ചൂടു പൊറോട്ടയും ബീഫും; കായൽ കാഴ്ച കണ്ട് രുചിനുകരാം: ഇത് രായിക്കയുടെ പീടിക
Mail This Article
യാത്രാപ്രേമികൾ ഭൂമിയിലെ കാഴ്ചകൾ ആസ്വദിക്കാൻ മാത്രമല്ല ഇറങ്ങി തിരിക്കുന്നത്. ആ നാടിന്റെ തനത് രുചിയറിയാൻ കൂടിയാണ്. നാവിലെ ത്രസിപ്പിക്കുന്ന രുചിക്കൂട്ടുകളുമായി നാടൻ തട്ടുകട തുടങ്ങി പഞ്ചനക്ഷത്ര ഹോട്ടലുകളുമുണ്ട്. ഒാരോ നാടിനും രുചിവൈവിധ്യമുണ്ട്. യാത്രയിലൂടെ നാടിന്റെ കാഴ്ചകൾക്കൊപ്പം രുചിവിഭവങ്ങളും ട്രൈ ചെയ്യാം.
ഒറ്റ യാത്രയിൽ ലക്ഷ്യം രണ്ടാണ് സഞ്ചാരപ്രിയനായ ബൽറാമിന്. ഇന്ത്യയിലും കേരളത്തിലും വിദേശത്തുമടക്കം കാണാത്ത നാടുകൾ കുറവാണ് ബൽറാമിന്റെ ലിസ്റ്റിൽ. കേരളത്തിൽ കുറഞ്ഞ ചെലവിൽ നല്ല അടിപൊളി ഭക്ഷണം കഴിക്കാവുന്ന ഇടങ്ങളുണ്ടെന്ന് ബൽറാം പറയുന്നു. അങ്ങനെയൊരിടമാണ് ആലപ്പുഴയിലെ രാജാസ് പീടിക.
ആലപ്പുഴയിലെ ബീഫും പൊറോട്ടയും
കായൽ സൗന്ദര്യവും കടൽത്തീരവും ബോട്ട് യാത്രയും പിന്നെ രുചിയൂറും വിഭവങ്ങളുമാണ് ആലപ്പുഴ എന്നു കേൾക്കുമ്പോൾ മനസ്സിലേക്ക് കടന്നുവരുന്നത്. സംഗതി ജോറാണ്. കായൽക്കാറ്റേറ്റ് പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ച് പുട്ടടിക്കണോ? നേരെ രായിക്കയുടെ പീടികയിലേക്ക് പോകാം. കുരുമുളകിലും മസാലകൂട്ടുകളിലും വെന്തുരുകി വിറകടുപ്പിൽ പാകം ചെയ്യുന്ന ബീഫ്. കൂട്ടിനായി പഞ്ഞിപോലെ മൃദുവായ പൊറോട്ടയും. ആഹാ വായിൽ കപ്പലോടും. രുചിയറിഞ്ഞവർ വീണ്ടും രായിക്കയുടെ കടയിൽ സ്ഥാനം പിടിക്കും.
ആലപ്പുഴയിൽ കായലിന് അഭിമുഖമായ ഇൗ ഹോട്ടലിനു 50 വർഷത്തിലേറെ പഴക്കമുണ്ട്. വർഷം കൂടുന്തോറും രുചിയിടം അറിഞ്ഞെത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. അതിരാവിലെ മൂന്നുമണിക്ക് രുചിവിഭവങ്ങൾ തയാറാക്കാൻ തുടങ്ങും. വിഭവങ്ങൾ തീരുന്നിടം വരെ ഹോട്ടൽ തുറന്നിരിക്കും. കായലിലൂടെ സവാരി നടത്തുന്ന ഹൗസ്ബോട്ട് യാത്രക്കാരെ തേടിയാണ് ഇൗ ഹോട്ടൽ പ്രവർത്തിക്കുന്നത്.
എന്നാൽ രുചിയറിഞ്ഞവർ നാനാഭാഗത്തു നിന്ന് ഇൗ രുചിശാലയിലേക്ക് എത്തിച്ചേരാറുമുണ്ട്. അപ്പവും ഇടിയപ്പവും എല്ലാമുണ്ടെങ്കിലും പൊറോട്ടയും ബീഫുമാണ് പ്രധാന താരങ്ങൾ. കുറഞ്ഞ ചെലവിൽ രുചിയൂറും ഭക്ഷണം അതാണ് ഇൗ പീടികയുടെ ഹൈലൈറ്റ്. രാവിലെ ആറുമണിമുതൽ രായിക്കായുടെ കടയിൽ തിരക്കാണ്.
കായലിന്റെ പുലർക്കാല ഭംഗി നുകർന്ന് രുചിയൂറും വിഭവങ്ങൾ കഴിക്കാൻ പൊളിയാണിവിടം. പാചകപ്പുരയിൽ ചുക്കാൻ പിടിക്കുന്നത് രായിക്കയാണ്. ഒപ്പം സഹായികളുമുണ്ട്. ആലപ്പുഴയിൽ കൈനാട്ട് ജെട്ടിയിൽ നിന്ന് മുന്നോട്ട് നടന്നാൽ ഹോട്ടലായി. എത്ര തിരക്കാണെങ്കിലും പൊറോട്ടയും ബീഫും കഴിക്കാൻ ക്ഷമയോടെ കാത്തിരിക്കുന്ന ഭക്ഷണപ്രേമികളെയും കാണാം.
English Summary: Eatouts, Rajas Peedika Alappuzha