ADVERTISEMENT

ഇല്ലിക്കൽ കല്ല്, പൊഴിയാറായൊരു മുത്തശ്ശിപ്പല്ലുപോലെ പശ്ചാത്തലത്തിലുണ്ട്. ഇയോബിന്റെ പുസ്തകത്തിൽ അലോഷി ഓടുന്ന പച്ചക്കുന്നുകൾ താഴെ. പുള്ളിക്കാനത്തേക്കുള്ള വഴിയിൽ യെസ്ഡി റോസ്ഡ്റ്റർ. ക്യാമറയ്ക്ക് ഇനിയെന്തു വേണം? ക്യാമറയുടെ വൈറ്റ് ബാലൻസിൽ ചെറിയൊരു മാറ്റം വരുത്തിയപ്പോൾ സായന്തനത്തിന്റെ മേമ്പൊടിയിൽ ഛായാചിത്രം പോലൊരു പടം. ക്യാമറയുടെ യെസ്ഡി യാത്രയാണിത്. ഇയെസ്ഡിയുടെ താരത്തോടൊപ്പം ഏകദിനയാത്രയ്ക്കൊരുങ്ങിയപ്പോൾ ഫൊട്ടോഗ്രഫർക്ക് ഒരേയൊരു ഡിമാൻഡ് ആണുണ്ടായിരുന്നത്. വെള്ളച്ചാട്ടവും ഹിൽസ്റ്റേഷനും ഉണ്ടെങ്കിൽ രസകരമായി. വ്യത്യസ്തമായ ഫ്രെയിമുകൾ വേണം.  

ഒറ്റയ്ക്കൊരു കാട് 

ക്യാമറയിൽ ഐഎസ്ഒ എത്ര കൂട്ടിയാലും തെളിച്ചം വരാത്ത സമയത്ത് കൊച്ചിയിൽനിന്നു പുറപ്പെട്ടു. ആദ്യം തൊമ്മൻകുത്ത് വെള്ളച്ചാട്ടം. റോഡ്സ്റ്ററിന്റെ വിശാലമായ സീറ്റിലിരുന്നുള്ള യാത്ര കൊള്ളാം. തോളിൽ രണ്ടുപേരുടെയും ക്യാമറാ ബാഗുകളുണ്ട്. എന്നിട്ടും തിങ്ങിഞെരുങ്ങാതെയായിരുന്നു ഇരിപ്പ്. ബാക്ക് സപ്പോർട്ട് കൂടിയാകുമ്പോൾ ലോങ് ട്രിപ്പുകൾ കലക്കും. 

bike-trip11

മൂവാറ്റുപുഴയിൽനിന്നു വണ്ണപ്പുറം വഴിയിൽ ഒടിയപ്പാറയിലാണ് ആദ്യ ഫ്രെയിം സെറ്റ് ചെയ്തത്. ഒറ്റയ്ക്കൊരു കാടുണ്ടവിടെ. അപ്പൂപ്പൻതാടികൾ പാറിനടക്കുന്ന ഒടിയപ്പാറ കാട്. വന്യമൃഗങ്ങളില്ലാത്ത കാട്ടിലൂടെ ചെറിയൊരു ചെമ്മൺവഴിയുണ്ട്. റോഡ്സ്റ്റർ എവിടെ നിർത്തിയാലും ലൈറ്റും ഇരുട്ടും തമ്മിലുള്ള കയ്യാങ്കളിയിൽ ഫ്രെയിം സെറ്റ് ആകുന്നില്ല. 

bike-trip88

ഏതോ ഒരു സമയത്ത് മേഘം മറഞ്ഞ മാനത്തിന്റെ ബലത്തിൽ ചിത്രം പകർത്തി. തിരികെയിറങ്ങുമ്പോൾ പൊലീസ് പരിശോധന. മുതിർന്ന ഉദ്യോഗസ്ഥനു തന്റെ പഴയ യെസ്ഡിയുടെ ഓർമ വന്നതിനാലാണോ ആവോ, ചുറ്റും നടന്നു റോഡ്സ്റ്ററിന്റെ ഭംഗി ആസ്വദിക്കുന്നുണ്ടായിരുന്നു. 

