ദോഷം മാറ്റുന്ന നാഗങ്ങള്‍, കാവേരി ജലമെത്തുന്ന വിചിത്ര കുളം; പെരളശ്ശേരിയുടെ കഥ
Mail This Article
പ്രകൃതിഭംഗികൊണ്ടും അചാരാനുഷ്ഠാനങ്ങൾകൊണ്ടും രുചിയൂറും ഭക്ഷണംകൊണ്ടും ചരിത്രപരമായ നിർമിതികൾകൊണ്ടുമെല്ലാം ലോകത്തെ മറ്റേതു വിനോദസഞ്ചാര കേന്ദ്രങ്ങളോടും കിടപിടിക്കാവുന്ന ഇടമാണ് വടക്കേ മലബാർ. എങ്കിലും കേരളത്തിൽ എത്തുന്ന സഞ്ചാരികളിൽ ചെറിയൊരു പങ്ക് മാത്രമേ കണ്ണൂർ, കാസർകോട് ജില്ലകളിൽ എത്തുന്നുള്ളൂ. തെയ്യക്കാവുകൾ, തീരങ്ങൾ, മലയോരം, കണ്ണൂരിന്റെ ഭക്ഷണം, പുഴയാത്ര, വിവിധ ആചാര അനുഷ്ഠാനങ്ങൾ, ചരിത്ര സ്മാരകങ്ങൾ എന്നിവ കണ്ണൂരിന്റെ ആകർഷണങ്ങളാണ്. ഇത്തവണത്തെ യാത്ര ക്ഷേത്രത്തിലേക്കുള്ളതാണ്.
കണ്ണൂരിലെ അഞ്ചരക്കണ്ടിപ്പുഴയ്ക്കരികില്‍ സ്ഥിതിചെയ്യുന്ന മനോഹരമായ ക്ഷേത്രമാണ് പെരളശ്ശേരി സുബ്രഹ്മണ്യസ്വാമിക്ഷേത്രം. പഴനിയിലേതു പോലെ പടിഞ്ഞാറോട്ട് ദര്‍ശനമുള്ള ഈ ക്ഷേത്രം, നാഗാരാധനയ്ക്ക് പ്രസിദ്ധമാണ്. എല്ലാവര്‍ഷവും ധനുമാസത്തില്‍ നടക്കുന്ന ഏഴുദിവസത്തെ ഉത്സവത്തിന് ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തില്‍ എത്തുന്നത്. മാത്രമല്ല, മനോഹരമായ വാസ്തുവിദ്യയും, കൗതുകമുണര്‍ത്തുന്ന ഐതിഹ്യങ്ങളുമെല്ലാമുള്ള ക്ഷേത്രം കാണാനായി സഞ്ചാരികളും പതിവായി ഇവിടേക്ക് എത്താറുണ്ട്.
വിചിത്രമായ പടിക്കെട്ടുകളും തൂക്കുപാലവും
പെരളശ്ശേരി ക്ഷേത്രത്തില്‍ നിന്നും അല്‍പം കിഴക്കുമാറി, ശാന്തമായി ഒഴുകുന്ന അഞ്ചരക്കണ്ടിപ്പുഴ കാണാം. പുഴയ്ക്ക് കുരുകെയായി പണിത തൂക്കുപാലം ഇവിടുത്തെ വലിയൊരു ആകര്‍ഷണമാണ്.
ക്ഷേത്രത്തിന്‍റെ തെക്കുപടിഞ്ഞാറുഭാഗത്തായി, 75 സെന്റിൽ അസാധാരണമായ പടിക്കെട്ടുകളോട് കൂടിയ ഒരു കുളം കാണാം. തമിഴ്നാട്, കർണാടക, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലെല്ലാം ഉള്ളതുപോലെ, പടിക്കെട്ടുകളോടുകൂടിയ കിണറുകളുടെ രൂപത്തിലാണ് ഇവിടെ കുളം കുഴിച്ചിരിയ്ക്കുന്നത്. അയണിവയൽകുളം എന്നാണ് ഈ കുളം അറിയപ്പെടുന്നത്. 2001- ല്‍ നവീകരിച്ച കുളം, ഒട്ടനവധി ചലച്ചിത്രങ്ങള്‍ക്കും ആൽബങ്ങള്‍ക്കുമെല്ലാം വേദിയായിട്ടുണ്ട്.
