇവിടെ ഇഷ്ടംപോലെയുണ്ട്. സ്വന്തമായി പിടിച്ച മീന്‍ പാകം ചെയ്ത് കഴിക്കാം. തോണിയില്‍ കായലിലൂടെ തുഴഞ്ഞു പോകാനും തനതായ കേരളരുചികള്‍ ആസ്വദിക്കാനുമെല്ലാം സഞ്ചാരികള്‍ക്ക് ഇവിടെ അവസരമൊരുക്കുന്നു. സീസണ്‍ സമയത്ത് വിവിധയിനം ദേശാടനപ്പക്ഷികളെയും ഇവിടെ കാണാം.
നെല്ലിനു പുറമേ ചെമ്മീനും ഞണ്ടുമെല്ലാം ഇവിടെ തന്നെ കൃഷി ചെയ്യുന്നുണ്ട്. വര്‍ഷത്തില്‍ ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയത്ത് പൊക്കാളി നെല്ലും നവംബര്‍ മുതല്‍ മേയ് വരെയുള്ള സമയത്ത് മത്സ്യകൃഷിയുമാണ് ഇവിടെ നടത്തുന്നത്. 2009 ൽ ഭാരത സര്‍ക്കാരിന്‍റെ ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച പ്രത്യേകയിനം നെല്ലിനമാണ് പൊക്കാളി.
ഫാം ഡേ ടൂര്‍
സമയം രാവിലെ 11 മുതല്‍ വൈകീട്ട് 5 വരെ. ഉച്ചഭക്ഷണം, വൈകുന്നേരത്തെ ചായ, മോട്ടോർ ബോട്ട് ക്രൂയിസ്, ഫാം പ്രവർത്തനങ്ങൾ, ഫാം ഹൗസില്‍ വിശ്രമം എന്നിവയാണ് ഫാം ഡേ ടൂറിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അവലംബം: പിഴല പൊക്കാളി ടൂറിസ്റ്റ് ഫാം കൊച്ചി
English Summary: Pizhala Pokkali Tourism Farm Kochi