ADVERTISEMENT

കിഴക്കിന്റെ വെനീസ് എന്നു പേരെടുത്തതു കൊണ്ടുതന്നെ ആലപ്പുഴയെന്നാൽ കടലും കായലുമാണെന്ന തോന്നലുണ്ട് പലർക്കും. കുട്ടനാടിനെ രുചിച്ച് ഹൗസ് ബോട്ടുകളിലും ശിക്കാര വള്ളങ്ങളിലും കറങ്ങി, കായലിന്റെ ഭംഗി ആസ്വദിച്ചു മടങ്ങുന്നവരാണ് വിനോദസഞ്ചാരികളിൽ കൂടുതൽ പേരും. എന്നാൽ, ഇതിനുമപ്പുറത്തേക്ക് ചെറുതും വലുതുമായ ഒട്ടേറെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ആലപ്പുഴയ്ക്കു സ്വന്തമായുണ്ട്. അത്തരത്തിൽ ജില്ലയുടെ ഒരറ്റത്തു നിന്നു തുടങ്ങി ഒരു ദിവസംകൊണ്ട് ആലപ്പുഴയിൽ കണ്ടുതീർക്കാവുന്ന ചില വിനോദസഞ്ചാരകേന്ദ്രങ്ങളിലൂടെ ഒരു യാത്ര...

∙ കൃഷ്ണപുരം കൊട്ടാരം

കൊല്ലം – ആലപ്പുഴ ജില്ലാ അതിർത്തിയിൽ നിന്ന് യാത്ര തുടങ്ങാം. അതിർത്തിയോടു ചേർന്ന് തിരുവനന്തപുരം – കായംകുളം ദേശീയപാതയിൽ കൃഷ്ണപുരത്താണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂറിന്റെ ആസ്ഥാനമായിരുന്ന പത്മനാഭപുരം കൊട്ടാരത്തിന്റെ ഒരു ഹ്രസ്വരൂപം എന്ന നിലയിൽ, തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന മാർത്താണ്ഡവർമയുടെ കാലത്ത് (1729–58) കായംകുളം രാജാവിൽനിന്നു പിടിച്ചെടുത്ത കോട്ടകൾ ഇടിച്ചുനിരത്തി പണികഴിപ്പിച്ച കൊട്ടാരം. പിൽക്കാലത്ത് അയ്യപ്പൻ മാർത്താണ്ഡപിള്ള പുതുക്കിപ്പണിതു. കേരളത്തിൽ കണ്ടെത്തിയിട്ടുള്ള ഏറ്റവും വലിയ ഒറ്റപ്പാനൽ ചുവർചിത്രമായ ഗജേന്ദ്രമോക്ഷമാണ് ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത. ഇതിനു പുറമേ, പ്രാചീന ശിൽപങ്ങൾ, നാണയങ്ങൾ, ആയുധങ്ങൾ തുടങ്ങി ഒട്ടേറെ പുരാവസ്തുക്കളുടെ ശേഖരവും ഇവിടെ പ്രദർശനത്തിനൊരുക്കിയിട്ടുണ്ട്.

എങ്ങനെ എത്താം

തിരുവനന്തപുരത്തുനിന്നു വരുമ്പോൾ ദേശീയപാതയിൽ ഓച്ചിറ കഴിഞ്ഞ് കൃഷ്ണപുരം ജംക്‌ഷനിൽനിന്ന് ഇടത്തോട്ട് 300 മീറ്റർ വന്നാൽ കൊട്ടാരത്തിലെത്താം.

എൻട്രി ഫീസ്

മുതിർന്നവർക്ക് 25 രൂപയും കുട്ടികൾക്ക് 5 രൂപയുമാണ് ഫീസ്. രാവിലെ 9 മുതൽ 1 വരെയും ഉച്ചയ്ക്ക് 2 മുതൽ 4.30 വരെയുമാണ് പ്രവേശനം. തിങ്കൾ അവധി.

Alappuzha2

∙ കുമാരകോടി

മലയാളത്തിന്റെ മഹാകവി കുമാരനാശാൻ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമാണു കുമാരകോടി. 1924 ജനുവരി 16ന് ഇവിടെ പല്ലനയാറ്റിലുണ്ടായ ബോട്ടപകടത്തിലാണ് ആശാൻ മരിക്കുന്നത്. അദ്ദേഹത്തിന്റെ സ്മരണാർഥം ഈ സ്ഥലത്തിനു കുമാരകോടി എന്നു പേരുനൽകുകയും അവിടെ ആശാന്റെ പ്രതിമ നിർമിക്കുകയും ശേഷിപ്പുകൾ ബോട്ടിന്റെ മാതൃകയിൽ തീർത്ത സ്മൃതിമണ്ഡപത്തിൽ സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്. കുമാരകോടി ദർശിക്കാൻ പ്രത്യേക ഫീസില്ല.

