വട്ടവട, തണുപ്പിന്റെ കാര്യത്തിൽ മൂന്നാറിനെ തോൽപ്പിക്കും
Mail This Article
കേരളത്തിന്റെ പശ്ചിമഘട്ടത്തിലെ പച്ചപുതച്ച താഴ്‌വരകളിൽ സ്ഥിതി ചെയ്യുന്ന ശാന്ത സുന്ദര ഗ്രാമമാണ് വട്ടവട. പ്രശാന്തമായ ഭൂപ്രകൃതിക്കപ്പുറം, തനതായ കൃഷിരീതികൾക്കു പേരുകേട്ട നാട്. അപൂർവമായ സസ്യജന്തുജാലങ്ങൾ ഇവിടുണ്ട്. പ്രകൃതി സ്‌നേഹികളുടെയും സഞ്ചാരികളുടെയും സങ്കേതമാണ്. മൂന്നാറിലെത്തുന്നവരിൽ ഭൂരിഭാഗവും സന്ദർശിക്കുന്നൊ രിടമാണ് വട്ടവട. അതിസുന്ദരമായ പ്രകൃതിയുടെ മായിക കാഴ്ചകളുമായാണ് മൂന്നാർ അതിഥിതികളെ സ്വീകരിക്കുന്നതെങ്കിൽ വിവിധ നിറത്തിലുള്ള പച്ചക്കറികളും പഴങ്ങളുമാണ് വട്ടവടയിലെത്തുന്നവരുടെ മനസ്സ് നിറയ്ക്കുന്നത്. മൂന്നാറിൽ നിന്നും നാൽപ്പത്തിയഞ്ച് കിലോമീറ്റർ കൂടി യാത്ര ചെയ്താൽ വട്ടവടയെത്താം. മൂന്ഇന ഇവിടെ എത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് മഞ്ഞ് കണ്ടുള്ള അടിപൊളി താമസയിടങ്ങളാണ്. തണുപ്പറിഞ്ഞു താമസിക്കുവാൻ ഒട്ടേറെ ഇടങ്ങൾ ഇവിടെയുണ്ട്.
പച്ചക്കറി തോട്ടങ്ങളാണ് വട്ടവടയിലെ പ്രധാന ആകർഷണം. തമിഴ്നാടിനോടു ചേർന്നാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ദൂരകാഴ്ചയിൽ തന്നെ വട്ടവട നമ്മുടെ ഹൃദയം കീഴടക്കും. തട്ടുകളായുള്ള കൃഷിത്തോട്ടങ്ങൾക്കു പല വർണങ്ങളാണ്. ഏതോ ചിത്രകാരന്റെ കാൻവാസിൽ പകർത്തിയ മനോഹരമായ ഒരു ഭൂമികയുടെ ചിത്രമാണോ ഇതെന്ന തോന്നൽ സന്ദർശകരിലുണ്ടായാൽ തെറ്റുപറയാൻ കഴിയില്ല
യൂക്കാലിപ്‌റ്റസും പൈൻ മരക്കാടുകളും ധാരാളമുള്ള ഈ ഭൂമിയെ പച്ചപ്പിന്റെ സ്വർഗമെന്നു തന്നെ വിശേഷിപ്പിക്കാം. ഓരോ സീസൺ അനുസരിച്ചുള്ള പച്ചക്കറികളും പഴങ്ങളും ഓരോ കൃഷിയിടത്തിലും വിളഞ്ഞു നിൽക്കുന്നതു കാണാം. മൂന്നു സീസൺ ആയാണ് ഇവിടെ പച്ചക്കറികൾ കൃഷി ചെയ്യുന്നത്. തമിഴും മലയാളവും ഇടകലർത്തി സംസാരിക്കുന്ന ഒരു ഗോത്രജനതയാണ് വട്ടവടയിലെ തദ്ദേശീയർ. ഏറെ വ്യത്യസ്തമായ ആചാരങ്ങളും കലാരൂപങ്ങളും നാട്ടുവൈദ്യവും ജീവിത രീതിയുമൊക്കെയാണ് ഇവർ പിന്തുടർന്നു പോരുന്നത്. പ്രകൃതിയുടെ ഭംഗി ആസ്വദിച്ചു കൊണ്ടു ഈ ഭൂമിയിലൂടെ ഒന്നിറങ്ങി നടന്നാൽ ക്യാരറ്റും കാബേജും ബീൻസും തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും പഴങ്ങളും വിളഞ്ഞു നിൽക്കുന്നത് കൺകുളിർക്കെ കാണുകയും ചെയ്യാം. ഇവിടെ നിന്നും പാമ്പാടും ഷോല ദേശീയോദ്യാനം 13 കിലോമീറ്റർ അകലെയാണ്.
മനസ്സു നിറഞ്ഞയായിരിക്കും ഓരോ സഞ്ചാരിയും വട്ടവടയിൽ നിന്നും മടങ്ങാറ്, കാരണം പറഞ്ഞറിയിക്കാൻ കഴിയാത്തത്രയും സൗന്ദര്യമുണ്ട് ഈ നാടിന്. സുഖകരമായ കാലാവസ്ഥയും മനോഹരമായ പ്രകൃതിയും കാണാനുള്ള ഒരു യാത്രയ്ക്കാണ് തയാറെടുക്കുന്നതെങ്കിൽ വട്ടവട ഒരിക്കലും ആരെയും നിരാശരാക്കില്ല.