14 വർഷത്തെ സന്തോഷം പങ്കിടാൻ നീലക്കുറിഞ്ഞി വസന്തം ആസ്വദിച്ച് നടി ശ്രുതി രാമചന്ദ്രന്‍
Mail This Article
പൂത്തുലഞ്ഞു നില്‍ക്കുന്ന നീലക്കുറിഞ്ഞി പൂക്കള്‍ക്കരികില്‍ നിന്നു ചിത്രം പങ്കുവച്ച് നടി ശ്രുതി രാമചന്ദ്രന്‍. പൂക്കളുടെ അതേ നിറത്തിലുള്ള ടീഷര്‍ട്ടും ഹെയര്‍ബാന്‍ഡുമണിഞ്ഞ് ചിരിച്ചു നില്‍ക്കുന്ന ചിത്രമാണ് ശ്രുതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനു മുമ്പ് മൂന്നാറിലെ കൈറ്റ്സ് റിസോര്‍ട്ടില്‍ നിന്നു ഭര്‍ത്താവിനൊപ്പമുള്ള ചിത്രവും ശ്രുതി പോസ്റ്റ് ചെയ്തിരുന്നു. ഒരുമിച്ചുള്ള സന്തോഷത്തിന്റെ 14–ാം വര്‍ഷം ആഘോഷിക്കാനാണ് ഇരുവരും മൂന്നാറില്‍ എത്തിയത്.
ഒരിടവേളയ്ക്ക് ശേഷം സഞ്ചാരികളെ കൊതിപ്പിച്ചു കൊണ്ട് മൂന്നാറിലെ മലനിരകളില്‍ വീണ്ടും നീലക്കുറിഞ്ഞി വസന്തം വിരുന്നെത്തിയിരിക്കുകയാണ്. ശാന്തൻപാറ പഞ്ചായത്തിലെ പുത്തടി മലനിരകളിലും കഴുതക്കുളം മേട്ടിലുമാണ് നീലക്കുറിഞ്ഞി വിരിഞ്ഞത്. ആഴ്ചകള്‍ക്കു മുൻപ് തന്നെ ശാന്തൻപാറ പത്തേക്കർ മലയിലും രണ്ടേക്കറോളം സ്ഥലത്ത് നീലക്കുറിഞ്ഞി പൂത്തിരുന്നു. പുത്തടി മലയിൽ രണ്ടേക്കറോളം സ്ഥലത്താണ് കൂട്ടമായി നീലക്കുറിഞ്ഞി പൂവിട്ടത്. ഇപ്പോള്‍ കിഴക്കാതിമലനിരയോട് ചേർന്ന് ശാലോംകുന്ന് മലനിരകളിലും നീലവസന്തം കാണാം.
കഴുതക്കുളം മേട്ടിൽ 12 വർഷം മുൻപ് നീലക്കുറിഞ്ഞി പൂവിട്ട സ്ഥലത്ത് ഇപ്പോള്‍ സ്വകാര്യ വ്യക്തികളുടെ തേയിലത്തോട്ടമാണ്. ഇതിനു സമീപത്താണ് കുറിഞ്ഞി പൂത്തത്. ഈ കാഴ്ച കാണാനായി ഒട്ടേറെ സഞ്ചാരികളാണ് മൂന്നാറിലെത്തുന്നത്.
മൂന്നാറില്‍ വിവിധ മലനിരകളിലായി പത്ത് ഏക്കറിലധികം സ്ഥലത്ത് കുറിഞ്ഞിച്ചെടികളുണ്ട്. കഴിഞ്ഞ വർഷവും ശാന്തൻപാറ പഞ്ചായത്തിന്റെ അതിർത്തിഗ്രാമമായ തോണ്ടിമലയിൽ വ്യാപകമായി നീലക്കുറിഞ്ഞി പൂത്തിരുന്നു. സാധാരണയായി ലോകമെങ്ങു നിന്നുമുള്ള നിരവധി സഞ്ചാരികള്‍ ഈ കാഴ്ച കാണാനായി എത്താറുണ്ട്. ഇക്കുറി കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ പ്രാദേശിക സഞ്ചാരികൾ മാത്രമാണ് ഇപ്പോൾ ഈ കാഴ്‌ച ആസ്വദിക്കുന്നത്.
ഒരു വ്യാഴവട്ടത്തിനു ശേഷം മാത്രം പുഷ്പിക്കുന്ന കുറിഞ്ഞി ചെടികൾ ഒരു അത്ഭുതക്കാഴ്ച തന്നെയാണ്. പൂവിട്ടതിനു ശേഷം ഒരു വർഷം കഴിയുമ്പോഴാണ് വിത്ത് പാകമാകുന്നത്. ഇതിനിടെ ചെടിയും വിത്തും ഉണങ്ങി മണ്ണില്‍ ചേരും. ഈ സ്ഥലങ്ങളിൽ പിന്നീട് പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കുറിഞ്ഞി ചെടികൾ മുളച്ചു വരും.
English Summary: Shruti Ramachandran Shares pictures From Munnar