കേരളത്തിലെ ഏറ്റവും വലുപ്പമേറിയ ശിവ രൂപത്തിന് മുന്നിൽ നടി ശരണ്യ
Mail This Article
തെന്നിന്ത്യന്‍ സിനിമാ ലോകത്തിന് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത നടിയാണ് ശരണ്യ മോഹൻ. മലയാളത്തിലും തമിഴിലും തെലുങ്കിലും നിരവധി ചിത്രങ്ങൾ അഭിനയിച്ച നടി ഇപ്പോൾ സിനിമാ തിരക്കിൽ നിന്നൊഴിഞ്ഞ് ഭർത്താവും കുട്ടികളുമായി കുടുംബ ജീവിതം മുന്നോട്ട് നയിക്കുകയാണ്. വീട്ടുകാര്യങ്ങളും കുട്ടികളുമൊക്കെയായി തിരക്കിന്റെ ലോകത്താണ്. വീണുകിട്ടിയ അവസരത്തിൽ ആഴിമലയിലെ ഗംഗാധരേശ്വര സന്ദർശനം നടത്തിയിരിക്കുകയാണ് താരം.
ആഴിമല കടൽത്തീരത്തെ അല തല്ലുന്ന കടലിനു മേലെ തല ഉയർത്തി നിൽക്കുന്ന കേരളത്തിലെ ഏറ്റവും വലിപ്പമേറിയ ശിവ രൂപ വിസ്മയത്തിന് അരികിൽ നിൽക്കുന്ന ചിത്രമാണ് ശരണ്യ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. കൂടാതെ കടല്‍ക്കാഴ്ചയും തിരകളുടെ സൗന്ദര്യവും ആസ്വദിക്കുന്ന മറ്റൊരു വിഡിയോയും പങ്കുവച്ചിട്ടുണ്ട്.
തിരുവനന്തപുരം പുളിങ്കുടി ആഴിമല ശിവക്ഷേത്ര സന്നിധിയിൽ സ്ഥാപിച്ച ഗംഗാധരേശ്വര ശിൽപം കാണുകയല്ല, അനുഭവിക്കുകയാണ് വേണ്ടത്. ഇൗ കാഴ്ച തേടി നിരവധി സഞ്ചാരികളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. ഗംഗയെ ആവാഹിച്ച് ജഡയിൽ ചൂടുന്ന ഭാവമുള്ള ഗംഗാധരേശ്വര രൂപം കാഴ്ചയ്ക്കു മിഴിവേകുന്നതാണ്. പാറമേൽ ഇരിക്കുന്ന ശിവരൂപത്തിന്റെ നാലു കൈകളിലൊന്നു ത്രിശൂലം മുറുകെ പിടിച്ചും മറ്റൊന്ന് ജഡയിൽ ചൂഡിയും വലം കൈളിലൊന്നിൽ ഉടുക്കും മറ്റൊരു കൈ തുടയിൽ വിശ്രമിച്ചും ഉള്ള രൂപത്തിനു 58 അടി ഉയരമാണ്.
ചടുലമാർന്ന ഭാവത്തോടെയുള്ള മിഴിവൊത്ത ശില്പം കാഴ്ചക്കാരുടെ മനസിൽ തങ്ങിനിൽക്കുന്നതാണ്. ആഴിമല ശിവക്ഷേത്ര ദേവസ്വം ട്രസ്റ്റ് നേതൃത്വത്തില്‍ കഴിഞ്ഞ ആറു വർഷത്തെ കഠിനാധ്വാനത്തിന്റെയും തപസ്യ പോലുള്ള അർപ്പണ ബോധത്തിന്റെയും ഫലമായാണ് ഗാംഭീര്യമേറിയ ശിവ രൂപം ഉയർന്നത്.
ആഴിമല ശിവക്ഷേത്രത്തിലും കടൽ തീരത്തിനും മധ്യത്തെ പാറക്കൂട്ടങ്ങൾക്ക് മുകളിലാണ് ശിവ രൂപം. കാറ്റിന്റെ ഗതിവിഗതികൾ മനസിലാക്കി കോൺക്രീറ്റിലാണ് ശില്പ നിർമാണം. ശിവ രൂപത്തിനു പിന്നിലെ വിശാലമായ കടൽപ്പരപ്പും നീലാകാശവും കാഴ്ചക്കു ചാരുതയേകും.
English Summary: Celebrity Travel,Saranya Mohan Shares Pictures from Aazhimala