ADVERTISEMENT

അകവും പുറവും ഒരുപോലെ ഉരുകുന്ന വേനല്‍ക്കാലമാണ്. അല്‍പം കുളിരു തേടിപ്പോകാന്‍ മലനിരകളും വനങ്ങളുമെല്ലാം അടുത്തു തന്നെ ധാരാളമുണ്ട്. കാപ്പിത്തോട്ടങ്ങളും തേയിലത്തോട്ടങ്ങളും കണ്ടുകണ്ട്, മലകയറി നെല്ലിയാമ്പതിയിലെ തണുപ്പിലേക്ക് പോകാന്‍ പറ്റിയ സമയമാണ്. നെല്ലിയാമ്പതിയെ പാ‍വപ്പെട്ടവരുടെ ഊട്ടി എന്നു വിളിക്കുന്നത് വെറുതെയല്ല എന്ന് ഈ യാത്ര മനസ്സിലാക്കിത്തരും. 

പാലക്കാട് ജില്ലയില്‍നിന്ന് 60 കിലോമീറ്റർ അകലെയാണ് നെല്ലിയാമ്പതി. മലകള്‍ക്കിടയില്‍നിന്നു പുകപോലെ ഉയരുന്ന മേഘശകലങ്ങളും ചോലക്കാടുകളും പുൽമേടുകളുമെല്ലാം സഞ്ചാരികളുടെ ഹൃദയം കവരും. ജൂൺ മുതൽ ഡിസംബർ വരെയാണ് തണുപ്പു കൂടുതലെങ്കിലും ജനുവരി മുതൽ മേയ് വരെയുള്ള ചൂടുകാലത്തും സുഖകരമാണ് ഇവിടുത്തെ കാലാവസ്ഥ. 

നെല്ലിയാമ്പതിയുടെ മൊത്തം വിസ്തൃതി 82 ചതുരശ്ര കിലോമീറ്ററാണ്. സമുദ്രനിരപ്പില്‍നിന്നു 467 മീറ്റര്‍ മുതല്‍ 1572 മീറ്റര്‍ വരെ ഉയരമുള്ള മലനിരകളാണ്‌ ഇവിടെയുള്ളത്. ഈ പ്രദേശത്തെ ആദിമനിവാസികള്‍ പണ്ട് ‘നെല്ലി’ എന്നൊരു അമ്മദൈവത്തെ ആരാധിച്ചിരുന്നു. നെല്ലി ദേവതയുടെ ഊര്‌ എന്ന അർഥത്തിലാണ് നെല്ലിയാമ്പതിക്ക് ആ പേര് ലഭിച്ചത്. 

നെല്ലിയാമ്പതിയില്‍ എത്താന്‍ നെന്മാറയില്‍നിന്ന് പോത്തുണ്ടി അണക്കെട്ട് വഴിയുള്ള റോഡില്‍ പോകണം. സഞ്ചാരികള്‍ക്ക് ബോട്ടിങ്ങിന് സൗകര്യമുള്ള ചെറിയൊരു അണക്കെട്ട് പോത്തുണ്ടിയിലുണ്ട്. യാത്രാമധ്യേ ഇവിടെയിറങ്ങി അല്‍പം ഉല്ലാസമാകാം. നെന്മാറയിൽനിന്ന് 26 കിലോമീറ്റർ അകലെയാണ് നെല്ലിയാമ്പതി പ്രദേശത്തെ ആദ്യത്തെ പട്ടണമായ കൈകാട്ടി. പത്തോളം ഹെയര്‍പിന്‍ വളവുകള്‍ പിന്നിട്ടാലാണ് മുകളിലെത്തുക. 17 കിലോമീറ്ററോളം ദൂരമുണ്ട് ഇത്. 

പോത്തുണ്ടി ഡാമില്‍ നിന്നാണ് അടുത്തുള്ള നെൽ‌വയലുകളിലേക്ക് ആവശ്യമായ വെള്ളം എടുക്കുന്നത്. മുകളിലേക്ക് പോകുമ്പോള്‍ അവിടവിടെ പാലക്കാടന്‍ സമതലങ്ങളും നെല്‍പാടങ്ങളും തെങ്ങിന്‍ തോപ്പുമെല്ലാം കണ്ണിനു കുളിരേകും. വിവിധ കമ്പനികളുടെ തേയിലത്തോട്ടങ്ങളുമുണ്ട്. പോത്തുണ്ടി ഡാം കഴിയുമ്പോൾ സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള വനങ്ങളാണ്. ഇവിടെ നിറയെ ഭീമന്‍ തേക്ക് മരങ്ങള്‍ കാണാം. മാത്രമല്ല, ഭാഗ്യമുണ്ടെങ്കില്‍ വഴിയിൽ കുരങ്ങ്, മാൻ, മുള്ളൻ‌പന്നി തുടങ്ങിയ കാട്ടുമൃഗങ്ങളെയും കാണാം. മഴക്കാലത്ത് നിറയെ വെള്ളച്ചാട്ടങ്ങള്‍ നിറഞ്ഞു മനോഹരമാണ് ഈ വഴിയിലെ കാഴ്ചകള്‍. 

ഓറഞ്ച് തോട്ടങ്ങള്‍ക്കും ഏറെ പ്രസിദ്ധമാണ് നെല്ലിയാമ്പതി. സഞ്ചാരികള്‍ക്ക് താമസവും ഭക്ഷണവും ഒരുക്കുന്ന ഹോട്ടലുകളും റിസോര്‍ട്ടുകളും നിരവധിയുണ്ട്. കൈകാട്ടിയിൽ സർക്കാർ നടത്തുന്ന ഒരു അതിഥിഭവനം ഉണ്ട്.

നെല്ലിയാമ്പതിയുടെ പരിസരപ്രദേശങ്ങളിലും കാണാനായി നിരവധി കാഴ്ചകളുണ്ട്‌. സീതാര്‍കുണ്ട് വെള്ളച്ചാട്ടമാണ് അവയിലൊന്ന്. രാമനും ലക്ഷ്മണനും സീതയും വനവാസക്കാലത്ത് ഇവിടെ ജീവിച്ചിരുന്നു എന്നാണ് വിശ്വാസം. ദൂരെയുള്ള ചുള്ളിയാർ, മീങ്കാര അണക്കെട്ടുകളും കൊല്ലങ്കോട് പട്ടണവും മലമുകളിൽ നിന്ന് കാണാൻ കഴിയും.

കൈകാട്ടിക്ക് അടുത്തുള്ള കേശവൻപാറ എന്ന സ്ഥലത്തുനിന്നു നോക്കിയാൽ താഴെ താഴ്‌വാരത്തിന്‍റെ മനോഹരമായ ദൃശ്യം കാണാം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേയില ഉത്പാദിപ്പിക്കുന്ന മണലരൂ എസ്റ്റേറ്റ് ഇവിടെ അടുത്താണ്. ബ്രിട്ടിഷുകാരുടെ കാലത്ത് നിര്‍മിച്ച അതിമനോഹരമായ വീടുകളും മറ്റൊരു കാഴ്ചയാണ്. 

പാലക്കാടിനും നെല്ലിയാമ്പതിക്കും ഇടയ്ക്ക് കെഎസ്ആർടിസിയുടെ ബസുകൾ ഓടുന്നുണ്ട്. മലമ്പ്രദേശങ്ങളിൽ ജീപ്പുകളാണ് സാധാരണയായി ഉപയോഗിക്കുന്ന ഗതാഗത മാർഗ്ഗം.

English Summary: The complete guide to Nelliyampathy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com