ഏഴുനിലക്കുത്ത്

വെയിൽ മൂത്ത നേരത്താണ് തൊമ്മൻകുത്ത് വിനോദസഞ്ചാരകേന്ദ്രത്തിന്റെ കവാടത്തിലേക്ക് റോഡ്സ്റ്റർ എത്തുന്നത്. എൻജിൻപോലും കറുപ്പഴകിൽ ആയതുകൊണ്ട് പെട്ടെന്നു ചൂടാകും റോഡ്സ്റ്റർ. അടുത്തൊരു കടയുടെ തണലിലേക്ക് റോഡ്സ്റ്ററിനെ എത്തിച്ചു. 

bike-trip4

ഇനി 800 മീറ്റർ ഉള്ളിലേക്കു നടക്കണം. വേണോ? ടിക്കറ്റ് കൗണ്ടറിൽനിന്നു നോക്കിയപ്പോൾ കണ്ട വഴിയിലെ കാഴ്ച ക്യാമറകളെ മാടിവിളിച്ചു. 

തേക്കും മറ്റുമരങ്ങളും തണൽവിരിച്ചുനിൽക്കുന്ന വഴിയിൽ പൂക്കളില്ലാ വസന്തം തീർക്കുകയാണ് മരങ്ങൾ. പിങ്കും ചുവപ്പും തളിരുകൾക്കൊപ്പം പൂമഴ പോലെ പൊഴിഞ്ഞുവീഴുന്നുണ്ട് മഞ്ഞ ഇലകൾ. കാറ്റ് ഇലകളെയെല്ലാം പെറുക്കിയെടുത്തു കണ്ണാടിപ്പുഴയുടെ കയത്തിലേക്കിടുന്നുണ്ട്. അപ്പുറം വൻപാറകളുടെ ഓരം ചേർന്നൊഴുകുന്ന കണ്ണാടിപ്പുഴയിലാണു തൊമ്മൻകുത്ത്. നടത്തത്തിനിടയിൽ ഇക്കോ ഡവലപ്മെന്റ് കമ്മിറ്റിയുടെ ചേച്ചിമാർ തൊമ്മൻകുത്തിന്റെ  കഥ പറഞ്ഞു തന്നു.

bike-trip

നിങ്ങളീ കാണുന്നതല്ല തൊമ്മൻകുത്ത്. ഇത് ഏഴുനിലക്കുത്ത്. ഏഴുനിലകളിലായി (വല്യ നിലകളൊന്നുമല്ല) ഈ വെള്ളച്ചാട്ടം പതിക്കുന്നു. തൊമ്മൻകുത്ത് എന്നു ഗൂഗിളിൽ സേർച്ച് ചെയ്താൽ എഴുനിലക്കുത്തിന്റെ ചിത്രമാണു ലഭിക്കുക. വെള്ളച്ചാട്ടത്തിനടുത്തേക്കു പോകാനൊക്കില്ല. കണ്ണാടിപ്പുഴ കയങ്ങളൊരുക്കിയിട്ടുണ്ട് ആ തെളിനീരിനടിയിൽ. എന്നാൽ പാറക്കൂട്ടങ്ങൾക്കിടിയിലൂടെ സഞ്ചാരികൾ സകുടുംബം കുളിക്കുന്നുണ്ട്. 

bike-trip5

പിന്നെയും മുന്നോട്ടുനടന്നു കയറിയാൽ തേൻകുഴി കുത്തിൽ എത്താം. തേനൊഴുകുംപോലെ ചെറിയൊരു നീരൊഴുക്കാണിവിടെ. ഇവിടെയും കുട്ടികൾക്കടക്കം കുളിക്കാം. പാറയിലെ വഴുക്കൽ മാത്രം നോക്കിയാൽ മതി. കുളിക്കാം. കളിക്കാം. തണലേറ്റു വിശ്രമിക്കാം. തുമ്പികളെ ഫ്രെയിമിൽ പകർത്താം. തൊമ്മൻകുത്ത് ഒരു സമ്പൂർണ കുടുംബ സഞ്ചാരകേന്ദ്രമാണ്. 

ശരിയായ തൊമ്മൻകുത്ത് ഏതാണ്? 

