ADVERTISEMENT

ആകാശത്ത് നിന്ന് തൂങ്ങിക്കിടക്കുന്നതാണോ എന്നു തോന്നിക്കുന്ന വിധമുള്ള പാറകള്‍... അവയ്ക്കിടയിലൂടെ തത്തിക്കളിക്കുന്ന കോടമഞ്ഞ്. ചുറ്റും പച്ചപ്പു നിറഞ്ഞ താഴ്‍‍വരകളും കുന്നുകളും ഗുഹകളും. ഇടുക്കി ജില്ലയിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായ രാമക്കൽമേടിനടുത്തുള്ള ആമപ്പാറ, ത്രില്ലിങ് യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറ്റവും മികച്ച ലൊക്കേഷനാണ്. പുറന്തോടിനുള്ളില്‍ നിന്നും പതിയെ പുറത്തേക്ക് തലനീട്ടുന്ന ആമയെപ്പോലെ, കേരളത്തിന്‍റെ ടൂറിസം ഭൂപടത്തിലേക്ക് സാവധാനം കടന്നുവരുന്ന ഒരു പുതിയ ടൂറിസ്റ്റ് കേന്ദ്രമാണിത്.

സാഹസിക സഞ്ചാരികള്‍ക്കുള്ള മികച്ച ഓഫ്‌ബീറ്റ് ഗെറ്റ് എവേകളില്‍ ഒന്നാണ് ആമപ്പാറ. നെടുങ്കണ്ടം – രാമക്കൽമേട് റോഡിൽ തൂക്കുപാലത്തുനിന്ന് 4 കിലോമീറ്റർ സഞ്ചരിച്ചാൽ തോവാളപ്പടി ജംഗ്ഷനാണ്, അവിടെ നിന്നും ജീപ്പിൽ ആമപ്പാറയിലെത്താം. ഓഫ്റോഡ്‌ യാത്രകള്‍ ഇഷ്ടമുള്ളവര്‍ക്ക് ഈ യാത്ര ഹരംപകരുന്ന അനുഭവമായിരിക്കും. 

ദൂരെ നിന്ന് നോക്കുമ്പോള്‍ ഒരു ആമയെപ്പോലെയാണ് ഈ പാറ കണ്ടാല്‍ തോന്നുക. ഒരാൾക്കു മാത്രം കഷ്ടിച്ചു പോകാൻ കഴിയുന്ന നടപ്പാതയാണ് ആമപ്പാറയുടെ പ്രത്യേകത. ഒരു വലിയ പാറയ്ക്കു ചുവട്ടിലായി രണ്ട് വലിയ പൊത്തുകൾ കാണാം. ഒന്നിലൂടെ കയറി മറ്റേ പൊത്തിലൂടെ പുറത്തിറങ്ങാം. പടുകൂറ്റൻ പാറക്കുള്ളിലൂടെ നിരങ്ങിയും ഇരുന്നും കിടന്നുമൊക്കെ നീങ്ങുന്നത് വകവയ്ക്കാതെ മറുവശത്തെത്തിയാല്‍, കഷ്ടപ്പെട്ടതൊന്നും വെറുതെയായില്ല എന്നു മനസ്സിലാകും. അത്രയ്ക്ക് മനോഹരമായ കാഴ്ചയാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.

amapara1
ആമപ്പാറ( ഫയൽ ചിത്രം)

മഞ്ഞുകാലമാകുമ്പോള്‍ ആമപ്പാറയ്ക്ക് ചുറ്റും കോടമഞ്ഞു നിറയും. ഈ സമയത്ത് ഇവിടേക്കുള്ള യാത്ര അല്‍പ്പം അപകടകരമാണ്. ഈയിടെയായി കൂടുതല്‍ വിനോദസഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നതിനായി അധികൃതര്‍ രണ്ടേകാൽ കോടി രൂപയുടെ ടൂറിസം പദ്ധതികള്‍ ഇവിടെ നടപ്പിലാക്കാന്‍ പദ്ധതിയുണ്ട്. ഈയിടെ ആമപ്പാറ മലനിരകൾക്കു ചുറ്റും സ്റ്റീൽ കൊണ്ടുള്ള വേലി നിര്‍മ്മിച്ചിരുന്നു. അതോടെ ഇവിടേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനവുണ്ടായി.

ആമപ്പാറയില്‍ എത്തുന്ന സന്ദര്‍ശകര്‍ക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും പ്രദേശം കൂടുതൽ മനോഹരമാക്കുന്നതിനും സുരക്ഷയ്ക്കുമുള്ള പദ്ധതികള്‍ പുരോഗതിയിലാണ്. ഇരിപ്പിടങ്ങൾ, ശുചിമുറി സമുച്ചയം, 20 മീറ്റർ ഉയരമുള്ള വാച്ച് ടവർ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി നിർമിക്കുന്നുണ്ട്. ലൈറ്റിങ് ക്രമീകരണവും തൂക്കുപാലവും ഒരുക്കുന്നുണ്ട്. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയാണ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്.

ആമപ്പാറയ്ക്ക് ചുറ്റുമായി വേറെയും നിരവധി വ്യൂ പോയിന്റുകള്‍ ഉണ്ട്. താഴ്‌വരയിലെ നിരവധി ഗ്രാമങ്ങളുടെ മനോഹരമായ കാഴ്ച നല്‍കുന്ന 'ഫ്ലൈറ്റ് വ്യൂ പോയിന്‍റ്' ആണ് ഇവയില്‍ ഏറ്റവും പ്രധാനം. 

English Summary: Visit Amappara Caves and Hills Idukki 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com