ADVERTISEMENT

ചുരം താണ്ടി വയനാടിന്റെ മണ്ണിലേക്ക് കാലെടുത്തു വയ്ക്കുമ്പോഴേ തണുപ്പ്, പുതപ്പു പോലെ പൊതിയും. പ്രകൃതിയ്ക്ക് കാപ്പിപൂവിന്റെയും വാസനയുണ്ട്. നീലഗിരി മലനിരകൾ ഹരിതാഭയണിഞ്ഞു കൈകാട്ടി വിളിക്കുന്നുണ്ട്. വൈത്തിരി അതാ...വയനാടിന്റെ വാതായനങ്ങൾ സന്ദർശകർക്കായി തുറന്നിട്ടിരിക്കുന്നൂ..

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്ന ജില്ലകളിലൊന്നാണ് വയനാട്. കാഴ്ചകൾ ധാരാളമുള്ളതു കൊണ്ടുതന്നെ മുഷിപ്പിന്റെ ചെറു ലാഞ്ചന പോലും എത്തിനോക്കാതെ സമയം ചെലവഴിക്കാമെന്നതു തന്നെയാണ് വൈത്തിരി സന്ദർശകർക്കു മുന്നിൽ വെയ്ക്കുന്ന അതിപ്രധാന വാഗ്ദാനങ്ങളിലൊന്ന്. തണുപ്പും കോടമഞ്ഞും കലരുന്ന കാലാവസ്ഥ അനുഭവിച്ചറിയുക എന്നതു തന്നെ സുഖകരമായ ഒരനുഭൂതിയാണ്. പ്രകൃതി പുൽകി കൂട്ടിരിക്കുന്ന ആ ഗ്രാമത്തിന്റെ കാഴ്ചകളിലേയ്ക്കു ഊളിയിട്ടിറങ്ങാം.

wayanad1
Image From Shutterstock

കർലാട് തടാകം 

വൈത്തിരിയിൽ നിന്നും അധികം ദൂരെയല്ലാതെ, 8 കിലോമീറ്റർ മാത്രം മാറിയാണ് കർലാട് തടാകം സ്ഥിതി ചെയ്യുന്നത്. ഇവിടെത്തുന്ന സന്ദർശകർക്കു തടാകത്തിൽ ബോട്ട് യാത്ര നടത്തുകയും  ചൂണ്ടയിടുകയും ചെയ്യാം. കൂടാതെ, ചെറുമഴ നനഞ്ഞു പ്രകൃതിയോട് ചേർന്ന് ഒരു നടത്തത്തിനു താല്പര്യമുണ്ടെങ്കിൽ അതിനുള്ള സൗകര്യവുമുണ്ട്. 

ലക്കിടി 

വൈത്തിരിയിൽ നിന്നും അഞ്ചു കിലോമീറ്റർ  ദൂരം മാത്രമേയുള്ളൂ ലക്കിടിയിലേക്ക്. മിക്കപ്പോഴും നൂൽമഴയിൽ നനഞ്ഞു നിൽക്കുന്ന ലക്കിടി എന്ന സുന്ദരിയെ ഒരിക്കലൊന്നു അടുത്തറിഞ്ഞാൽ പ്രണയിച്ചു പോകും. മലനിരകളും വനവും ചെറു അരുവികളുമൊക്കെയുള്ള ലക്കിടി സന്ദർശകരുടെ മനസുനിറയ്ക്കുന്ന കാഴ്ചകളൊളിപ്പിച്ചിട്ടുള്ള ഒരിടമാണ്.

സമുദ്ര നിരപ്പിൽ നിന്നും 700 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നതുകൊണ്ട് തന്നെ അതീവ സുഖകരമായ കാലാവസ്ഥയും ഇവിടുത്തെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.

പൂക്കോട് തടാകം

വയനാട്ടിലെ വളരെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ പൂക്കോട് തടാകം വൈത്തിരിയിൽ നിന്നും മൂന്നു കിലോമീറ്റർ മാത്രം അകലെയായാണ് സ്ഥിതി ചെയ്യുന്നത്. സന്ദർശകർക്കായി കയാക്കിങ്, പെഡൽ ബോട്ടിങ്, ശുദ്ധജല അക്വാറിയം, കുട്ടികൾക്കായി പാർക്ക്, വഞ്ചി തുഴയൽ തുടങ്ങിയ വിനോദങ്ങളെല്ലാം അധികൃതർ ഇവിടെ ഒരുക്കിയിട്ടുണ്ട്. 

Pookode-Lake
Image From Shutterstock

തടാകത്തിനു ചുറ്റുമുള്ള നടപ്പാതയും ഏറെ ആകർഷകരമാണ്. പതിമൂന്ന് ഏക്കറാണ് പൂക്കോട് തടാകത്തിന്റെ വിസ്തീർണ്ണം, 2100 അടി ഉയരത്തിലായാണ് സ്ഥിതി ചെയ്യുന്നത്. നീല നിറത്തിൽ നിൽക്കുന്ന ആമ്പൽ പൂക്കൾ തടാകത്തിന്റെ ശോഭ കൂട്ടുന്നു.

എങ്ങനെ എത്തിച്ചേരാം

ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കോഴിക്കോട് ആണ്. കോഴിക്കോട് നിന്നും 63 കിലോമീറ്റർ യാത്ര ചെയ്താൽ വൈത്തിരിയിൽ എത്തിച്ചേരാം. റോഡ് മാർഗമാണെങ്കിൽ കോഴിക്കോട് - കൊല്ലഗൽ ദേശീയപാത 766 കടന്നുപോകുന്നത് വൈത്തിരി പട്ടണത്തിലൂടെയാണ്. ഏറ്റവുമടുത്തുള്ള വിമാനത്താവളം കരിപ്പൂർ രാജ്യാന്തര വിമാനത്താവളമാണ്.

 

English Summary:  Places To Visit In Vythiri, Wayanad 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com