ADVERTISEMENT

വിവാഹത്തിനു മുന്‍പേ വരനും വധുവും ചേര്‍ന്ന് നടത്തുന്ന പ്രീ-വെഡ്ഡിങ് ഷൂട്ടുകള്‍ ഇപ്പോള്‍ കേരളത്തിലും ട്രെന്‍ഡ് ആയിക്കഴിഞ്ഞു. അതിമനോഹരമായ ലൊക്കേഷനുകള്‍ നിരവധിയുള്ള കേരളത്തിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ പോലും ഇത്തരം ഷൂട്ടുകള്‍ക്കായി എത്താറുണ്ട്. കേരളത്തിന്‍റെ പ്രകൃതിഭംഗിയും ഉള്ളു നിറയ്ക്കുന്ന പച്ചപ്പിന്‍റെ മായികതയുമെല്ലാം ക്യാമറക്കണ്ണുകളില്‍ ഒപ്പിയെടുത്ത്, ഒരു ജീവിതകാലം മുഴുവന്‍ ഓര്‍മിച്ചുവയ്ക്കാനുള്ള മധുരസ്മരണകളാക്കി മാറ്റുന്നു. കേരളത്തില്‍ ഇത്തരം പ്രീ-വെഡ്ഡിങ് ഷൂട്ടുകള്‍ നടത്താനുള്ള ചില സുന്ദരമായ ലൊക്കേഷനുകള്‍ പരിചയപ്പെടാം. 

ആലപ്പുഴ

കിഴക്കിന്‍റെ വെനീസ് എന്ന ഓമനപ്പേര് അന്വർഥമാക്കുന്ന സൗന്ദര്യമാണ് ആലപ്പുഴയ്ക്ക്. കേരളത്തിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായ ആലപ്പുഴയില്‍ പ്രീ-വെഡ്ഡിങ് ഷൂട്ടുകള്‍ നടത്താന്‍ എത്തുന്ന നിരവധി പേരുണ്ട്. കായലും നദികളും വൃത്തിയുള്ള തീരങ്ങളും തനതായ ശൈലിയിലുള്ള ഹൗസ് ബോട്ടുകളുമെല്ലാം ലോകമെമ്പാടുമുള്ള ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. 

wedding-shoot1
Image From Shutterstock

മൂന്നാർ, തേക്കടി തുടങ്ങി കേരളത്തിലെ മറ്റ് മനോഹരമായ സ്ഥലങ്ങൾക്കൊപ്പം തന്നെയാണ് സഞ്ചാരികളുടെ മനസ്സില്‍ ആലപ്പുഴയുടെ സ്ഥാനം. കുട്ടനാടും പുഞ്ചപ്പാടങ്ങളും നാവില്‍ കപ്പലോടിക്കുന്ന രുചികളുമെല്ലാമുള്ള ആലപ്പുഴയിൽനിന്ന് പകര്‍ത്തുന്ന ചിത്രങ്ങൾ കാലമേറെ കഴിഞ്ഞാലും മനസ്സില്‍ കുളിരു നിറയ്ക്കും എന്നതില്‍ സംശയമില്ല.

മൂന്നാർ

കോടമഞ്ഞു മെല്ലെ മാഞ്ഞു പോകുന്ന പുലരി... ചുറ്റും മലനിരകളും അവയെ പൊതിഞ്ഞ് കട്ടിയുള്ള പച്ചപ്പും. തേയിലത്തോട്ടങ്ങളിലെ പുതുനാമ്പുകളിലേക്ക് പതിയെ കിനിഞ്ഞിറങ്ങുന്ന സ്വര്‍ണവെയില്‍... അതിനിടയില്‍ നിന്നൊരു ഫോട്ടോ, ആഹാ... അന്തസ്സ്! ഉയരത്തില്‍ ചായയ്ക്ക് മാത്രമല്ല, ചിത്രങ്ങള്‍ക്കും അല്‍പം ക്വാളിറ്റി കൂടും.

munnar-trip
Image From Shutterstock

മൂന്നാറില്ലാതെ മലയാളികളെ സംബന്ധിച്ചിടത്തോളം ഒരു യാത്രാലോകമില്ല. ഹണിമൂണ്‍, സ്കൂള്‍ വിനോദയാത്ര, വീക്കെൻഡ് ട്രിപ്പ് എന്നു വേണ്ട, സകലമാന യാത്രകളും പ്ലാന്‍ ചെയ്യുമ്പോള്‍ മനസ്സിലേക്ക് ആദ്യം കടന്നുവരുന്ന പേര് മൂന്നാര്‍ എന്നതായിരിക്കും. പ്രീ- വെഡ്ഡിങ് ഷൂട്ട്‌ ഇവിടെയാക്കിയാല്‍ മൂന്നാറിന്‍റെ സൗന്ദര്യം മുഴുവന്‍ ആഗ്രഹിക്കുമ്പോഴെല്ലാം കാണാം.

