ADVERTISEMENT

കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമ ഇറങ്ങിയതു മുതൽ, കൊച്ചിക്കടുത്തുള്ള കുമ്പളങ്ങിയെന്ന ചെറിയ തീരദേശ ഗ്രാമം വിനോദസഞ്ചാരികള്‍ക്ക് പ്രിയങ്കരമായി മാറിയിരുന്നു. കേരളത്തിലെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര ഗ്രാമമായ കുമ്പളങ്ങി, കായലുകളും ചീനവലകളും നെൽവയലുകളുമെല്ലാം നിറഞ്ഞ മനോഹരമായ ഒരു ഇടമാണ്. മാത്രമല്ല, സഞ്ചാരികളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നവരാണ് ഇവിടുത്തെ ആളുകള്‍.

കുമ്പളങ്ങിയുടെ ഗ്രാമഭംഗി തേടി നിരവധി പേരാണ് എത്തിച്ചേരുന്നത്. തിരക്കുപിടിച്ച ജീവിതത്തിൽ നിന്നു അവധി ദിവസം കുടുംബവുമൊത്ത് ആഘോഷമാക്കാൻ എത്തുന്നവരും കുറവല്ല. കേരളത്തിലെ ആദ്യ മാതൃകാ വിനോദസഞ്ചാര ഗ്രാമമായ കുമ്പളങ്ങി ഒറ്റ കാഴ്ചയില്‍ തന്നെ ആരെയും ആകർഷണ വലയത്തിലാക്കും.

kumbalangi-village-tourism2

കുമ്പളങ്ങി നൈറ്റ്‌സില്‍ ഒരു രംഗമുണ്ട്. നീലനിറത്തില്‍ തിളങ്ങുന്ന കായലിലൂടെ തോണി തുഴഞ്ഞുപോകുന്ന ബോണിയും നൈലയും, സിനിമയുടെ ഹൈലൈറ്റുകളിൽ ഒന്നായിരുന്നു ഈ രംഗം. സീ സ്പാർക്കിൾ അഥവാ ബയോലുമിനെസെൻസ് എന്നറിയപ്പെടുന്ന പ്രകൃതി പ്രതിഭാസമാണ് ഈ ദൃശ്യത്തില്‍ ചിത്രീകരിച്ചത്.

സിനിമ പുറത്തിറങ്ങി നാല് വർഷം പിന്നിട്ടിട്ടും ബിഗ് സ്‌ക്രീനിൽ ആ കാഴ്ച കണ്ടവർ ഇന്നും ആ രംഗം ഓർക്കുന്നു. പ്രാദേശിക ഭാഷയിൽ 'കവരു' എന്ന് വിളിക്കപ്പെടുന്ന, ഈ പ്രതിഭാസം, കുമ്പളങ്ങിയിലെ കായലിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഈ നീല വെളിച്ചം കണ്ടാസ്വദിക്കാന്‍ ഒട്ടേറെപ്പേര്‍ എത്തുന്നുണ്ട്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കൊച്ചിയില്‍ കടലിനോട് ചേർന്നുള്ള കായല്‍ ഭാഗങ്ങളില്‍ ഈ തിളക്കം കാണാം. നിലാവുള്ള രാത്രികളിൽ ഈ കാഴ്ച കൂടുതൽ ആകർഷകമാണ്. ഇളംകാറ്റില്‍ ഓളങ്ങള്‍ ഇളകുമ്പോള്‍ ഈ കാഴ്ച കൂടുതല്‍ വ്യക്തവും മനോഹരവുമാകും.

kumbalangi-village-tourism

തെക്ക് പടിഞ്ഞാറൻ മേഖലയായ കുമ്പളങ്ങി, കല്ലഞ്ചേരി, ആഞ്ഞിലിത്തറ, അട്ടത്തടം, കുളക്കടവ് എന്നിവിടങ്ങളിലാണ് ഇത് സാധാരണയായി കാണുന്നത്. ചില ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഈ കാഴ്ച കൂടുതൽ ആകർഷകമായിരിക്കും. കണ്ടാസ്വദിക്കാന്‍ അടിപൊളിയാണെങ്കിലും മൽസ്യത്തൊഴിലാളികൾക്ക് ഈ കാഴ്ച അത്ര പ്രിയപ്പെട്ടതല്ല. കായലുകളില്‍ നീലവെളിച്ചം പ്രത്യക്ഷപ്പെടുമ്പോള്‍ ഈ ഭാഗങ്ങളില്‍ നിന്നു മീനുകള്‍ മറ്റു ഭാഗങ്ങളിലേക്ക് പോകും. അതിനാല്‍ ഇത്തരം സമയങ്ങളില്‍ വലയില്‍ മീന്‍ കുടുങ്ങുന്നത് കുറവാണ്.