കാവേരിയിലെ ജലം കുളത്തിലെത്തുന്ന ദിനം
ധനുമാസം അഞ്ചാം തീയതി മുതൽ പന്ത്രണ്ടാം തീയതി വരെയാണ് പെരളശ്ശേരി ക്ഷേത്രത്തിലെ പ്രധാന ഉത്സവം കൊണ്ടാടപ്പെടുന്നത്. പരമ്പരാഗത ക്ഷേത്ര കലാരൂപങ്ങളായ തായമ്പക, ഇരട്ടത്തായമ്പക, ചാക്യാർകൂത്ത്, പട്ടകം ഓട്ടൻ തുള്ളൽ, കഥകളി എന്നിവ ഉത്സവകാലങ്ങളിൽ ക്ഷേത്രത്തിൽ അവതരിപ്പിക്കാറുണ്ട്. കൂടാതെ, തുലാമാസത്തിൽ നടക്കുന്ന തുലാസംക്രമവും വിശേഷാവസരമാണ്. തുലാസംക്രമത്തിന് കാവേരി സംക്രമം എന്നും പേരുണ്ട്. ഈ ദിവസം, കാവേരി നദിയിലെ ജലം ഇവിടുത്തെ കുളത്തില്‍ എത്തിച്ചേരുമെന്നാണ് വിശ്വാസം.
രാമന്‍റെ പെരുവളയും നാഗമായി വന്ന സുബ്രഹ്മണ്യനും
ശ്രീരാമന്‍റെ വനവാസകാലത്തോളം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന് എന്ന് ഐതിഹ്യം പറയുന്നു. ശ്രീരാമനാണ് ഇവിടുത്തെ പ്രതിഷ്ഠ നടത്തിയതത്രേ. അന്ന് ഇവിടം ഒരു അയ്യപ്പക്ഷേത്രമായിരുന്നു എന്നും പറയപ്പെടുന്നു.
അക്കാലത്ത്, ബ്രഹ്മാവിനെ തടവിലാക്കിയതിന്‍റെ പ്രായശ്ചിത്തമായി പെരളശ്ശേരിയിലെ അയ്യപ്പൻകാവിലെ പൊട്ടക്കിണറ്റിൽ സർപ്പരൂപത്തിൽ ഏകാന്തവാസം നയിക്കുകയായിരുന്നു സുബ്രഹ്മണ്യന്‍. വെയിലും മഴയും കൊള്ളാതെ സർപ്പങ്ങൾ തന്നെ കിണറിനു മുകളിൽ ഫണം കുടയാക്കി പിടിച്ചു അദ്ദേഹത്തെ കാത്തുപോന്നു. ശ്രീരാമന്‍, ഹനുമാനോടും ലക്ഷ്മണനോടുമൊപ്പം ഇവിടെയെത്തിയപ്പോള്‍ തന്നെ സുബ്രഹ്മണ്യന്‍റെ സാന്നിധ്യം അറിഞ്ഞു. ഇവിടെ സുബ്രഹ്മണ്യനെ പ്രതിഷ്ടിക്കണം എന്നു തീരുമാനിച്ച രാമന്‍, അയ്യപ്പനോട് അനുവാദം ചോദിച്ചു.
താനിരിക്കുന്ന പ്രധാന ശ്രീകോവിൽ സുബ്രഹ്മണ്യപ്രതിഷ്ഠയ്‌ക്ക് തരാമെന്നും ആ ശ്രീകോവിലിന് തെക്കുഭാഗത്തായി തനിക്ക് സ്ഥാനം നല്കിയാൽ മതിയെന്നും അയ്യപ്പന്‍ ശ്രീരാമനോട് പറഞ്ഞു. തുടര്‍ന്ന് പ്രതിഷ്ഠ നടത്താനുള്ള ശില കൊണ്ടുവരാന്‍ രാമന്‍, ഹനുമാനെ പറഞ്ഞുവിട്ടു. മുഹൂർത്തമായിട്ടും ഹനുമാന്‍ തിരിച്ചെത്താതായപ്പോള്‍, ശ്രീരാമന്‍ തന്‍റെ കയ്യിലെ പെരുവള ഊരിയെടുത്ത് വിഗ്രഹമായി പ്രതിഷ്ടിച്ചു. അപ്പോഴേക്കും ശിലയുമായി ഹനുമാന്‍ എത്തിച്ചേര്‍ന്നു.
