കാപ്പിമലയിലെ മഞ്ഞും മലമുകളിലെ വെള്ളച്ചാട്ടവും
Mail This Article
കാടിന്‍റെ ഹൃദയത്തിലെ കുളിരു നുകര്‍ന്ന്, തുള്ളിച്ചാടി താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന്‍റെ കാഴ്ചയൊക്കെ കണ്ട് ഒരു വണ്‍ഡേ ട്രിപ്പ് പോകാന്‍ പറ്റിയ സ്ഥലമാണ് കാപ്പിമല. കണ്ണൂര്‍ ജില്ലയിലാണ് അധികമാര്‍ക്കും അറിയാത്ത ഈ മനോഹരസ്ഥലം ഉള്ളത്. മഞ്ഞുകാലമാകുമ്പോള്‍ പുകപോലെ കോടയിറങ്ങി ചുറ്റുമുള്ള മലനിരകള്‍ കൂടുതല്‍ സുന്ദരമാകും. തളിപ്പറമ്പിൽ നിന്ന് 50 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഈ കൊച്ചുഗ്രാമം ഈയിടെയായി നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്.
മലമുകളിലെ വെള്ളച്ചാട്ടം
കാപ്പിമലയിലെ പ്രധാനകാഴ്ചയാണ് വെള്ളച്ചാട്ടം. ഇത് ആരംഭിക്കുന്ന കൊടുമുടിയിലെത്താൻ ഒരു കിലോമീറ്റർ സഞ്ചരിക്കണം. ജനവാസം കുറവാണെങ്കിലും വഴിയില്‍ അവിടവിടെയായി വീടുകളും കൃഷിത്തോട്ടങ്ങളും കാണാം. വെള്ളച്ചാട്ടത്തിനടുത്തെത്തുന്നതിനു മുന്നെത്തന്നെ ജലം താഴേക്ക് പതിക്കുന്ന ഒച്ച കേള്‍ക്കാം. മുകളിലേക്ക് പോകുന്നത് ചെളിനിറഞ്ഞ ഒരു മണ്‍പാതയിലൂടെയാണ്. ഇരുചക്രവാഹനങ്ങള്‍ മാത്രമേ ഇതിലൂടെ പോവുകയുള്ളൂ. വഴിയില്‍ അവിടവിടെയായി നീര്‍ച്ചോലകളും കാണാം.
പാറക്കെട്ടുകൾ കൊണ്ട് നിർമിച്ച ഒരു കുളം പോലെയാണ് വെള്ളച്ചാട്ടം പതിക്കുന്ന ഇടം. മണ്‍സൂണ്‍ കാലമാകുമ്പോള്‍ വെള്ളത്തിന്‍റെ ശക്തി ഇരട്ടിയാകും. ഈ സമയത്ത് വെള്ളച്ചാട്ടത്തില്‍ ഇറങ്ങുന്നതും കുളിക്കുന്നതുമെല്ലാം ഒഴിവാക്കുന്നതാണ് നല്ലത്.
വെള്ളച്ചാട്ടത്തിനരികെ മനോഹരമായ ഒരു വ്യൂപോയിന്‍റ് ഉണ്ട്. ഇവിടെ നിന്നും നോക്കിയാല്‍ ചുറ്റുമുള്ള കാടിന്റെയും താഴ്‍വരകളുടെയും കാഴ്ചകള്‍ വ്യക്തമായി കാണാം.
പൈതല്‍മലയിലേക്കുള്ള കവാടം
കണ്ണൂരിലെ വളരെ പ്രശസ്തമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് പൈതൽ മല. കടൽ നിരപ്പിൽ നിന്ന് 4500 അടി ഉയരത്തില്‍ പരന്നുകിടക്കുന്ന പൈതല്‍മലയുടെ മുകളില്‍ മനോഹരമായ വനപ്രദേശമാണ്. കണ്ണൂർ ജില്ലാ ആസ്ഥാനത്തു നിന്നും 65 കിലോമീറ്റർ കിഴക്കായി ആണ് ഇത് സ്ഥിതിചെയ്യുന്നത്. കോടമഞ്ഞിറങ്ങുന്ന പുലരികളും സായാഹ്നങ്ങളും പൈതല്‍മലയെ ജനപ്രിയമാക്കുന്നു.
തളിപ്പറമ്പിൽ നിന്നും 44 കിലോമീറ്റർ അകലെയാണ് പൈതൽ മല. 500 വർഷത്തിലേറെ പഴക്കം കണക്കാക്കുന്ന അമ്പലത്തറയും തൂക്കുപാലവും വെള്ളച്ചാട്ടവും കാവല്‍മാടവുമെല്ലാം ഇവിടുത്തെ കാഴ്ചകളില്‍പ്പെടുന്നു. പൈതല്‍മലയിലേക്ക് പോകുംവഴിയിലാണ് കാപ്പിമല. അതുകൊണ്ടുതന്നെ പൈതല്‍മലയുടെ കവാടം എന്നും കാപ്പിമലയെ വിളിക്കാറുണ്ട്.
ഉദയഗിരിയും കാണാം
കുടകു മലനിരകൾ അതിർത്തി പങ്കിടുന്ന മനോഹര ഗ്രാമമാണ് ഉദയഗിരി. തളിപ്പറമ്പില്‍ നിന്നും ഏകദേശം 36 കിലോമീറ്റര്‍ ആണ് ഇവിടേക്കുള്ള ദൂരം. കണ്ണൂരിലെ മറ്റൊരു പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ് ഉദയഗിരി. 1375 മീറ്ററോളം ഉയരമുള്ള ഈ ഹില്‍സ്റ്റേഷനും കാപ്പിമലയ്ക്കടുത്താണ്.
English Summary: Kappimala Waterfalls - Tourist Attraction In Kannur