ടിക്കറ്റ് കൗണ്ടറിലേക്കെത്തുംമുൻപ് റോഡ്സ്റ്ററിനെ പാർക്ക് ചെയ്ത സ്ഥലത്തിനു പിന്നിലാണ് യഥാർഥ തൊമ്മൻകുത്ത് വെള്ളച്ചാട്ടം. അതു കാണാൻ അത്ര ഭംഗിയൊന്നുമില്ല. നാട്ടുംപുറത്തു കാണുന്ന തരത്തിൽ ഒരു പാറപ്പുറത്തുനിന്നൊരു ചെറുനീരൊഴുക്ക്. പിന്നെ പന്തുകഴിക്കാനായി കണ്ണാടിപ്പുഴയൊരുക്കുന്ന മൈതാനം. ഇതാണു യഥാർഥ തൊമ്മൻകുത്ത്. ഒരു നിരീക്ഷണാലയമുണ്ട് തൊമ്മൻകുത്തിൽ. അവിടെ കുറച്ചുനേരം വിശ്രമിക്കാം. കാളിയാർ റേഞ്ചിലാണ് ഈ ജലപാതം. കാലിമേയ്ക്കാനിറങ്ങിയ തൊമ്മൻ എന്നയാൾ ഈ വെള്ളച്ചാട്ടത്തിൽവീണു മരിച്ചതുകൊണ്ടാണ് പേരു വന്നത് എന്നൊരു കഥയുണ്ട്. 

bike-trip3

തൊമ്മൻകുത്തിലെ ചെറുട്രെക്കിങ്ങ് കഴിഞ്ഞു തിരികെ പോരുമ്പോൾ അകലെ വെയിൽ നഗ്നമാക്കിയ മലകൾ കാണാം. പാലക്കാട് മലമ്പുഴയിൽ പാറപ്പുറത്തു കയറിക്കുടുങ്ങിയ ബാബുവിനെ ഓർമ വന്നു. ചൂടിന്റെ പരകോടിയാണു പാറകൾ. അതുകൊണ്ട് മീനൊളിയൻപാറ എന്ന പാറമുകളിലേക്കുള്ള നടത്തം ഞങ്ങൾ ഉപേക്ഷിക്കേണ്ടിവന്നു. പാറമുകളിലെ ചെറുകാടും അതിസുന്ദമായ സായാഹ്നവുമാണ് മീനൊളിയമ്പാറയുടെ ആകർഷണം. വെയിൽകൊണ്ടു തളരുന്നതിനു മുൻപേ വണ്ണപ്പുറത്തെ ഹോട്ടലിലൊന്നിൽ അഭയം തേടേണ്ടി വന്നു. 

ചൂടുതളർത്തിയപ്പോഴാണ് ഇനി യാത്ര ഒരു ഹിൽസ്റ്റേഷനിലേക്കു മതി എന്നു തീരുമാനിച്ചത്. തൊടുപുഴയിൽനിന്നു മുട്ടത്തേക്കുള്ള അതിസുന്ദരമായ വഴിയിലൂടെ യാത്ര. റബറുകളുടെ സ്ഥാനം പൈനാപ്പിളുകൾ കീഴടക്കിയിട്ടുണ്ട്. 

മലങ്കര ഡാം

തൊടുപുഴയിൽനിന്നു വാഗമണ്ണിലേക്കുള്ള സൂപ്പർ വഴി തേടി പായുമ്പോൾ റോഡ്സ്റ്ററിന്റെ കണ്ണിൽ പെട്ടതാണ് മലങ്കര ഡാം എന്നെഴുതിയ കവാടം ഉള്ളിലേക്ക് കുറച്ചുദൂരം പോയാൽ ഡാമിലേക്കെത്താം. തൊടുപുഴയാറിനു കുറുകെയാണ് ഡാം. മൂലമറ്റം പവർഹൗസിൽനിന്നു ‘ഗുണമെല്ലാം’ ഊറ്റിയെടുത്ത വെള്ളമാണ് മലങ്കര ഡാം തടഞ്ഞുനിർത്തുന്നത്. ഡാമിന്റെ കാഴ്ച ശരിക്കും ആസ്വദിക്കാൻ ടിക്കറ്റെടുത്ത് കയറണം. ജലാശയത്തിലേക്കു തള്ളിനിൽക്കുന്ന ചെറിയ ഉയർന്ന പ്രദേശത്ത് ഇരിപ്പിടങ്ങളും ചിൽഡ്രൻസ് പാർക്കുമുണ്ട്. അകലെ വാഗമൺ കുന്നുകളുടെ ഭാഗങ്ങൾ കാണാം. ഇവിടെ വെള്ളത്തിൽ ഇറങ്ങരുത്.ഒരു സിനിമാനടന്റെ മുങ്ങിമരണം നാമെല്ലാം ഓർത്തിരിക്കുന്നുണ്ടല്ലോ. അത് മലങ്കരയിൽവച്ചായിരുന്നു. 

