മൂന്നാറിലേക്കുള്ള മികച്ച റൂട്ടുകൾ; സൗന്ദര്യം അറിയണമെങ്കിൽ ഇൗ പാതയിലൂടെ യാത്ര ചെയ്യണം
Mail This Article
ത്രില്ലടിപ്പിക്കുന്ന തണുപ്പുകൊണ്ട് മൂന്നാർ സഞ്ചാരികളെ വിളിച്ചുകൊണ്ടേയിരിക്കുകയാണ്. മൂന്നാർ വെറും തേയിലത്തോട്ടങ്ങളുടെയും തണുപ്പിന്റെയും ഇടം മാത്രമാണോ? അല്ല. വേറിട്ട ഒട്ടേറെ കാഴ്ചകൾ മൂന്നാറിലുണ്ട്. അവ മിസ്സ് ചെയ്യാതിരിക്കാൻ മൂന്നാറിലെ റൂട്ടുകൾ പരിചയപ്പെടാം. പിന്നെ നിങ്ങൾക്കു തന്നെ മൂന്നാർ യാത്ര പ്ലാൻ ചെയ്യാം. പ്രധാനമായും നാലു റൂട്ടുകളുണ്ട് മൂന്നാറിൽ. അവയിലെ കാഴ്ചകളും അറിയാം.
1) എറണാകുളത്തുനിന്നു മൂന്നാറിലെത്തുന്ന വഴി- അതായത് നേര്യമംഗലം- മൂന്നാർ റൂട്ട്
2) മറയൂരിലേക്കുള്ള പാത
3) വട്ടവടയിലേക്കുള്ള റോഡ്
4) ബോഡിനായ്ക്കന്നൂരിലേക്കു പോകുന്ന മധുര ദേശീയപാത
റൂട്ട് 1 നേര്യമംഗലം- മൂന്നാർ (55 km)
ബസ്സിലാണു പോകുന്നതെങ്കിൽ വലതുവശത്ത് ഇരിക്കുക. മലനിരകളുടെയും താഴ് വരകളുടെയും കാഴ്ച വലതുവശത്താണ്. ചീയപ്പാറ വെള്ളച്ചാട്ടംമാത്രം ഇടതുവശത്ത്. A) മൂന്നാറിന്റെ കവാടമെന്നു വിളിക്കാവുന്ന നേര്യമംഗലം പാലം കടന്നാൽ കാഴ്ചകൾ തുടങ്ങുകയായി. നേര്യമംഗലം കാട് അനുഭവിക്കാം.
B) ചീയപ്പാറ വെള്ളച്ചാട്ടം- വാഹനം സുരക്ഷിതമായി പാർക്ക് ചെയ്തു വെള്ളച്ചാട്ടം കാണാനിറങ്ങാം.
C) വാളറ വെള്ളച്ചാട്ടം.
അതു വണ്ടിയിലിരുന്നു കണ്ടാൽ പോരാ. വാഹനം ഇടതുവശത്തു ചേർത്തുനിർത്തി വലതുവശത്തേക്കു നടന്നു വേണം ആ സുന്ദരമായ വെള്ളച്ചാട്ടം ആസ്വദിക്കാൻ.
അടിമാലി ടൗണിൽനിന്നു ഭക്ഷണം കഴിച്ച് വീണ്ടും മുന്നോട്ട്.
D) പള്ളിവാസൽ
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി പള്ളിവാസലിൽ ആണ്. ഇവിടെ പെൻസ്റ്റോക് പൈപ്പുകളൊക്കെ കാണാനാകും.
E) ആറ്റുകാട് വെള്ളച്ചാട്ടം
പള്ളിവാസലിൽനിന്നു വലത്തോട്ടു പോയാൽ ആറ്റുകാട് വെള്ളച്ചാട്ടത്തിലേക്കെത്താം. തേയിലത്തോട്ടത്തിലൂടെയുള്ള ചെറിയ വഴിയാണ്. ചെറിയൊരു ചായക്കടയും വീടും അവിടെയുണ്ട്. നടക്കാൻ ഇഷ്ടപ്പെടുന്നവർക്ക്ദേശീയപാതയിൽ വണ്ടിനിർത്തി വെള്ളച്ചാട്ടത്തിലേക്കു നടന്നുവരാം. വെള്ളച്ചാട്ടം അകലെനിന്നു കാണാനാണു രസം.