വള തിരിച്ചെടുത്ത് ശില പ്രതിഷ്ടിക്കാന്‍ ഹനുമാന്‍ ശ്രമിച്ചു. പക്ഷേ, ഹനുമാന് വരെ പൊക്കാനായവാത്ത വിധത്തില്‍ വളയുടെ ഭാരം വര്‍ദ്ധിച്ചു. മാത്രമല്ല, ഒരു സര്‍പ്പം എവിടെ നിന്നോ ഇഴഞ്ഞുവന്നു വളയ്ക്ക് മുകളില്‍ ഇരുന്ന് ഫണം വിടര്‍ത്തിയാടാന്‍ തുടങ്ങി. സുബ്രഹ്മണ്യസ്വാമിയാണ് സര്‍പ്പത്തിന്‍റെ രൂപത്തില്‍ വന്നതെന്ന് മനസ്സിലാക്കിയ രാമന്‍, പ്രതിഷ്ഠ കഴിഞ്ഞു എന്നു അറിയിച്ചു. അങ്ങനെ രാമന്‍റെ പെരുവള ഊരി പ്രതിഷ്ഠിച്ച സ്ഥലം, പെരുവളശ്ശേരി എന്നുറിയപ്പെടാന്‍ തുടങ്ങി. കാലക്രമേണ ഇവിടം പെരളശ്ശേരിയായി മാറി.
ഹനുമാനാകട്ടെ, താൻ കൊണ്ടുവന്ന ശില അടുത്തുതന്നെ മറ്റൊരു ക്ഷേത്രം പണിത് അവിടെ പ്രതിഷ്ഠിച്ചു. മർക്കടനായ ഹനുമാൻ പ്രതിഷ്ഠിച്ച സ്ഥലമായതിനാൽ മർക്കടശ്ശേരി എന്ന് അവിടം അറിയപ്പെട്ടു. കാലാന്തരത്തിൽ അത് ലോപിച്ച് മക്രേരി എന്ന് അറിയപ്പെട്ടു. ഇന്നും പെരളശ്ശേരി ദർശനം പൂർത്തിയാകണമെങ്കിൽ മക്രേരിയിലും കൂടി ദർശനം നടത്തണമെന്നാണ് പറയുക. രണ്ട് ക്ഷേത്രങ്ങളും ഒരുമിച്ച് ദർശിക്കുന്നത് രണ്ട് അമ്പലം ദർശനം എന്നാണ് അറിയപ്പെടുന്നത്.
ക്ഷേത്രത്തിലെ പ്രതിഷ്ഠകള്‍
ശ്രീകോവിലിലെ സുബ്രഹ്മണ്യ മൂർത്തിക്ക് ഏകദേശം 6 അടി ഉയരമുണ്ട്, കല്ലിൽ കൊത്തിയെടുത്തതാണ് ഇത്. ടിപ്പു സുൽത്താന്‍റെ പടയോട്ടക്കാലത്ത് ഈ ക്ഷേത്രവും നശിപ്പിച്ചിരുന്നു. ഇപ്പോള്‍ ഒരു വെള്ളിഗോളവുമായി ഘടിപ്പിച്ചാണ് വിഗ്രഹം ഉള്ളത്. തുല്യപ്രാധാന്യത്തോടെ നാഗപ്രതിഷ്ഠയും, ശാസ്താവ്, ഗണപതി, ഭദ്രകാളി എന്നീ പ്രതിഷ്ഠകളുമുണ്ട്.
കോഴിമുട്ടയും പാലും നേര്‍ച്ച
ക്ഷേത്രപരിസരത്ത് ഒരു അശോകവൃക്ഷമുണ്ട്. അതിനു താഴെയായി ഒരു സർപ്പക്കുഴിയുമുണ്ട്. ഇവിടെയത്തുന്ന ആളുകള്‍, വിവിധ രോഗങ്ങളിൽ നിന്ന് മുക്തി നേടുന്നതിനായി ഗുഹയിൽ വസിക്കുന്ന പാമ്പുകൾക്ക് കോഴിമുട്ടയും പാലും നൽകി ആരാധന നടത്തുന്നു. നാഗപ്രീതിയ്ക്കായി ഇവിടെ സർപ്പബലി, നൂറും പാലും തുടങ്ങിയ വഴിപാടുകളും നടത്താറുണ്ട്.
ഹിന്ദുക്കൾക്ക് മാത്രം പ്രവേശനം അനുവദിക്കുന്ന സംസ്ഥാനത്തെ പല പ്രമുഖ ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി എല്ലാ മതങ്ങളിൽ നിന്നുമുള്ള ആളുകൾക്ക് ക്ഷേത്രത്തില്‍ പ്രവേശനമുണ്ട്.
English Summary: Visit Peralassery Sri Subramanya Temple in Kannur