ഇല്ലിക്കൽക്കല്ല് തുറന്നു; നിബന്ധനകൾ അനുസരിക്കാത്തവർക്കു പ്രവേശനമില്ല
Mail This Article
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു ലഭിച്ചതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ആളുകൾ എത്തിത്തുടങ്ങി. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ഇല്ലിക്കൽക്കല്ല്, അരുവിക്കുഴി ടൂറിസം സെന്ററുകൾ തുറന്ന ആദ്യം ദിനം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു സന്ദർശകരെത്തി.
അറുപതോളം പേരാണ് ഇന്നലെ ഇല്ലിക്കൽക്കല്ലിൽ എത്തിയത്. സഞ്ചാരികളുടെ പേരും മേൽവിലാസവും ആധാർ നമ്പറും രേഖപ്പെടുത്തിയാണ് കയറ്റി വിടുന്നത്.
സർക്കാർ നിബന്ധനകൾ അനുസരിക്കാത്തവർക്കു പാസ് നൽകുന്നില്ല. 2 മണിക്കൂർ സമയമാണ് നൽകുന്നത്. ഒരു സമയം 40 പേരെ വരെ കയറ്റി വിടും. കയറിയവർ ഇറങ്ങുന്നതിന് അനുസരിച്ചു മാത്രമേ ബാക്കിയുള്ളവരെ പ്രവേശിപ്പിക്കൂ. വാഹനം താഴെ പാർക്കു ചെയ്തതിനു ശേഷം നടന്നു പോകണം. മുകളിലേക്കു നിലവിൽ ഡിടിപിസിയുടെ വാഹന സർവീസ് തുടങ്ങിയിട്ടില്ല. 2 ദിവസത്തിനകം ആരംഭിക്കും.
അരുവിക്കുഴി വെള്ളച്ചാട്ടത്തിലും ആദ്യദിനം ആളെത്തി. 40 പേർക്കാണ് ഒരേസമയം ഇവിടെയും പ്രവേശനം. 3 വീതം ഗാർഡുമാർ ഇരു കേന്ദ്രങ്ങളിലുമുണ്ടെന്നു ഡിടിപിസി സെക്രട്ടറി ഡോ. ബിന്ദു നായർ പറഞ്ഞു. കുമരകത്തും വിനോദ സഞ്ചാരികളുടെ ബുക്കിങ് ആരംഭിച്ചു. വിവിധ റിസോർട്ടുകളിൽ ഇന്നലെ 25 ശതമാനം മുറികളിൽ സന്ദർശകരുണ്ടായിരുന്നു. ഓണത്തോടു കൂടി കൂടുതൽ സഞ്ചാരികൾ എത്തുമെന്നാണു പ്രതീക്ഷ. വഞ്ചിവീടുകളും കായൽ സഞ്ചാരം തുടങ്ങിയിട്ടുണ്ട്. സർക്കാർ നിബന്ധനകൾ അനുസരിക്കാത്തവർക്കു പ്രവേശനമില്ല.
English Summary: Illikkal Kallu Kottayam Reopened for Tourist