ഹെഡ് വർക്സ് ഡാമും ഒന്നിറങ്ങി കാണാവുന്നതാണ്. പള്ളിവാസൽ ജലവൈദ്യുത പദ്ധതിയിലേക്കുള്ള വെള്ളമാണ് ഇവിടെ തടഞ്ഞുനിർത്തിയിട്ടുള്ളത്.
മൂന്നാർ ടൗൺ
മൂന്നാറിന്റെ പേരു സൂചിപ്പിക്കുന്നതുപോലെ മൂന്നു പുഴകൾ ചേരുന്നുണ്ട് ഇവിടെ. മാട്ടുപ്പെട്ടി ഭാഗത്തുനിന്നു വരുന്ന കുട്ടിയാർ. പിന്നെ മറയൂർ റോഡിൽനിന്നുള്ള കന്നിയാർ. കന്നിയാറിലേക്കു ചേരുന്നനല്ലതണ്ണിയാർ. ഇതെല്ലാം ചേർന്ന് മുതിരപ്പുഴയാർ എന്ന പേരിൽ താഴേക്ക് ഒഴുകും. അതിന്റെ കരയിലുള്ള ഗ്രാൻഡിസ് തോട്ടം ആകർഷകമാണ്. കെഎസ്ആർടിസി സ്റ്റേഷൻ അതിനപ്പുറത്താണ്. വണ്ടിനിർത്തി ഗ്രാൻഡിസ് തോട്ടത്തിലൂടെ ഒന്നു നടക്കാം. അട്ടയുണ്ടോ എന്നു നോക്കണം. പുഴയിൽ ഇറങ്ങരുത്. വാഹനം പാർക്ക് ചെയ്യുക വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്.
റൂട്ട് 2 മൂന്നാർ- മറയൂർ-ചിന്നാർ (49 കിമീ ദൂരം)
ചരിത്രത്തിലേക്കു യാത്ര ചെയ്യണോ… മഴനിഴൽക്കാട്ടിൽ താമസിക്കണോ… അഞ്ചുനാട്ടിലെ ചന്ദനത്തോപ്പുകൾക്കിടയിലൂടെഡ്രൈവ് ചെയ്യണോ… മറയൂർ റോഡിലെ കാഴ്ചകൾ ഇവയാണ്.
A) ഇരവിക്കുളം നാഷനൽ പാർക്ക്
ഇരവിക്കുളം ദേശീയോദ്യനത്തിന്റെ കവാടത്തിൽനിന്നു ടിക്കറ്റ് എടുത്ത് വനംവകുപ്പിന്റെ ബസ്സിൽ കയറിയിരുന്നു രാജമലയിലേക്കു പോകാം. രാജമലയിൽവച്ചു വരയാടിൻ കൂട്ടത്തെ കാണാം. ശുദ്ധവായു ശ്വസിച്ച്കുന്നിൻചരിവിലെ റോഡിലൂടെ നടക്കാം. മറ്റെവിടെ പോയില്ലെങ്കിലും രാജമലയിൽ തീർച്ചയായും സന്ദർശിക്കണം.
B) എട്ടാം മൈൽ
എട്ടാം മൈൽ മറയൂർ റൂട്ടിലെ ഉയരമുള്ള ഇടമാണ്. ഇവിടെ വണ്ടിനിർത്തി മഞ്ഞാസ്വദിക്കാം. സായാഹ്നക്കാഴ്ച അതിമനോഹരമാണ്. തൊട്ടടുത്തുള്ള ചോലക്കാട്ടിൽ കരിങ്കുരങ്ങുകളെ ഭാഗ്യമുണ്ടെങ്കിൽ കാണാം. എട്ടാം മൈൽ മുതൽ മറയൂരിലേക്ക് ഇറക്കമാണ്. വീതി കുറഞ്ഞ റോഡാണ്. സൂക്ഷിക്കണം.
C) ലക്കം വെള്ളച്ചാട്ടം
ഇവിടെ ഇറങ്ങി കുളിക്കാം. വനംവകുപ്പ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
C) ചന്ദനത്തോപ്പുകൾ
മറയൂരിലെത്തുമ്പോൾ റോഡിന് ഇരുവശത്തും ചന്ദനക്കാടുകളാണ്. വേലികെട്ടി തിരിച്ച ചന്ദനത്തോപ്പുകളിലൂടെയുള്ള ഡ്രൈവ് മറയൂർ നൽകുന്ന അപൂർവതകളിലൊന്നാണ്. നാച്ചിവയൽ ഫോറസ്റ്റ് സ്റ്റേഷന്റെ മുന്നിൽനിന്നുവലത്തോട്ടു വണ്ടി തിരിച്ചാൽ മാനുകളൊക്കെയുള്ള ചന്ദനത്തോപ്പിലൂടെ യാത്ര ചെയ്തു കരിമ്പു വിളയുന്ന കാർഷികഗ്രാമത്തിലേക്കെത്താം. ശർക്കരശാലകളുടെ പ്രവർത്തനം കണ്ടാസ്വദിക്കാം. പ്രിയപ്പെട്ടവർക്കായി മറയൂർ ശർക്കര വാങ്ങാം. മറയൂരിൽനിന്നു വീര്യമേറിയ വെളുത്തുള്ളിയും വാങ്ങാൻമറക്കരുത്.
