ADVERTISEMENT

കോടമഞ്ഞിറങ്ങുമ്പോൾ പാലുകാച്ചിപ്പാറയ്ക്കു സൗന്ദര്യമേറെയാണ്. മലയും പ്രകൃതിയും മഞ്ഞിന്റെ മൂടുപടത്തിനുള്ളിൽ നിന്നു സഞ്ചാരികളെ മാടിവിളിക്കും. പാലുകാച്ചിമലയിലേക്ക് സഞ്ചാരികൾ എത്തിതുടങ്ങി. ട്രെക്കിങ് തുടങ്ങിയ ആദ്യ ദിനം 140 പേർ മലകയറി. ഡി.എഫ്.ഒ. പി. കാർത്തിക് ഫ്ലാഗ് ഓഫ് ചെയ്തു. കേളകം, കൊട്ടിയൂർ ഗ്രാമപ്പഞ്ചായത്തുകൾ സംയുക്തമായി നടത്തിയ പ്രവർത്തനത്തിന്റെ ഫലമായാണ്‌ ഇൗ പദ്ധതി യാഥാർഥ്യമായത്‌.  പൈതൽമല ടൂറിസം പദ്ധതിയുമായി ചേർത്താണ് പാലുകാച്ചി ടൂറിസം പദ്ധതിയും ഒരുക്കിയിട്ടുള്ളത്.

കാഴ്ച കണ്ട് മലകയറാനുള്ള സന്തോഷത്തിലാണ് സഞ്ചാരികൾ. പാലുകാച്ചി വനസംരക്ഷണ സമിതിക്കാണ്‌ പ്രവർത്തനങ്ങളുടെ നടത്തിപ്പ്‌ ചുമതല. വനസംരക്ഷണസമിതി നിയമിച്ച ആറ്‌ താത്‌കാലിക ജീവനക്കാരാണ്‌ വിനോദസഞ്ചാരികളെ സഹായിക്കുക. കേരളത്തിൽ അതിശക്തമായ മഴ പെയ്യുന്നതിനാൽ ഹിൽസ്റ്റേഷനുകളിലേക്കുള്ള യാത്രയും ട്രെക്കിങ്ങുമൊക്കെ ഇപ്പോൾ ഒഴിവാക്കുന്നതാണ് ഉചിതം.

കണ്ണൂർ ജില്ലയിലെ മട്ടന്നൂരിനടുത്തു ശിവപുരം മാലൂരാണ് പാലുകാച്ചിപ്പാറ. ട്രെക്കിങ് സൗകര്യം ഒരുക്കിയതോടെ പ്രകൃതി ഭംഗി ആസ്വദിച്ച് ഇനി ആർക്കും മലമുകളിലേക്ക് നടന്നു കയറാം, പാറപ്പുറത്ത് കാറ്റു കൊണ്ട് ഇരിക്കാം, പുൽമേടുകളും വിശാലമായ ദൂരത്തോളം നാട്ടിൻപുറങ്ങളും മല മുകളിൽ നിന്ന് കണ്ട് ആസ്വദിച്ച്, മനം കുളിർത്ത് തിരികെ മടങ്ങാം. കൊട്ടിയൂർ, കേളകം പഞ്ചായത്തുകളിലാണ് പ്രശസ്തമായ പാലുകാച്ചി മല സ്ഥിതി ചെയ്യുന്നത്. അകലെ നിന്ന് നോക്കിയാൽ അടുപ്പു കല്ല് കൂട്ടിയതു പോലെ പോലെ മൂന്ന് മലകൾ കാണാം എന്നതു കൊണ്ടാണ് ഇതിനെ പാലുകാച്ചി മല എന്ന് വിളിക്കുന്നത്.