ബാക്ടീരിയ, ഫംഗസ്, ആൽഗകൾ തുടങ്ങിയ സൂക്ഷ്മജീവികളാണ് ബയോല്യൂമിനസെന്‍സ് എന്ന ഈ പ്രകൃതി പ്രതിഭാസത്തിന് പിന്നില്‍. ഒരേസമയം ആയിരക്കണക്കിന് മിന്നാമിന്നികള്‍ പറന്നുനടക്കുന്നതു പോലെയാണ് ഇത് കാഴ്ചക്കാര്‍ക്ക് അനുഭവപ്പെടുക. ഇണകളെ ആകർഷിക്കുന്നതിനും വേട്ടക്കാരിൽ നിന്ന് രക്ഷപ്പെടുന്നതിനുമായാണ് സൂക്ഷ്മാണുക്കൾ ഈ പ്രകാശം പുറപ്പെടുവിക്കുന്നത്. കടലിനോട് ചേർന്നുള്ള കായലുകളിൽ ബയോലുമിനെസെൻസ് കൂടുതലായി കാണുന്നു. കായലുകളിലെ ലവണാംശവും വിസ്കോസിറ്റിയും വർദ്ധിക്കുന്നതിനാൽ വേനൽക്കാലത്ത് ഈ പ്രതിഭാസം കൂടുതൽ പ്രകടമാകും. ലവണാംശം കൂടുന്നതിനനുസരിച്ച് തെളിച്ചം കൂടും. മഴക്കാലത്ത് ബയോലുമിനെസെൻസ് വളരെ അപൂർവമായി മാത്രമേ കാണപ്പെടുന്നുള്ളൂ.

2020–ലും കുമ്പളങ്ങിയിൽ ബയോല്യൂമിനസെൻസ് കണ്ടിരുന്നു. ചെന്നൈയിലെ തിരുവാൻമിയൂർ ബീച്ചും 2019ൽ അദ്ഭുതകരമായ ഈ പ്രകൃതി പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ചു. കൂടാതെ, മുംബൈയിലെ ജുഹു ബീച്ച്, ലക്ഷദ്വീപിലെ ബംഗാരം ദ്വീപ്, ഗോവയിലെ ബെതൽബാറ്റിം ബീച്ച്, കർണാടകയിലെ മാട്ടു-പടുകെരെ ബീച്ചുകൾ, ആൻഡമാനിലെ ഹാവ്‌ലോക്ക് ദ്വീപ് എന്നിവിടങ്ങളിലും ഈ കാഴ്ച കാണാറുണ്ട്‌.

വായിൽ കപ്പലോടും രുചി

കുടുംപുളിയിട്ട് വറ്റിച്ച കായൽ മീൻകറിയും കരിമീൻ പൊള്ളിച്ചതും ചെമ്മീൻ ഉലർത്തിയതും കപ്പയും എല്ലാം കിട്ടുന്ന നാടൻ ഭക്ഷണശാലകൾ കുമ്പളങ്ങിയിലുണ്ട്. പ്രകൃതിയുടെ തനതു കാഴ്ച ആസ്വദിച്ച് കൊണ്ട് വയറുനിറയെ രുചിയൂറും വിഭവങ്ങൾ ആസ്വദിക്കാം. ചുറ്റുമുള്ള കായൽഭംഗി കൺനിറയെ കണ്ട് രുചികരമായ നാടൻ ഭക്ഷണം ആസ്വദിക്കാന്‍ അവസരമൊരുക്കുന്ന നിരവധി ‘ഹോം സ്റ്റേകളുമുണ്ട്.

English Summary: Kumbalangi Kavaru witness Bioluminescence Sea Sparkle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com