ADVERTISEMENT

കുട്ടവഞ്ചി വെട്ടിത്തിരിഞ്ഞ് ഒന്നുകറങ്ങി. ബാബുച്ചേട്ടൻ തുഴ വെള്ളത്തിലടിച്ചപ്പോൾ തെറിച്ച വെള്ളത്തുള്ളികൾ മുഖത്തു വീണു. കലങ്ങിമറിഞ്ഞൊഴുകുന്ന കല്ലാറിന്റെ വശം പിടിച്ച്, ആറ്റിലേക്കു ചാഞ്ഞ മരച്ചില്ലകളിൽ തൊട്ടുതൊട്ടില്ലെന്ന മട്ടിൽ കുട്ടവഞ്ചി ഒഴുകി. 

മഴ പെയ്യുമ്പോൾ കുട്ടവഞ്ചിയിൽ ഒരു ചെറിയ സഫാരി പോയാലോ? മഴക്കാലയാത്രകളിൽ അൽപം മഴ നനയാതെ എങ്ങനെയാ... പത്തനംതിട്ട ജില്ലയിലെ തണ്ണിത്തോട് അടവി ഇക്കോ ടൂറിസം പാർക്കിൽ ചെന്നാൽ ഒരു ചെറിയ സാഹസികയാത്ര ചെയ്യാം. കുട്ടികൾക്കൊപ്പം പോകാൻ പറ്റിയ സ്ഥലമാണ്, കുട്ടവഞ്ചി മാത്രമല്ല അടുത്തുള്ള കോന്നി ആനവളർത്തൽ കേന്ദ്രത്തിലെ ആനക്കാഴ്ചകളും കുട്ടികളെയും മുതിർന്നവരെയും സന്തോഷിപ്പിക്കും.

adavi-eco-tourism1
ചിത്രങ്ങൾ : ജിമ്മി കമ്പല്ലൂർ

അടവി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായ മുണ്ടോംമൂഴി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ മഴക്കാലമായിട്ടും ഞായറാഴ്ച ആഘോഷമാക്കാൻ ധാരാളം സഞ്ചാരികൾ എത്തിയിരുന്നു. രണ്ടു കുട്ടികൾ ഉൾപ്പെടെ നാലുപേരുള്ള സംഘത്തിന് 500 രൂപയാണ് അരമണിക്കൂർ യാത്രയ്ക്കുള്ള ഫീസ്, കുട്ടയുടെ നമ്പരും പാസിൽ രേഖപ്പെടുത്തിത്തരും. ടിക്കറ്റ് വാങ്ങി കൗണ്ടറിൽനിന്നു താഴേക്കിറങ്ങുന്ന നടപ്പാതയോടു ചേർന്നു മനോഹരമായ പൂന്തോട്ടം കാണാം. പൂക്കളും പൂന്തോട്ടവും കടന്നു ചെല്ലുമ്പോൾ ആയത്തിൽ ആടാൻ നല്ലൊരു ഊഞ്ഞാലും കാത്തിരിപ്പുണ്ട്. മഴക്കാറുമൂടിയ അന്തരീക്ഷത്തിൽ കുട്ടവഞ്ചിയാത്രയ്ക്കു കാത്തു നിൽക്കുന്നവർ...

പെട്ടെന്ന് കാലാവസ്ഥ മാറി. ഇരുണ്ടു കൂടിയ മേഘങ്ങളൊക്കെ ചേർന്നൊരു പെരുമഴ, കൂട്ടിവച്ച കുട്ടവഞ്ചി തീർത്ത തണലിലേക്കും  ഇലച്ചാർത്തു കൊണ്ടു കുടപിടിച്ചു നിൽക്കുന്ന വമ്പൻ മരച്ചുവട്ടിലേക്കും ആളുകൾ നീങ്ങി. കല്ലാറങ്ങനെ കലങ്ങി മറിഞ്ഞ് ഒഴികുകയാണ്. സഫാരി അവസാനിപ്പിച്ചവർ വട്ടം കറക്കിയെടുത്ത കുട്ടവഞ്ചികളുടെ തലപ്പെരുപ്പിൽ കരയിലേക്ക്.

