ADVERTISEMENT

മരം കോച്ചുന്ന തണുപ്പിനെ അടുത്തറിയാൻ മൂന്നാറിലേക്ക് യാത്ര തിരിക്കുന്നവർ ലക്ഷ്യമൊന്നു മാറ്റിപ്പിടിച്ചാൽ തണുപ്പ് എന്താണെന്നു ശരിക്കും അനുഭവിച്ചറിയാം. എങ്ങോട്ടാണ് യാത്രയെന്നല്ലേ? കൊളുക്കുമലയാണ് ലക്ഷ്യസ്ഥാനം. തണുപ്പിനെ വാരിപുതച്ചു മലമുകളിൽ അന്തിയുറങ്ങാം എന്നുള്ളതു മാത്രമല്ല, ഉദയസൂര്യനെ കൺകുളിർക്കെ കാണുകയും ചെയ്യാം. 

എങ്ങനെ എത്തിച്ചേരാം കൊളുക്കുമലയിലേക്ക് ?

തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂരിലാണ് കൊളുക്കുമല സ്ഥിതി ചെയ്യുന്നത്. മൂന്നാറിൽ നിന്നും ഏകദേശം 35 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താം. ചിന്നക്കനാൽ - സൂര്യനെല്ലി വഴി ജീപ്പ് മാർഗം മാത്രമേ കൊളുക്കുമലയിലേക്ക് എത്താൻ കഴിയൂ. വളഞ്ഞുപുളഞ്ഞു പോകുന്ന ചെങ്കുത്തായ പാത യാത്രയെ അവിസ്മരണീയമായ അനുഭവമാക്കി മാറ്റും. 

കൊളുക്കുമലയുടെ സവിശേഷതകൾ 

സമുദ്രനിരപ്പിൽ നിന്നും ഏകദേശം 8000 അടി മുകളിലായി സ്ഥിതി ചെയ്യുന്ന കൊളുക്കുമലയിലാണ്  ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള ഓർഗാനിക് തേയിലത്തോട്ടങ്ങൾ സ്ഥിതി ചെയ്യുന്നത്. 1930 ലാണ് ഈ മലമുകളിൽ ആദ്യത്തെ തേയില തോട്ടങ്ങൾ സ്ഥാപിക്കപ്പെടുന്നത്. തമിഴ്‌നാട് സ്വദേശികളായിരുന്നു അതിനു പിന്നിൽ.

Kolukkumalai4

കോട്ടഗുഡി പ്ലാൻറ്റേഷൻ ആണ് ഇപ്പോൾ അതിന്റെ നടത്തിപ്പ്. രാസവളങ്ങളുടെ ഉപയോഗം തീരെയില്ലാതെ, പൂർണമായും ജൈവവളങ്ങൾ കൊണ്ടാണ് ഇവിടെ തേയില കൃഷി ചെയ്യുന്നത്. അതുകൊണ്ടു തന്നെ കൊളുക്കുമലയിലെ തേയിലയ്ക്കു ആവശ്യക്കാരേറെയാണ്.

പ്രകൃതിക്കൊപ്പം ചേരാം, മഞ്ഞിനെ തൊടാം

കോടയും കാറ്റും മഞ്ഞും ചേർന്ന കാലാവസ്ഥ, കൊളുക്കുമലയെ സ്വർഗതുല്യമാക്കും. മലമുകളിൽ ഇപ്പോൾ ധാരാളം ടെന്റുകൾ ഉണ്ട്. പ്രകൃതിയെ അടുത്തറിഞ്ഞുകൊണ്ടു താമസിക്കാം. ആകാശവും നക്ഷത്രങ്ങളും കണ്ടുള്ള രാത്രിയിൽ, അസ്ഥികൾ മരവിക്കുന്ന തണുപ്പിന്റെ കരങ്ങൾ പുണർന്നുകൊണ്ടുള്ള താമസം ഏതൊരു യാത്രികന്റെയും മനസുനിറയ്ക്കും. സഞ്ചാരികൾ ധാരാളമായി എത്തുന്നതുകൊണ്ടു തന്നെ ഭക്ഷണം, താമസം പോലുള്ള അടിസ്ഥാന ആവശ്യങ്ങൾക്കൊന്നും യാതൊരു ബുദ്ധിമുട്ടുമില്ല.

kolukumalai-travel2

നക്ഷത്രങ്ങൾ കണ്ടുകൊണ്ടുള്ള ഉറക്കത്തിനു ശേഷം കണ്ണുകൾ തുറക്കുന്നത് ഉദയസൂര്യന്റെ മനോഹര കാഴ്ചകളിലേക്കാണ്. മലനിരകളെ തൊട്ടു നിൽക്കുന്ന ആകാശമപ്പോൾ കുങ്കുമ വർണം വാരിയണിയും. സൂര്യൻ ഉദിച്ചുയരുന്നതിനു അനുസരിച്ചു മലനിരകളും തേയിലത്തോട്ടങ്ങളും ദൃശ്യമാകും. 

ട്രെക്കിങ്  പ്രിയർക്കായി 

kolukumalai-travel2
ചിത്രം ശബരി വർക്കല

ട്രെക്കിങ് ഇഷ്ടപ്പെടുന്നവർക്ക് പാപ്പാത്തിച്ചോല വഴി കൊളുക്കുമലയിലേയ്ക്ക് എത്തിച്ചേരാവുന്നതാണ്. വിദേശികളും സ്വദേശികളും ഉൾപ്പെടെ സാഹസികത ഇഷ്ടപ്പെടുന്ന ഏതൊരു സഞ്ചാരിയും  തെരഞ്ഞെടുക്കുന്ന പാതയാണിത്. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലമാണ് കൊളുക്കുമല സന്ദർശിക്കുന്നതിനു ഉചിതമായ സമയം. മീശപ്പുലിമലയും തിപ്പാടമലയും കൊളുക്കുമലയ്ക്കു  സമീപത്തായി തന്നെയാണ് സ്ഥിതി ചെയ്യുന്നത്. 

English Summary:Camping at Kolukkumalai 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com