D) ആനക്കോട്ടപ്പാറ
മറയൂരിൽനിന്നു കാന്തല്ലൂരിലേക്കുള്ള വഴിയിലാണ് ആനക്കോട്ടപ്പാറ. കമലഹാസന്റെ അൻപേശിവം സിനിമയിലെ ബസ് മറിയുന്ന രംഗം ഷൂട്ട് ചെയ്തത് ഇവിടെയാണ്. മുനിയറകളാണ് ആനക്കോട്ടപ്പാറയുടെ ആകർഷണം.ആയിരക്കണക്കിനുവർഷത്തെ പഴക്കമുണ്ട് ഓരോ മുനിയറകൾക്കും. മുനിയറകൾ കണ്ട് കാന്തല്ലൂരിലെ ആപ്പിൾതോട്ടം കാണാൻ വീണ്ടും മുകളിലോട്ട് വണ്ടിയോടിക്കാം.
കാന്തല്ലൂരിലോ മറയൂരിലോ രാവുറങ്ങാം.
E) ചിന്നാർ
രാവിലെ ചിന്നാർ മഴനിഴൽക്കാടിലേക്കു ഡ്രൈവ് ചെയ്യാം. വരണ്ടിരിക്കുമെങ്കിലും ഭംഗിയുള്ള കാടാണിത്.റോഡ് മലകൾക്കരികിലൂടെ. താഴെപാമ്പാർ ഒഴുകുന്നതു പക്ഷിക്കണ്ണിലൂടെയെന്നവണ്ണം കാണാം. ചിന്നാർ നദിയോരത്തുകൂടി നടക്കാം.കാട്ടിലെ മരവീട്ടിൽ താമസിക്കാം. ചാമ്പൽ മലയണ്ണാനെയും നക്ഷത്ര ആമയെയും ഭാഗ്യമുണ്ടെങ്കിൽ കാണാം.
റൂട്ട് 3 മൂന്നാർ- വട്ടവട (44 km)
മൂന്നാറിനോട് ഏറ്റവും അടുത്തുള്ളതും മനോഹരമായ കാഴ്ചകൾ നൽകുന്നതുമായ സ്ഥലങ്ങളാണ് വട്ടവട റൂട്ടിലുള്ളത്.
A) മാട്ടുപ്പെട്ടി പുൽമേടുകൾ
മാട്ടുപ്പെട്ടി ഡാമിനോടു ചേർന്ന പുൽമേട്ടിൽ ആനകളുടെ സ്വൈരവിഹാരം കാണാം. ഡാമിൽ ഇറങ്ങരുത്.
B) കുണ്ടള ഡാം.
വട്ടവട റൂട്ടിലെ രണ്ടാമത്തെ ജലാശയമാണ് കുണ്ടള. കുണ്ടളയിൽനിന്നു ആനമുടിച്ചോലയിലേക്കു പോകാം. മുൻകൂട്ടി ബുക്ക് ചെയ്താൽ ആനമുടിച്ചോലയിലെ മെത്താപ്പ് എന്ന മരവീട്ടിലും അടുത്തുള്ള മൺവീട്ടിലുംതാമസിക്കാം.സ്വർഗതുല്യമാണ് താമസം.
മീശപ്പുലിമലയിലേക്കുള്ള വഴി തിരിയുന്നതും കുണ്ടളയ്ക്കടുത്തുവച്ചാണ്. കെഎഫ്ഡിസി എന്ന സർക്കാർ ഏജൻസിയുടെ പാക്കേജ് ടൂർ ആണ് മീശപ്പുലിമല.