നിയമങ്ങൾ പാലിച്ച് യാത്ര

∙സമുദ്ര നിരപ്പിൽ നിന്ന് 2347 അടി ഉയരത്തിൽ ഉള്ള പാലുകാച്ചി മല കൊട്ടിയൂർ, കേളകം പഞ്ചായത്തുകളിൽ ആണ് ഉള്ളത്. കൊട്ടിയൂർ ടൗൺ, ചുങ്കക്കുന്ന് എന്നിവിടങ്ങളിൽ നിന്ന് പാലുകാച്ചിയിലേക്ക് റോഡുകൾ ഉണ്ട്. കേളകം ടൗണിൽ നിന്ന് അടയ്ക്കാത്തോട് ശാന്തിഗിരി വഴിയും പൊയ്യമല ശാന്തിഗിരി വഴിയും പാലുകാച്ചിയിൽ എത്താം.

∙ എല്ലാ ദിവസവും രാവിലെ 8 മുതൽ വൈകിട്ട് 4.30 വരെയാണ് പ്രവേശനം. വൈകിട്ട് ആറ് മണിക്ക് മുൻപ് സഞ്ചാരികൾ വനത്തിന് പുറത്ത് കടക്കണം. ടിക്കറ്റ് നിരക്ക് മുതിർന്നവർക്ക് 50 രൂപ, കുട്ടികൾക്ക് 20 രൂപ, വിദേശികൾക്ക് 150 രൂപ, ക്യാമറ 100 രൂപ.

∙ 10 പേർ വീതമുള്ള സംഘമായി ആണ് സഞ്ചാരികളെ മലമുകളിലേക്ക് കടത്തി വിടുക. കാടിന് അകത്തേക്ക് അനുമതി കൂടാതെ പ്രവേശിക്കുന്നത് കുറ്റകരമാണ്. സംഘത്തിന് ഒപ്പം ഗൈഡും പ്രത്യേകം നിയമിച്ചിട്ടുളള ജീവനക്കാരും ഉണ്ടായിരിക്കും.

∙ഓരോ സംഘത്തിനും ഒരു മണിക്കൂർ മാത്രം മലമുകളിൽ ചെലവഴിക്കാം. പ്രത്യേകം നിയോഗിക്കപ്പെട്ട താൽക്കാലിക ജീവനക്കാർ സംഘത്തിന് ഒപ്പം ഉണ്ടായിരിക്കും.

∙വനത്തിന് അകത്തോ പരിസരത്തോ പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കരുത്. വെള്ളവും മറ്റും പ്ലാസ്റ്റിക് കുപ്പികളിൽ കൊണ്ടുവന്നാൽ നിശ്ചിത തുക കൗണ്ടറിൽ ഡിപ്പോസിറ്റ് ചെയ്യണം. തിരികെ വരുമ്പോൾ കൊണ്ടുപോയ കുപ്പി കൗണ്ടറിൽ കാണിച്ച് ബോധ്യപ്പെടുത്തിയാൽ ഡിപ്പോസിറ്റ് തുക തിരികെ നൽകും.

∙ലഹരി വസ്തുക്കൾ കൈവശം വയ്ക്കാനോ ഉപയോഗിക്കാനോ പാടില്ല.

∙ വനത്തിനും വന്യ ജീവികൾക്കും ഹാനികരമായ പ്രവർത്തനങ്ങൾ പാടില്ല. വനത്തിന് ഉള്ളിൽ നിന്ന് യാതൊന്നും ശേഖരിക്കാൻ പാടില്ല.

∙ നിശ്ചയിച്ചിട്ടുള്ള വഴികളിലൂടെ അല്ലാതെ പാലുകാച്ചി മലയിലേക്ക് പ്രവേശിക്കാൻ പാടില്ല.

∙ പാലുകാച്ചി വനം സംരക്ഷണ സമിതിക്കാണ് നടത്തിപ്പു ചുമതല. എന്നാൽ വനം വകുപ്പിന്റെ നിയന്ത്രണത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

English Summary: Palukachimala Trekking kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com