എങ്ങനെ എത്താം

കൃഷ്ണപുരത്തു നിന്നു വരുമ്പോൾ തിരുവനന്തപുരം– ആലപ്പുഴ ദേശീയപാതയിൽ കരുവാറ്റ ജംക്‌ഷനിൽനിന്ന് ഇടത്തോട്ട് ഏതാണ്ട് 5 കിലോമീറ്റർ വന്നാൽ കുമാരകോടിയിൽ എത്താം. തോട്ടപ്പള്ളി– പല്ലന വഴിയും കുമാരകോടിയിലേക്ക് എത്താം.

∙ തോട്ടപ്പള്ളി ബീച്ച്

കുമാരകോടിയിൽനിന്ന് അടുത്ത സ്ഥലത്തേക്കു പോകുംമുൻപ് അൽപം വിശ്രമിക്കണമെന്നുണ്ടെങ്കിൽ തോട്ടപ്പള്ളി ബീച്ചിലേക്കു വരാം. വേമ്പനാട്ടുകായലിലെയും പമ്പ, അച്ചൻകോവിലാറ്റിലെയും വെള്ളം ലീഡിങ് ചാനൽ വഴി വന്ന് സ്പിൽവേ കനാൽ വഴി തോട്ടപ്പള്ളി പൊഴിയിലൂടെ അറബിക്കടലിലേക്കു പതിക്കുന്ന ഭാഗമാണ് തോട്ടപ്പള്ളി ബീച്ച്. ബീച്ചിനോടു ചേർന്ന് സഞ്ചാരികൾക്കു വിശ്രമിക്കാനായി ഒരു പാർക്കും ഒരുക്കിയിട്ടുണ്ട്.

Alappuzha1

എങ്ങനെ എത്താം

കുമാരകോടിയിൽ നിന്ന് തീരദേശ റോഡ് വഴി 2 കിലോമീറ്റർ സഞ്ചരിച്ചാൽ തോട്ടപ്പള്ളി ബീച്ചിലെത്താം.

∙ കരുമാടിക്കുട്ടൻ മണ്ഡപം

അമ്പലപ്പുഴ കരുമാടി പാടശേഖരത്തിൽനിന്നു കിട്ടിയ ബുദ്ധവിഗ്രഹമാണ് കരുമാടിക്കുട്ടൻ എന്ന പേരിൽ അറിയപ്പെടുന്നത്. ദേശീയ ജലപാതയുടെ അരികിലെ കരുമാടിക്കുട്ടൻ മണ്ഡപത്തിൽ സൂക്ഷിച്ചിരിക്കുന്ന വിഗ്രഹം പുരാവസ്തു വകുപ്പ് ഏറ്റെടുത്തത് 1965 ഏപ്രിൽ 12നാണ്. 11ാം നൂറ്റാണ്ടിലാണ് ഈ ബുദ്ധവിഗ്രഹം സ്ഥാപിച്ചതെന്നു കരുതപ്പെടുന്നു. 1965ൽ ബുദ്ധമത ആചാര്യൻ ദലൈ ലാമ ഇവിടം സന്ദർശിച്ചിട്ടുണ്ട്.

എങ്ങനെ എത്താം

തോട്ടപ്പള്ളിയിൽനിന്നു ദേശീയപാതയിലേക്കു കയറി, അമ്പലപ്പുഴ ജംക്‌ഷനിൽനിന്ന് തിരുവല്ല സംസ്ഥാനപാതയിലേക്ക് 5 കിലോമീറ്റർ ദൂരം വന്നാൽ കരുമാടിക്കുട്ടൻ മണ്ഡപത്തിൽ എത്തിച്ചേരാം.

∙ തകഴി മ്യൂസിയം

ഇതിഹാസ സാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ളയുടെ ഓർമകൾ ഉറങ്ങുന്ന വീടാണ് തകഴി മ്യൂസിയമായി സംരക്ഷിച്ചിരിക്കുന്നത്. മ്യൂസിയം കോംപൗണ്ടിലാണ് തകഴി അന്ത്യവിശ്രമം കൊള്ളുന്നത്. അദ്ദേഹം ഉപയോഗിച്ചിരുന്ന വസ്തുക്കൾ, അദ്ദേഹത്തിന്റെ കൃതികൾ തുടങ്ങിയവ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. 2001ലാണ് ഈ വീട് സർക്കാർ ഏറ്റെടുത്ത് തകഴി മ്യൂസിയമാക്കി മാറ്റിയത്. തിങ്കളാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും രാവിലെ 9.30 മുതൽ 1 മണിവരെയും ഉച്ചയ്ക്ക് 2 മണി മുതൽ 4.30വരെയുമാണ് സന്ദർശന സമയം.

