ADVERTISEMENT

മലയാളികളുടെ പ്രിയ സംഗീത സംവിധായകനായ ഒൗസേപ്പച്ചന്‍ ഭൂമിയിലെ സ്വർഗത്തിൽ എത്തിയ സന്തോഷത്തിലാണ്. വാക്കുകൾ കൊണ്ട് വർണിക്കാനാവാത്ത ആ മനോഹരയിടത്തെക്കുറിച്ച് ആരാധകർക്കായി പങ്കുവയ്ക്കുകയാണ് സുപ്പർഹിറ്റ് സംഗീത സംവിധായകൻ. ഞാൻ കണ്ട ഭൂമിയിലെ സ്വർഗം എന്ന തലക്കെട്ടോടെയാണ് സമൂഹമാധ്യമത്തിൽ വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

ഒൗസേപ്പച്ചന്‍ ഭൂമിയുടെ സ്വർഗം എന്നു വിശേഷിപ്പിച്ചിരിക്കുന്നത് മൂന്നാറിനെയാണ്. മൂന്നാറില്‍ എത്തിച്ചേരുന്ന സഞ്ചാരികളി‌ല്‍ ബഹുഭൂരിപക്ഷവും സന്ദര്‍ശിക്കുന്ന സ്ഥലമാണ് ടോപ്‌സ്റ്റേഷന്‍. മൂന്നാ‌ര്‍ ടൗണില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയായി സമുദ്രനിരപ്പില്‍ നിന്ന് 1700 മീറ്റര്‍ ഉയരത്തിലായി ടോപ്പ് സ്റ്റേഷന്‍. ഇവിടെ എത്തുന്ന സഞ്ചാരികളെ കാത്ത് മറ്റൊരു കാഴ്ചയുമുണ്ട്.

മൂന്നാറിലെ പ്രകൃതിയുടെ വശ്യത ശരിക്കും അനുഭവിച്ചറിയണമെങ്കിൽ  ഇവിടെ വരണം. ടോപ്സ്റ്റേഷനിലെ ചാണ്ടീസ് ഡ്രിസിൽ ഡ്രോപ്സ് എന്ന റിസോർട്ടിലാണ് ഒൗസേപ്പച്ചനും കുടുംബവും എത്തിയിരിക്കുന്നത്. റിസോർട്ടിലെ താമസവും കാഴ്ചകളുമാണ് വിഡിയോയിൽ പറയുന്നത്. ദുർഘട പാത താണ്ടി ചെന്നാൽ എത്തുന്നത് മനോഹര കാഴ്ചയിലേക്കാണ് എന്നു പറയുന്നത് വളരെ ശരിയാണ്. 

പ്രകൃതിയോട് ഇണങ്ങിച്ചേർന്ന ആഡംബര റിസോർട്ടാണത് ചാണ്ടീസ് ഡ്രിസിൽ ഡ്രോപ്സ്. പല റിസോർട്ടുകളിൽ താമസിച്ചുട്ടുണ്ടെങ്കിലും ഇത്രയും സൗന്ദര്യമുള്ള പ്രകൃതിയെ ചേർത്തു നിര്‍ത്തിയ റിസോർട്ടിന്റെ നിർമാണ രീതി ശരിക്കും അതിശയിപ്പിക്കുന്നതാണ്. മഞ്ഞും കാഴ്ചകളും ആസ്വദിക്കാം പച്ചപ്പിനു നടുവിലുള്ള ഇൗ സ്വർഗ കൊട്ടാരത്തിൽ. മലയുടെ അടിവാരത്തിലൂടെ യാത്ര ചെയ്യുമ്പോൾ പലതവണ ഒാർത്തിട്ടുണ്ട് ഇതിനു മുകളിൽ താമസിക്കാൻ സാധിച്ചിരുന്നെങ്കിലെന്ന്. ആ സ്വപ്നമാണ് ഇൗ റിസോർട്ടിൽ സാക്ഷാത്കരിച്ചതെന്ന് ഒൗസേപ്പച്ചന്‍ പറയുന്നു.

മകൻ അമേരിക്കയിലാണ്, ഇൗ യാത്രയിൽ മകനും ഒപ്പമുണ്ടായിരുന്നു. പ്രകൃതിയുടെ ഭംഗി നിറഞ്ഞ പച്ചപ്പിന്റെ നടുവിലുള്ള ഇതുപോലൊന്ന് അമേരിക്കയിൽ പോലും ഇല്ലെന്ന് മകൻ പറഞ്ഞെന്നും ഒൗസേപ്പച്ചന്‍ വിഡിയോയിൽ പറയുന്നുണ്ട്. കാഴ്ച പോലെ തന്നെ റിസോർട്ടിലെ വിഭവങ്ങളും രുചിയൂറുന്നതാണ്. ഇൗ സ്ഥലം കാണാൻ സാധിച്ചാൽ അത് ഭാഗ്യമാണ്, എനിക്ക് ആ ഭാഗ്യം ലഭിച്ചുവെന്നും ഒൗസേപ്പച്ചന്‍ കൂട്ടിച്ചേർത്തു.

മൂന്നാറിലെ ചാണ്ടീസ്‌ വിൻഡി വുഡ്സ്‌ റിസോർട്ട് ഇന്ത്യയിലെ 25 റിസോർട്ടുകളിൽ ഏറ്റവും മികച്ച റിസോർട്ടായി ട്രിപ്പ് അഡ്വൈസറിന്റെ റേറ്റിങ്ങിൽ  തിരഞ്ഞെടുത്തതാണ്. ചാണ്ടീസ്‌ വിൻഡിവുഡ്സിന്റെ പുതിയ പ്രോജക്റ്റാണ് മൂന്നാർ ടോപ്സ്റ്റേഷനിലുള്ള ചാണ്ടീസ് ഡ്രിസിൽ ഡ്രോപ്സ്. നിർമാണം പൂർത്തിയായിട്ടില്ല. റിസോർ‍ട്ടിലേക്കുള്ള പ്രവേശന കവാടവും മനസ്സ് കീഴടക്കുന്നതാണ്. മലമടക്കുകളുടെ വിദൂര കാഴ്ച നൽകുന്ന ഡൈനിങ്ങും ജിമ്മും മുറികളും. പച്ചപ്പിന്റെ നിറസാന്നിദ്യം അറിയിക്കുന്ന റിസേർട്ട് ശരിക്കും സ്വർഗം തന്നെയാണ്.

English Summary: Ouseppachan Shares Vacation Videos from Chandy's Drizzle Drops

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com