adavi-eco-tourism
ചിത്രങ്ങൾ : ജിമ്മി കമ്പല്ലൂർ

കുറച്ചു നേരം കാത്തിരുന്നു മഴ കുറയാൻ. കുടയും ചൂടി കുട്ടികൾ ആവേശത്തിൽ... പനിക്കും ജലദോഷത്തിനും ഇടയ്ക്കുള്ള ഒരു ദിവസം നോക്കി മഴ നനയാൻ ഇറങ്ങിയിട്ടു വിട്ടു കൊടുക്കാൻ പറ്റില്ലല്ലോ. മഴയൊന്നു കുറഞ്ഞപ്പോൾ ബാബു എന്ന സാരഥി ‘‘എന്നാൽ നമുക്കു പോകാം...’’ എന്നുപറഞ്ഞ് ഓരോരുത്തരെയായി കുട്ടയിലേക്കു കയറ്റി. ഇരിക്കുന്നിടത്തുനിന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറരുതെന്നു കുട്ടികൾക്കു കർശന നിർദേശവും. ഓരോ ആളും കയറിയശേഷം കുട്ട വട്ടം കറക്കി അടുത്തയാളെ കയറ്റും. പുഴയുടെ ഓളവും തുഴയുടെ താളവും കല്ലാറിന്റെ വലതു വശം പിടിച്ചുള്ള യാത്ര രസകരമാക്കി. മുൻപേ പോയവർ തിരിച്ചു വരുന്നത് ആർപ്പുവിളിച്ചു വട്ടം കറങ്ങിയാണ്. മഴ പൊടിഞ്ഞുകൊണ്ടിരുന്നതിനാൽ കുടയും ചൂടിയായിരുന്നു യാത്ര. ആറിന്റെ വശങ്ങളിലെ മരക്കൊമ്പുകൾ കടക്കുമ്പോൾ കുടമടക്കണം. പിന്നാലെയുള്ള കുട്ടവഞ്ചിയിൽ ആഗ്രയിൽ നിന്നെത്തിയ സർദാർജി ഹിന്ദിപ്പാട്ടൊക്കെ പാടി യാത്ര ആഘോഷമാക്കി. മുൻപിൽ കണ്ട ഒരു മരക്കൊമ്പിൽ പിടിച്ച് ബാബുച്ചേട്ടൻ കുട്ടവഞ്ചിക്ക് സ‍ഡൻ ബ്രേക്കിട്ടു. ‘‘ഇവിടം വരെയേ ഉള്ളോ..?’’ 

‘‘മഴയ്ക്കു ശേഷം ഇറങ്ങിയിട്ട് ഇവിടെ വരെ എത്തിയവർ നമ്മൾ മാത്രമാണ്...’’

adavi-eco-tourism2
ചിത്രങ്ങൾ : ജിമ്മി കമ്പല്ലൂർ

ഒരു കൈ കൊണ്ട് മരക്കൊമ്പിൽ ബ്രേക്ക് പിടിച്ചിരിക്കുന്ന ഈ ടെക്നിക് നിങ്ങൾക്കു പറ്റുമോ എന്നായി ബാബു ചേട്ടൻ. പിന്നെ ഞങ്ങൾ ചലഞ്ച് ഏറ്റെടുത്തു.

‘‘ഇനി നമുക്ക് നടുക്കോട്ടു പോകാം, പിള്ളേരൊക്കെ ഉള്ളതു കൊണ്ട് കുട്ട വട്ടം കറക്കണ്ടല്ലോ അല്ലേ ?’’ 

‘‘ഏയ് ചെറുതായിട്ട് കറക്കാം. ആ മിക്സിയുടെ ചെറിയ സിച്ച് ഇട്ടതു പോലെ. ശേഷം ആകാശം നോക്കി ആകാശമായവളേ... എന്ന പാട്ട് പാടാൻ പറ്റിയ ഒരു അവസ്ഥയിൽ എത്തും.’’

adavi-eco-tourism3
ചിത്രങ്ങൾ : ജിമ്മി കമ്പല്ലൂർ

ബാബുച്ചേട്ടൻ തുഴവച്ച് വെള്ളത്തിൽ ‘ഠപ്പേ...’എന്നൊരടി, ‘ടയറു പഞ്ചറായതാണെന്നാ തോന്നുന്നേ... ’എന്നൊരു ആത്മഗതവും! അതിന് ഈ വണ്ടിക്ക് ടയറില്ലല്ലോ...? ഉണ്ടോ...!

മഴകൊണ്ട് എല്ലാവരും നനഞ്ഞു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. കുട്ടികൾക്കുള്ള ഉടുപ്പ് കരുതിയിരുന്നു. കോന്നിയിലെത്തി ഭക്ഷണം കഴിച്ച ശേഷം അടുത്തു കണ്ട തുണിക്കടയിലേക്ക്. കോന്നി ടൗണിനടുത്താണ് ആനത്താവളം. കേരള വനംവകുപ്പിന്റെ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്. പുറത്തുനിന്നു നോക്കുമ്പോഴെ കുട്ടികളുടെ കണ്ണുടക്കുന്നത് പാർക്കിലേക്കാണ്, മഴകാരണം നേരേ കുട്ടിക്കുറുമ്പൻമാരായ ആനക്കൂട്ടത്തെ കാണാൻ പാസുമെടുത്തു കയറി. (മുതിർന്നവർക്ക് – 40 രൂപ, അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് – 15 രൂപ, ക്യാമറ –  100 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്). ഓരോ ആനയുടെയും പേരും വയസ്സും രേഖപ്പെടുത്തി വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന കൂടുകൾക്കുള്ളിൽ കുളിച്ചു കുറി വരച്ച ഗജവീരൻമാർ വൈകുന്നേരത്തെ ഭക്ഷണം അകത്താക്കുന്ന തിരക്കിലാണ്. അയ്യപ്പൻ (9 വയസ്സ്) എന്ന കുറുമ്പൻ ആനയുടെ ചുറ്റിലുമാണ് കുട്ടികൾ കൂടുതൽ സമയവും ചെലവഴിച്ചത്. കുട്ടവഞ്ചി യാത്രയും ആനക്കൂട്ടവും മഴയും കാണാൻ ഇനിയും വരണം ഈ വഴി...

English Summary: Adavi eco tourism,Konni,Pathanamthitta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com