ബേക്കൽ

ചെങ്കല്ലില്‍ കൊത്തിയെടുത്ത കവിത എന്നു ബേക്കല്‍ കോട്ടയെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. കാണാന്‍ അത്രയ്ക്ക് മനോഹരമാണ് കാസർകോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ബേക്കൽ കോട്ട. അറബിക്കടലിന്‍റെ തീരത്ത് 35 ഏക്കറിൽ പരന്നു കിടക്കുന്ന ഈ കോട്ട പതിനേഴാം നൂറ്റാണ്ടിന്‍റെ മധ്യകാലത്താണ് പണികഴിപ്പിച്ചത്. കടലും കരവിരുതും കൈകോര്‍ക്കുന്ന കോട്ടയുടെ പരിസരങ്ങള്‍ മികച്ച ഷൂട്ടിങ് ലൊക്കേഷന്‍ ആണ്. നിരവധി സിനിമകളിലും കോട്ട പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 

കുമരകം

മരതകപ്പച്ച നിറമുള്ള കായലിലൂടെ യാത്ര ചെയ്യുകയും ഷൂട്ട്‌ ചെയ്യുകയുമൊക്കെ ആവാം കുമരകത്ത്. സമൃദ്ധമായ സസ്യജാലങ്ങളാലും നെൽവയലുകളാലും ചുറ്റപ്പെട്ട കുമരകത്ത് ഷൂട്ടിങ് കാലങ്ങളായി സജീവമാണ്. 

wedding-shoot
Image From Shutterstock

കണ്ടൽ കാടുകളും നെൽ വയലുകളും തെങ്ങിൻ തോപ്പുകളും നിറയെ ഉള്ള സ്ഥലങ്ങളിലൊന്നാണ്‌ കുമരകം. കായൽ നികത്തി ഉണ്ടാക്കിയ കേരളത്തിലെ ആദ്യത്തെ പാടശേഖരങ്ങളും കുമരകത്താണ്. സമുദ്രനിരപ്പിനു താഴെ സ്ഥിതി ചെയ്യുന്നതിനാൽ കുമരകത്തെ കേരളത്തിന്‍റെ നെതർലൻഡ്സ് എന്നു വിളിക്കാറുണ്ട്.

കാന്തല്ലൂര്‍

തുടുത്തുവിളഞ്ഞു നില്‍ക്കുന്ന ആപ്പിള്‍ തോട്ടങ്ങള്‍ക്കിടയിലൂടെ നടക്കുന്നതിന്റെ ഒരു ഫോട്ടോ എങ്ങനെയുണ്ടാകും? അതല്‍പം വെറൈറ്റി ആയിരിക്കും. അതിനായി കേരളം വിട്ടൊന്നും പോകണ്ട, ഇത്തരത്തില്‍ വ്യത്യസ്തത ആഗ്രഹിക്കുന്നവര്‍ക്ക് പോകാന്‍ പറ്റിയ ഇടമാണ് കാന്തല്ലൂര്‍. കേരളത്തില്‍ ആപ്പിളും ഓറഞ്ചുമെല്ലാം വിളയുന്ന അപൂര്‍വ സ്ഥലങ്ങളില്‍ ഒന്നാണ് ഇടുക്കിയിലെ കാന്തല്ലൂര്‍.

kanthaloor-mmarayoor-travel

കാബേജും കാരറ്റും പോലെയുള്ള ശീതകാല പച്ചക്കറികളും ഓലമേഞ്ഞ കെട്ടിടങ്ങളും വിറക് പെറുക്കി തലച്ചുമ‌‌ടായി നീങ്ങുന്ന ആളുകളും വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡുകളും കണ്ണഞ്ചിപ്പിക്കുന്ന വര്‍ണ്ണശോഭയോടെ വഴിയരികില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന മരങ്ങളുമെല്ലാം ചേര്‍ന്ന് കാന്തല്ലൂരിനെ സുന്ദരിയാക്കുന്നു.

English Summary: Best Places for Wedding Photoshoot in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com