ഇതാണ് മലബാറിന്റെ ഉൗട്ടിയും തേക്കടിയും; പുഴയും പൈന്‍ മരങ്ങളും നിറഞ്ഞ നാട്
Mail This Article
കോഴിക്കോട് എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിൽ നിറയുന്നത് ഹൽവയും ബിരിയാണിയും രുചിനിറച്ച മറ്റു വിഭവങ്ങളുമാണ്. ടൂറിസ്റ്റ് സ്പോട്ടാണ് തിരയുന്നതെങ്കിൽ ബീച്ച് മാത്രമല്ല അടിപൊളി സ്ഥലങ്ങൾ വേറെയുമുണ്ട്. പച്ചവിരിച്ച ചോലകളും മൂടൽ മഞ്ഞു പെയ്യുന്ന ഉയരങ്ങളും തേടുന്ന യാത്രികർക്ക് കരിയാത്തുംപാറ മികച്ച ചോയ്സായിരിക്കും. കോഴിക്കോട്ടെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കക്കയത്തിന് അടുത്താണ് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കരിയാത്തുംപാറ. മലബാറിന്റെ തേക്കടി, മലബാറിന്റെ ഊട്ടി എന്നെല്ലാം വിളിക്കാറുണ്ട്.
നഗരത്തിലെ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞ് ഒഴിവ് ദിനങ്ങള്‍ ആസ്വദിക്കാനും ചൂണ്ടയിടാനും ഉള്‍പ്പെടെ നിരവധി കാര്യങ്ങളാണ് വിനോദസഞ്ചാരികള്‍ക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്. ദിവസവും നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടം തേടിയെത്തുന്നത്. അവധി ദിവസമാണെങ്കിൽ എണ്ണം കൂടും. കൂറ്റൻ പാറക്കെട്ടുകളും അതിനിടയിലൂടെ കുത്തിയൊഴുകുന്ന ചെറിയ വെള്ളച്ചാട്ടവുമാണ് കരിയാത്തുംപാറയിലെ ആദ്യ ആകർഷണം. ആഴമില്ലാത്ത, ഇറങ്ങിക്കുളിക്കാവുന്ന വെള്ളച്ചാട്ടത്തിൽ നീന്തി രസിക്കുന്ന സഞ്ചാരികളുമുണ്ട്. ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ പുഴയും പൈന്‍ മരങ്ങളും മാനം മുട്ടുന്ന മലകളും ആണ് കരിയാത്തുംപാറയുടെ ഭംഗി കൂട്ടുന്നത്.
വയനാടിനോട് അതിർത്തിപങ്കിടുന്ന കൂറ്റൻ മലനിരകളാണ് ചുറ്റിലും. വഴി പിന്നെയും പിന്നിട്ടു. ആരോ നട്ടുപിടിപ്പിച്ച പോലെ പുല്ലുനിറഞ്ഞ പ്രദേശം, അതിനിടയിലൂടെ ഒഴുകുന്ന അരുവി. ഇരുകരയിലുമായി വെള്ളത്തിലേക്കു മുഖം നോക്കുന്ന അക്വേഷ്യമരങ്ങൾ. കരിയാത്തുംപാറയെ കോഴിക്കോട് നിന്ന് ബാലുശ്ശേരിയെത്തി അവിടെ നിന്ന് 12 കിലോമീറ്റർ അകലെയുള്ള വയലടയും കടന്ന് തലയാട്, മണിചേരിമല റോഡു വഴി 14 കിലോമീറ്റർ ദൂരമുണ്ട് കരിയാത്തുംപാറയ്ക്ക്.വയനാട് ഭാഗത്ത് നിന്ന് വരുന്നവര്‍ക്ക് പൂനൂര്‍എസ്റ്റേറ്റ്മുക്ക് വഴിയും ഇവിടെയെത്താം.
English Summary: Visit Kariyathumpara in Kozhikode