bike-trip9

ഇല്ലിക്കൽ കല്ലകലെ

മലങ്കരയിൽനിന്നു കൊടിയത്തൂർ. പോകുന്നിടത്തെല്ലാം ഡാമിന്റെ  കാഴ്ചകൾ പിന്തുടരുന്നു. കൊടിയത്തൂർ കഴിഞ്ഞു വലത്തോട്ടു കയറാം. ഇലവീഴാപൂഞ്ചിറ എന്ന ട്രെക്കിങ് സ്വർഗത്തിലേക്കും വാഗമണ്ണിലേക്കുമുള്ള ചെറിയ വഴിയാണിത്. ചിലയിടത്തു നല്ല കയറ്റങ്ങളുണ്ട്. മുന്നറിയിപ്പു ബോർഡുകളോ സംരക്ഷണ ഭിത്തികളോ ഇല്ല. വളവുകളിൽ ഹോൺ മുഴക്കി, മിതവേഗത്തിൽ വേണം പോകാൻ. റൈഡേഴ്സിന് സ്വർഗമാണ് ഈ വിജനപാത. കുറേദൂരം ചെല്ലുമ്പോൾ നമ്മൾ പുൽമേടുകൾക്കു മുകളിലെത്തും. പിന്നെ വിശാലമായ വഴിയാണ്. വണ്ടിനിർത്താം. ഇടയ്ക്കു വരുന്ന മൂടൽമഞ്ഞാസ്വദിക്കാം. അതാണ് ഇല്ലിക്കൽ കല്ല്. ആ പുൽമേട്ടിലൂടെയാണ് ‘ഫഹദ് ഫാസിൽ’ പാഞ്ഞിരുന്നത്.  കൂടെയുണ്ടായിരുന്ന ചങ്ങാതി ഫൊട്ടോഗ്രഫറോടു പറഞ്ഞു. പിന്നെ ഫ്രെയിം വയ്ക്കുന്നതിന്റെ സങ്കടമാണു കേട്ടത്. ലോം ആംഗിൾ പിടിച്ചാൽ പുൽമേടു പോകും. ടോപ് ആംഗിൾ വച്ചാൽ റോഡ്സ്റ്ററിന്റെ രൂപം കിട്ടുകയില്ല.

bike-trip6

ഇല്ലിക്കൽ കല്ലുൾപ്പെടുന്ന മലനിരകൾ നീലയാകാൻ തുടങ്ങി. റോഡ്സ്റ്ററും ഇല്ലിക്കൽ കല്ലും സായാഹ്നശോഭയിൽ ഫ്രെയിമിൽ പതിഞ്ഞപ്പോൾ വീണ്ടും കുന്നു കയറാൻ തുടങ്ങിഓർഡിനറി അല്ലാത്ത വഴി ഓർഡിനറി സിനിമയിൽ ബസ് വളഞ്ഞുതിരിഞ്ഞുപോകുന്നതും മറ്റും ഷൂട്ട് ചെയ്തത് ഇവിടെയാണ്. പുള്ളിക്കാനം എസ്റ്റേറ്റും ഗ്രാമവും എത്തുന്നതിനുമുൻപുള്ള ഉയരമുള്ള റോഡ്. ആകാശത്തേക്കാണു നമ്മൾ പോകുന്നതെന്നു തോന്നും. കാലാവസ്ഥ പെട്ടെന്നു മാറും. പുള്ളിക്കാനം വാഗമണ്ണിനെക്കാൾ ശാന്തമാണ്. തേയിലത്തോട്ടങ്ങൾക്കിടയിലുടെ ഒന്നു നടന്നാൽ തന്നെ താഴ്‌വാരക്കാഴ്ച കിട്ടുന്ന കുന്നുകളിലേക്കെത്താം. ഒട്ടും ആസുത്രിതമല്ല ഇവിടെ വിനോദസഞ്ചാരം. അതുകൊണ്ടുതന്നെ പരിചയില്ലാത്തിടത്തു കയറാതിരിക്കുകയാണുചിതം. 

പുള്ളിക്കാനത്തെ മ‍ഞ്ഞുകൊണ്ട് തിരികെ വരുമ്പോൾ ഓർഡിനറി വളവും കഴിഞ്ഞുള്ള പുൽമേട്ടിനടുത്തൊരു തട്ടുകട. ചൂടു കാപ്പിയും ഓംലെറ്റും കഴിച്ചു തിരിഞ്ഞുനോക്കുമ്പോൾ റോഡ്സ്റ്ററിനെ കാണുന്നില്ല. പകരം ഒരാൾക്കൂട്ടം! എല്ലാർക്കുമറിയേണ്ടത് യെസ്ഡി എന്ന ഐക്കൺ എങ്ങനെയുണ്ട് എന്നതായിരുന്നു. പലരുടെയും ഓർമകളിലെ ബൈക്കാണ് യെസ്ഡി. തങ്ങളുടെ മുൻതലമുറക്കാരുടെ ഈ ബൈക്ക് പുതുജന്മമെടുക്കുമ്പോൾ എങ്ങനെയുണ്ടാകും എന്നാണു സംശയം. ഇരിപ്പ് എങ്ങനെയുണ്ട്? 

