ADVERTISEMENT

സെക്കന്‍റ് ഷോ എന്ന സിനിമയിലൂടെ ദുല്‍ഖര്‍ സല്‍മാന്‍റെ നായികയായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ഗൗതമി നായര്‍. പിന്നീട് ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്‌ലസ് എന്ന സിനിമയിലും ശ്രദ്ധേയമായ വേഷം ചെയ്തു. പിന്നീട് അധികം സിനിമകളിലൊന്നും കണ്ടില്ലെങ്കിലും, സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. വയനാട്ടിലെ റിസോര്‍ട്ടില്‍ നിന്നും എടുത്ത ചിത്രങ്ങള്‍ ഗൗതമി ഈയിടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.

മനോഹരമായ പൂളില്‍ ഇറങ്ങി നില്‍ക്കുന്ന നടിയെ വിഡിയോയില്‍ കാണാം. വെള്ളത്തിനു മുകളില്‍ ഹൃദയാകൃതിയിലുള്ള ഒരു ബാസ്ക്കറ്റില്‍ പഴങ്ങളും മറ്റും വച്ചിരിക്കുന്നതും കാണാം. വയനാട്ടിലെ മോരിക്കാപ്പ് റിസോര്‍ട്ടില്‍ നിന്നാണ് ഈ വിഡിയോ എടുത്തിട്ടുള്ളത്. ചുറ്റുമുള്ള ഹരിത മനോഹരമായ ഭൂപ്രദേശവും ഈ വിഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്.

gauthami-nair-wayanad
Gauthami Nair. Image Credit: gauthami.nair/instagram

വയനാട്ടിലെ വൈത്തിരിയില്‍ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ബോട്ടിക് ഫാമിലി ഹോളിഡേ റിസോർട്ടാണ് മോരിക്കാപ്പ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3,500 അടി ഉയരത്തിലാണ്  റിസോര്‍ട്ട് ഉള്ളത്. മൂടല്‍ മഞ്ഞണിഞ്ഞ പശ്ചിമഘട്ടത്തിന്‍റെ സുന്ദരമായ ദൃശ്യങ്ങളും പക്ഷികളുടെ സംഗീതവും നിറഞ്ഞ പുലരികളും സാഹസിക വിനോദങ്ങളുമെല്ലാമായി ഒരു ഫുള്‍ പാക്കേജാണ് താമസക്കാര്‍ക്കായി ഇവിടെ ഒരുക്കിയിട്ടുള്ളത്. ബെംഗളൂരു, മൈസൂർ എന്നിവിടങ്ങളിൽ നിന്നുള്ളവര്‍ക്കും ഇവിടേക്ക് എളുപ്പത്തിൽ ഡ്രൈവ് ചെയ്തെത്താം.

സ്റ്റുഡിയോ റൂം, സ്യൂട്ട്, പ്രീമിയം വില്ല, ജക്കൂസി വില്ല, പൂള്‍ വില്ല എന്നിങ്ങനെ വ്യത്യസ്ത തരം താമസ സൗകര്യങ്ങള്‍ ഇവിടെ ഉണ്ട്.  3250 ചതുരശ്ര അടി വിസ്തീർണമുള്ള പൂള്‍ ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളില്‍പ്പെടുന്നു. മോക്ക്ടെയിലുകളും രുചികരമായ ലഘുഭക്ഷണങ്ങളും ആസ്വദിച്ച് പൂളില്‍ നീരാടാം.

ഔട്ട്‌ഡോർ വിനോദങ്ങളും ഇൻഡോർ ഗെയിമുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ബാഡ്മിന്റൺ, വോളിബോൾ, ബാസ്കറ്റ്ബോൾ തുടങ്ങിയവയ്ക്കുള്ള സൗകര്യമുണ്ട്. കുടുംബത്തോടൊപ്പം വരുന്നവര്‍ക്ക് കാർഡ് ഗെയിമുകൾ, ബോർഡ് ഗെയിമുകൾ, ടേബിൾ ടെന്നീസ് തുടങ്ങിയവ പരീക്ഷിക്കാം.

വര്‍ഷത്തില്‍ മിക്കവാറും എല്ലാ സമയത്തും നല്ല തണുപ്പുള്ള സ്ഥലമാണ് വയനാട്ടിലെ വൈത്തിരി. എന്നിരുന്നാലും ഒക്‌ടോബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. നീലഗിരി മലനിരകളിലായി ഇടതൂർന്ന മഴക്കാടുകൾക്കിടയില്‍ സ്ഥിതിചെയ്യുന്ന വൈത്തിരിയില്‍ കാണാനും ഒട്ടേറെ കാഴ്ചകളുണ്ട്. ഇവിടെ നിന്നും കാട്ടിനുള്ളിലേക്ക് ട്രെക്കിങ് നടത്താനുള്ള ഒട്ടേറെ പാക്കേജുകള്‍ ഉണ്ട്. 

വയനാട്ടിലേക്ക് മലനിരകൾക്കിടയിലൂടെയുള്ള റോഡ് നിർമ്മിക്കാൻ ബ്രിട്ടീഷുകാര്‍ക്ക് വഴി കാട്ടിക്കൊടുത്ത്, ഒടുവില്‍ അവര്‍ തന്നെ കൊന്ന കരിന്തണ്ടന്‍ എന്ന ആദിവാസി യുവാവിന്‍റെ ആത്മാവിനെ തളച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ചങ്ങലമരം, വൈത്തിരി താലൂക്കിലെ ലക്കിടി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ഇതുവഴി കടന്നുപോകുന്ന യാത്രികര്‍ സുരക്ഷിതമായ യാത്രയ്ക്ക് വേണ്ടി, കോഴിക്കോട്-കൊല്ലെഗൽ ദേശീയപാതയിൽ സ്ഥിതിചെയ്യുന്ന ഈ ചങ്ങലമരത്തിനടുത്ത് ഇറങ്ങി പ്രാര്‍ഥിക്കാറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com