വയനാട്ടില്‍ അവധിക്കാലം ആഘോഷിച്ച് നടി
Mail This Article
അഭിനയജീവിതത്തിന്‍റെ തിരക്കുകള്‍ മാറ്റിവച്ച്, കൂട്ടുകാര്‍ക്കൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ് നടി ഗായത്രി സുരേഷ്. യാത്രകൾ ഒരുപാട് ഇഷ്ടമാണെങ്കിലും സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്രയാണ് അടിപൊളിയെന്നും അവർക്കൊപ്പം ഇന്ത്യയിൽ പലയിടത്തും സഞ്ചരിച്ചിട്ടുണ്ടെന്നും ഗായത്രി. ഇപ്പോഴിതാ വയനാടിന്റെ മണ്ണിലേക്ക് എത്തിയിരിക്കുകയാണ് ഗായത്രിയും സുഹൃത്തുക്കളും.
വയനാട്ടിലെ അരണമലയില്‍ നിന്നാണ് ഗായത്രി യാത്രാചിത്രങ്ങള്‍ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. മനോഹരമായ കാട്ടരുവിയും പാറക്കെട്ടുകളും കാടുമെല്ലാം ഗായത്രി പോസ്റ്റ് ചെയ്ത വിഡിയോയില്‍ കാണാം. മഞ്ഞണിഞ്ഞ വിശാലമായ പുല്‍മേടുകള്‍ക്കിടയിലൂടെ നടക്കുന്ന മറ്റൊരു വിഡിയോയുമുണ്ട്.
വയനാട്ടിലെ അതിമനോഹരമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് അരണമല. ഈയിടെയായി സഞ്ചാരികള്‍ അറിഞ്ഞു വരുന്നേയുള്ളൂ ഈ സ്ഥലത്തെക്കുറിച്ച്. പൂക്കോട് തടാകത്തിനരികില്‍ നിന്ന് 28 കിലോമീറ്ററും മേപ്പാടിയിൽ നിന്ന് 12 കിലോമീറ്ററും ആണ് ഇവിടേക്കുള്ള ദൂരം. മേപ്പാടിയിൽ നിന്ന് ചൂരൽമല റോഡിലൂടെ പോവുമ്പോൾ കള്ളാടിയിൽ അമ്പലത്തിനടുത്ത് നിന്ന് തിരിഞ്ഞുപോവുന്ന വഴിയിലൂടെ മലകയറിയെത്തുന്നത് അരണമലയിലേക്കാണ്. മേപ്പാടി പട്ടണത്തിൽ നിന്ന് സൂചിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന അതേ റോഡാണിത്.
മനോഹരമായ ഏലത്തോട്ടങ്ങള്‍ക്കിടയിലൂടെ, കാറ്റിനോടും കിളികളോടും കാട്ടിലെ മരങ്ങളോടും കിന്നാരം പറഞ്ഞു മല കയറിയെത്തുന്നത് വിസ്മയക്കാഴ്ചകളുടെ അദ്ഭുതലോകത്തേക്കാണ്. മഞ്ഞണിഞ്ഞ പുല്‍മേടുകളുടെ കിരീടം ചാര്‍ത്തിയ മലയുടെ തലപ്പിലേക്കാണ് ഈ വഴി നയിക്കുന്നത്. ചില്ലുപോലെ തെളിഞ്ഞ വെള്ളം ഒഴുകുന്ന നിരവധി കുഞ്ഞരുവികള്‍ വഴി നീളെയുണ്ട്. ഈ അരുവികളിലൂടെ ഒഴുകുന്ന വെള്ളം ദൈനംദിന ഉപയോഗത്തിനായി താഴെയുള്ള വീടുകളിലേക്ക് കൊണ്ടുപോകുന്നതിന് പൈപ്പ്ലൈനുകൾ സ്ഥാപിച്ചതും കാണാം. മിക്കവാറും സമയങ്ങളില്‍ ഇവിടെ നല്ല തണുപ്പേറിയ കാറ്റും അനുഭവപ്പെടാറുണ്ട്.
വന്യമൃഗങ്ങള്‍ വിഹരിക്കുന്ന സ്ഥലമായതിനാല്‍ ഒറ്റയ്ക്ക് ഇവിടേക്ക് യാത്ര ചെയ്യാതിരിക്കുന്നതാണ് നല്ലത്, പരിചയമുള്ള ആരെയെങ്കിലും കൂട്ടി വേണം പോകാന്‍. വന്യമൃഗങ്ങളെ ഭയന്ന് ഈ പ്രദേശം വൈദ്യുത വേലി ഉപയോഗിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്.
ടൂറിസം ഡിപ്പാർട്മെന്‍റിന്‍റെ കീഴിലുള്ള സ്ഥലമാണ് അരണമല. രാവിലെ 7 മണി മുതൽ ആണ് സന്ദർശന സമയം. അരണമലയ്ക്ക് തൊട്ടടുത്തായാണ് 900 കണ്ടിയും ചെമ്പ്ര മലയും സ്ഥിതിചെയ്യുന്നത്.
English Summary: Gayathri Suresh Shares pictures from Wayanad Trip