എങ്ങനെ എത്താം

കരുമാടിക്കുട്ടൻ മണ്ഡപത്തിൽനിന്നു തിരുവല്ല സംസ്ഥാനപാതയിലൂടെ 3 കിലോമീറ്റർ കൂടി മുന്നോട്ടുപോയാൽ തകഴി റെയിൽവേ ക്രോസിനു സമീപം വലതുവശത്തായി തകഴി മ്യൂസിയം കാണാം.

∙ ആലപ്പുഴ ബീച്ച്

ആലപ്പുഴ ടൗണിനോടു ചേർന്നു സ്ഥിതി ചെയ്യുന്ന ആലപ്പുഴ ബീച്ച്, ജില്ലയിലെത്തുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. ബീച്ചിനു സമീപമാണ് ആലപ്പുഴ ലൈറ്റ് ഹൗസും അഡ്വഞ്ചർ പാർക്കും. വൈകിട്ടു 4 മണിയോടെ ബീച്ചിലെത്തിയാൽ ബീച്ചിനൊപ്പം ഈ രണ്ടു സ്ഥലങ്ങളും കണ്ടുമടങ്ങാം.

എങ്ങനെ എത്താം

തകഴിയിൽ നിന്ന് തിരിച്ച് അമ്പലപ്പുഴ ജംക്‌ഷനിലെത്തി, അവിടെനിന്നു ദേശീയപാതയിലേക്കു കയറി എറണാകുളം ഭാഗത്തേക്കു വരുമ്പോൾ ആലപ്പുഴ ജനറൽ ആശുപത്രി ജംക്‌ഷനിൽനിന്ന് ഇടത്തേക്ക് 3 കിലോമീറ്റർ വന്നാൽ ബീച്ചിലെത്തും. ആലപ്പുഴ ബൈപാസിനു താഴെയുള്ള റോഡ് വഴിയും ബീച്ചിലേക്ക് വരാം.

ലൈറ്റ് ഹൗസ്– രാവിലെ 9 മുതൽ 11.45 വരെയും ഉച്ചയ്ക്ക് 2 മുതൽ 5.30 വരെയുമാണ് പ്രവേശനം. മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് പ്രവേശന നിരക്ക്. തിങ്കൾ അവധി.

Alappuzha3

സീ വ്യു അഡ്വഞ്ചർ പാർക്ക്– വിവിധ സാഹസികവിനോദങ്ങളും ബോട്ടിങ്ങുമാണ് സീവ്യു അഡ്വഞ്ചർ പാർക്കിലെ പ്രധാന ആകർഷണങ്ങൾ. തിങ്കൾ മുതൽ വെള്ളിവരെ 20 രൂപയാണു പ്രവേശന നിരക്ക്. ശനി, ഞായർ ദിവസങ്ങളിൽ 30 രൂപയും. രാവിലെ 9 മുതൽ രാത്രി 9 വരെയാണ് പ്രവേശനം. വിവിധ റൈഡുകൾക്കുള്ള നിരക്ക് 250 രൂപ മുതൽ ആരംഭിക്കുന്നു.

∙ മാരാരി ബീച്ച്

ജില്ലയിൽ ഏറ്റവുമധികം വിദേശികൾ എത്തിച്ചേരുന്ന ബീച്ചുകളിൽ ഒന്നാണ് മാരാരി ബീച്ച്. ഒരു ദിവസത്തെ ‘കറക്കത്തിനായി’ ആലപ്പുഴയിൽ എത്തുന്നവർക്ക് മാരാരി ബീച്ചിൽനിന്ന് അസ്തമയം കണ്ട് തങ്ങളുടെ യാത്ര അവസാനിപ്പിക്കാം. ആലപ്പുഴ–എറണാകുളം ദേശീയപാതയിൽ കളിത്തട്ട് ജംക്‌ഷനിൽനിന്ന് ഇടത്തോട്ട് 3 കിലോമീറ്റർ വന്നാൽ മരാരി ബീച്ചിൽ എത്താം.

English Summary: Best Alleppey tourist place

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com