C) ടോപ് സ്റ്റേഷൻ
വട്ടവടയിലെത്തും മുൻപ് നമുക്ക് തമിഴ്നാടിന്റെ അതിർത്തിയുണ്ട്- അതാണു ടോപ് സ്റ്റേഷൻ. ചായപ്പൊടി താഴേക്ക് ഇറക്കാനുള്ള റോപ് വേ യുടെ ശിഷ്ട കെട്ടിടഭാഗങ്ങൾ ടോപ്സ്റ്റേഷനിൽ കാണാം.
D) പാമ്പാടുംചോല നാഷനൽ പാർക്ക്
അതിസുന്ദരമായ കാട്. നീലഗിരി മാർട്ടെൻ എന്ന അപൂർവ സസ്തനിയെ ഭാഗ്യമുണ്ടെങ്കിൽ കാണാം. കാട്ടുപോത്തുകൾ യഥേഷ്ടം. അവിടെ വനംവകുപ്പിന്റെ താമസസൗകര്യവുമുണ്ട്.
E) വട്ടവട
പാമ്പാടുംചോലയുടെ കാടു കണ്ട് നമ്മൾ വട്ടവടയിലേക്കെത്താം. തട്ടുതട്ടായ കൃഷിയിടങ്ങളും ശീതകാലവിളയിടങ്ങളും ആസ്വദിച്ച് തിരിച്ചുപോരാം. അല്ലെങ്കിൽ അവിടെ താമസിക്കാം. വട്ടവടയ്ക്കു മുകളിൽ പഴത്തോട്ടംഎന്ന സുന്ദരമായ സ്ഥലമുണ്ട്. സമയമുണ്ടെങ്കിൽ പഴത്തോട്ടത്തിലേക്കും ഡ്രൈവ് ചെയ്യാം.
റൂട്ട് 4 മൂന്നാർ- ആനയിറങ്കൽ ഡാം (27km)
ലോകത്തിലെ ഏറ്റവും സുന്ദരമായ സൂര്യോദയം കാണാൻ പറ്റുന്ന റൂട്ടാണിത്.
A) ചൊക്രമുടി
മൂന്നാറിലെ ഉയരം കൂടിയ മലകളിലൊന്ന്. വനംവകുപ്പിന്റെ അനുമതിയുണ്ടെങ്കിൽ ട്രെക്കിങ് നടത്താം.
പാറയുടെ ചെരിവിലൂടെയുള്ള ചെറിയ വഴിയായിരുന്നു ഗ്യാപ് റോഡ്. ഇന്നതു വീതി കൂട്ടിവരുന്നുണ്ട്. മലയിൽകള്ളന്റെ ഗുഹ ഗ്യാപ് റോഡിലെ ആകർഷങ്ങളിലൊന്നാണ്. ഈ ചെറുഗുഹയിൽ നമുക്കു കയറി ചിത്രങ്ങളെടുക്കാം.
B) ആനയിറങ്കൽ ഡാം
ആനകൾ ഇറങ്ങുന്ന ഡാം തന്നെയാണിത്. ബോട്ടിങ് ആസ്വദിക്കാം.
C) കൊളുക്കുമല
കൊളുക്കുമലയിലെ സൂര്യോദയം ഒരിക്കലും മിസ് ചെയ്യരുത്. അതിരാവിലെ സൂര്യനെല്ലിയിലെത്തിയാൽ ട്രിപ് ജീപ്പുകൾ കൊളുക്കുമലയിലേക്കു കൊണ്ടുപോകും.
തികച്ചും ഓഫ്-റോഡ് യാത്രയാണ് കൊളുക്കുമലയിലേക്ക്. എന്തെങ്കിലും അനാരോഗ്യമുള്ളവരോ, ഗർഭിണികളോ യാത്ര ചെയ്യരുത്. കൊളുക്കുമലയിൽ ടെന്റ് താമസസൗകര്യമുണ്ട്. ഏറ്റവും ഉയരത്തിലുള്ള പാരമ്പര്യരീതിയിൽ പ്രവർത്തിക്കുന്ന ഓർഗാനിക് തേയില ഫാക്ടറിയൊന്നു സന്ദർശിക്കാം.
നിങ്ങൾക്ക് ഇഷ്ടപ്പെട്ട റൂട്ട്, താമസിക്കുന്ന സ്ഥലത്തുനിന്ന് എളുപ്പത്തിൽ പോയി കാണാവുന്ന കാഴ്ചകൾ എന്നിവ അനുസരിച്ചു പ്ലാൻ ചെയ്താൽമൂന്നാറിലെ കാഴ്ചകൾ മിസ് ചെയ്യില്ല.
English Summary: Planning a trip to Munnar? Try these scenic routes