ചൈനയിൽ മാത്രമല്ല കേരളത്തിലുമുണ്ട് 'ചില്ലുപാലം'; 900 കണ്ടിയിലെത്തിയ അമേയ മാത്യു!
Mail This Article
വയനാട്ടിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ 900 കണ്ടിയില്‍ അവധിക്കാലം അടിച്ചു പൊളിക്കുകയാണ് വെബ് സീരീസുകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരം, അമേയ മാത്യു. ഇവിടുത്തെ ഏറ്റവും പ്രശസ്തമായ ചില്ലുപാലത്തിനു മുകളില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളും അമേയ പങ്കുവച്ചിട്ടുണ്ട്.
ബ്ലാക്ക് ആന്‍ഡ് വൈറ്റ് ക്രോപ് ടോപ്പും ഡെനിം സ്കര്‍ട്ടുമണിഞ്ഞ് സുന്ദരിയായി പാലത്തിനു മുകളില്‍ നില്‍ക്കുന്ന അമേയയെ ചിത്രത്തില്‍ കാണാം. ചില്ലപപാലത്തിന് മുകളിലൂടെ നടക്കുന്ന വിഡിയോയും അമേയ പങ്കുവച്ചിട്ടുണ്ട്. ''ഗ്ലാസ് ബ്രിഡ്ജിൽ ഗ്ലാസ് എവിടെയെന്ന് ചോദിച്ചവർക്ക് വേണ്ടി'' പോസ്റ്റ് ചെയ്യുന്ന വിഡിയോ എന്നാണു അമേയ കുറിച്ചിരിക്കുന്നത്.
വയനാട്ടിലെ ഏറ്റവും സുന്ദരമായ കാഴ്ചകളില്‍ ഒന്നാണ് തൊള്ളായിരം കണ്ടി എന്ന മനോഹരമായ വനപ്രദേശം. വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്തിൽ നിന്നും ഏകദേശം 15 കി.മീ അകലെയായാണ് ഇത് സ്ഥിതി ചെയ്യുന്നത്. സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള അനവധി ചെറിയ തോട്ടങ്ങളും മറ്റും ചേര്‍ന്ന വനമേഖലയാണിത്. മേപ്പാടിയിൽ നിന്നും സൂചിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴിയില്‍ 10 കിലോമീറ്റർ പോയാൽ തൊള്ളായിരം കണ്ടിയിലേക്കുള്ള വഴിയെത്തും. രാത്രിയായാൽ ആനയും മറ്റു മൃഗങ്ങളും സ്വതന്ത്രരായി വിഹരിക്കുന്ന ഈ പ്രദേശത്തേക്ക് സ്വന്തം റിസ്കില്‍ തന്നെ പോകണം എന്നു മാത്രം!
വനത്തിനു നടുവിലൂടെയുളള ഓഫ് റോഡ് യാത്രയാണ് ഇവിടത്തെ പ്രധാന ആകർഷണം. ജീപ്പോ ബൈക്കോ യാത്രക്കായി ഉപയോഗിക്കാം. ഉയരമുള്ള മരങ്ങളും കുന്നുകളും മേഘങ്ങളുടെ മേലാപ്പുമുള്ള ഈ ഹരിത പ്രദേശം സഞ്ചാരികളുടെ പറുദീസയാണ്. സഞ്ചാരികള്‍ക്ക് വിശാലമായ കാട്ടിനുള്ളിലൂടെ നടക്കാം. ഇരുവശങ്ങളിലും ഇടതൂർന്ന സുന്ദരവനത്തിനിടയില്‍ ഏലവും കാപ്പിയുമൊക്കെ വിളഞ്ഞു നിൽക്കുന്ന തോട്ടങ്ങളുണ്ട്. യാത്രയിൽ ഇടയ്ക്ക് ചെറിയ വെള്ളച്ചാട്ടവും നീര്‍ച്ചാലുകളും അരുവികളും, കിളികളുടെ ശബ്ദവുമൊക്കെ ആസ്വദിക്കാം.
തൊള്ളായിരം കണ്ടിയിലെ ഏറ്റവും മനോഹരമായ മറ്റൊരു അനുഭവമാണ്, സഞ്ചാരികള്‍ക്ക് വായുവില്‍ നടക്കുന്ന പോലെയുള്ള അനുഭൂതി പകർന്നുനൽകുന്ന ചില്ലുപാലം. ഇതിലൂടെ നടക്കുമ്പോള്‍ നേരെ താഴേക്ക് നോക്കിയാല്‍ ഘോരവനത്തിന്‍റെ കാഴ്ചയാണ് കാണാനാവുക. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ പാലം, ഇറ്റലിയില്‍ നിന്നുള്ള പ്രത്യേക തരം ഫൈബര്‍ ഗ്ലാസ് ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. ഒരു സമയത്ത് മൂന്ന് പേര്‍ക്ക് ഇതിനു മുകളില്‍ കയറാം. പാലത്തിലൂടെ നടക്കാന്‍ ഒരാള്‍ക്ക് നൂറ് രൂപയാണ് നിരക്ക് ഈടാക്കുന്നത്. സൗത്ത് ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യത്തെ പാലമാണിത്.
കൂടാതെ, പച്ചക്കുന്നുകളുടെ കാഴ്ചയൊരുക്കുന്ന സീനറിപ്പാറ, ചെമ്പ്ര കുന്നിനരികില്‍ നിന്നും ഒഴുകിയെത്തുന്ന കാന്തൻപാറ വെള്ളച്ചാട്ടം എന്നിവയെല്ലാം തൊള്ളായിരം കണ്ടിക്കരികില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്.
English Summary: Glass Bridge in 900 Kandi Wayanad