bike-trip2

ഒറ്റ സീറ്റെന്നു തോന്നിപ്പിക്കുന്ന, എന്നാൽ വേറിട്ടു നിൽക്കുന്ന വിശാലമായ മുൻസീറ്റിലെ ഇരിപ്പ് സുഖകരമാണ്. പിൻസീറ്റിൽ ബാക്ക് റെസ്റ്റുണ്ട്. സീറ്റുകൾക്കു നല്ല വീതിയുമുണ്ട്. എന്നാൽ സസ്പെൻഷന്റെ ഇടിപ്പ് അറിയുന്നുണ്ട്. താരതമ്യേന എതിരാളികളുടെ സീറ്റിനെക്കാൾ സുഖകരമാണ്. രണ്ടുപേർക്കു തിങ്ങിയിരിക്കേണ്ട എന്നൊരു ഗുണം കൂടിയുണ്ട്. 

ഹാൻഡ്‌ലിങ് ഹാൻഡിൽ ബാർ പൊസിഷൻ കിടു. വളവുകളിൽ നല്ല നിയന്ത്രണം ലഭിക്കുന്നുണ്ട്. സ്വൽപം തലക്കനമുണ്ടെന്ന് ആദ്യം തോന്നിപ്പിക്കു മെങ്കിലും ദീർഘയാത്രയിൽ മെരുങ്ങുന്ന മോഡലാണ് റോഡ്സ്റ്റർ. രൂപകൽപന കാൽമുട്ട് ടാങ്കിനോടു ചേരുന്ന ഭാഗത്തെ റബർ പാർട് പോലുള്ളവ പഴയ യെസ്ഡിയുടേതു പോലെതന്നെയാണു ഡിസൈൻ ചെയ്തിരിക്കുന്നത്. 

മൊത്തത്തിൽ പ്രീമിയം ലൂക്കുണ്ട്. ഹാർലിയുടെ മുൻമോഡലുകളുമായി വിദൂരസാമ്യം തോന്നിയേക്കാം. മൊത്തത്തിൽ ക്ലാസിക് രൂപകൽപനയാണ്. രസികൻ അലോയ് വീലുകൾ.ലളിതമായ ഹെഡ്‌ലാംപ്, സിംഗിൾ മീറ്റർ കൺസോൾ, മൊത്തത്തിൽ കറുപ്പഴകിൽ ദേഹം എന്നിങ്ങനെ പ്രത്യേകതകൾ ഏറെ. എൻജിൻ, റൈഡ്ശബ്ദം എങ്ങനെയാണ് എന്നതു കൗതുകത്തോടെയാണ് ശ്രദ്ധിച്ചത്. അതിനു ക്ലാസിക് ടച്ച് ഇല്ല. പക്ഷേ, ഗാംഭീര്യമുണ്ടെന്നതിനു തെളിവ് റോഡിലെ മറ്റു റൈഡേഴ്സിന്റെ നോട്ടത്തിൽ നിന്നറിയാൻ കഴിഞ്ഞു. 

334 സിസി സിംഗിൾ സിലിണ്ടർ എൻജിനാണ്. ഇരട്ട എക്സോസ്റ്റ് പൈപ്പുണ്ട്. റോഡ്സ്റ്റർ എന്ന പേരിനോടു നീതി പുല‍ർത്തുന്ന മട്ടിൽ എല്ലാ റേഞ്ചിലും മികവു കാട്ടുന്നു എൻജിൻ. പെട്ടെന്നു കുതിക്കാനുള്ളതല്ല റോഡ്സ്റ്റർ, മറിച്ച് നീണ്ടയാത്രകളാസ്വദിക്കാനുള്ളതാണ്.. 

റേഡിയേറ്ററിന്റെ മൂളൽ ശബ്ദം പലപ്പോഴും അലോസരമുണ്ടാക്കി. എങ്കിലും കാൽനീട്ടിയിരുന്നു ലോങ് ട്രിപ്പ് അടിക്കുമ്പോൾ റോഡ് സ്റ്ററുമായി നമ്മൾ ചങ്ങാത്തത്തിലാകും.

English Summary: Road Trip Routes in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com