പിങ്ക് പട്ടുവിരിച്ച മലരിക്കൽ വസന്തം ആസ്വദിച്ച് നടി രശ്മി സോമൻ
Mail This Article
മലയാളികളുടെ പ്രിയങ്കരിയായ രശ്മി സോമന് യാത്രകള്‍ ഏറെ ഇഷ്ടമാണ്. സുന്ദരകാഴ്ചകൾ നിറഞ്ഞ യാത്രകളുടെ നിരവധി വിഡിയോകള്‍ തന്റെ വ്‌ളോഗിലൂടെ ആരാധകർക്കായി താരം പങ്കുവയ്ക്കാറുമുണ്ട്. പിങ്ക് പട്ടുവിരിച്ച മലരിക്കൽ ആമ്പൽപാടത്തിലൂടെ വള്ളത്തിലേറിയുള്ള മനോഹരമായ യാത്രാ വിഡിയോ ആണ് രശ്മി സോമന്‍ ഏറ്റവും പുതിയതായി പങ്കുവച്ചിരിക്കുന്നത്.
സഞ്ചാരികളുടെ ഇടയിൽ ഏറെ പ്രശസ്തമായ മലരിക്കലിലെ കാഴ്ചകളിലേക്ക് ഡ്രോൺ ദൃശ്യങ്ങൾ ഉൾപ്പെടെയായിരുന്നു രശ്മിയുടെ യാത്ര. കോട്ടയം ജില്ലയിലെ കുമരകത്തിനടുത്തുള്ള ഒരു കൊച്ചു ഗ്രാമമാണ് മലരിക്കൽ. വിരിഞ്ഞ ആമ്പൽ പൂക്കളുടെ പശ്ചാത്തലത്തിൽ ചിത്രം പകർത്താനാണ് താരം എത്തിയതെന്നും വിഡിയോയിൽ പറയുന്നുണ്ട്.
ആമ്പലിന്റെ അതേ നിറത്തിലുള്ള പിങ്ക് സാരിയാണ് രശ്മി അണിഞ്ഞിരിക്കുന്നത്. ആമ്പൽ പൂക്കൾ പടര്‍ന്നു കിടക്കുന്നത് കാണാൻ തന്നെ ഗംഭീരമാണ്. ആരുടേയും മനസ് നിറയ്ക്കും ഈ കാഴ്ച. പ്രകൃതി ആവോളം സൗന്ദര്യം വാരി വിതറിയിരിക്കുന്ന മലരിക്കൽ എന്ന നാട് ഇന്ന് സഞ്ചാരികൾക്കിടയിൽ ഹിറ്റായിരിക്കുന്ന ആമ്പൽപൂക്കളുടെ മനോഹാരിതയിൽ തന്നെയാണ്. പട്ടുമെത്തയൊരുക്കിയ ആമ്പല്‍ പൂക്കളുടെ ഭംഗി ആസ്വദിക്കണമെങ്കിൽ അതിരാവിലെ 6 മണിക്ക് എത്തണമെന്നും രശ്മി പറയുന്നുണ്ട്.
വസന്തം തീരുന്നു
ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് ആമ്പലുകൾ പാടത്ത് വസന്തം തീർക്കുന്നത്. പൂക്കൾക്ക് ഒക്ടോബർ അവസാനം വരെയേ ആയുസ്സുണ്ടാകൂ. ഒക്ടോബറിൽ കൃഷി സീസൺ തുടങ്ങുമ്പോൾ കർഷകർ പാടങ്ങൾ ഉഴുതു തുടങ്ങും. ആമ്പലുകളുടെ ഇലയും പൂക്കളും നശിക്കുമെങ്കിലും അടുത്ത വർഷത്തെ കരുതലായി പ്രകൃതി തന്നെ വിത്തുകൾ പാടത്തെ ചെളിയിൽ നിക്ഷേപിക്കും. പതിവു പോലെ ജൂലൈ മാസം മുതൽ വീണ്ടും പൂവിടാൻ തുടങ്ങും.
English Summary: Actress Reshmi Soman Shares Beautiful Pictures from Malarikkal